ചെറുവത്തൂർ: അപകടം തുടർക്കഥയായ മയ്യിച്ചയിൽ വീണ്ടും ലോറി മറിഞ്ഞു. കാര്യങ്കോട് പാലത്തിന് സമീപം ദേശീയപാതയിൽനിന്ന് പടിഞ്ഞാറുഭാഗത്തെ വെള്ളക്കെട്ടിലേക്കാണ് ലോറി മറിഞ്ഞത്. ചൊവ്വാഴ്ച രാവിലെ അഞ്ചുമണിയോടെയായിരന്നു അപകടം. സാരമായി പരിക്കേറ്റ ലോറി ഡ്രൈവർ തൃശ്ശൂർ സ്വദേശി അനികുമാറി(45)നെ നീലേശ്വരം തേജസ്വിനി ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.

കൊല്ലം ചിറയിൻകീഴിൽനിന്ന് ഇളമ്പക്ക കയറ്റി കുന്താപുരത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.

എച്ച്‌.ടി. വൈദ്യുതിലൈൻ കടന്നുപോകുന്ന തൂണിനോട് ചേർന്നാണ് ലോറി മറിഞ്ഞത്. തൊട്ടടുത്ത് കാര്യങ്കോട് പുഴയും. തലനാരിഴയ്ക്കാണ് ദുരന്തം ഒഴിവായത്.