കാഞ്ഞങ്ങാട്: ഹിന്ദുമതത്തിൽപ്പെട്ട ഒരാൾക്ക് എന്തൊക്കെ അവകാശങ്ങളുണ്ടോ സമാനമായ അവകാശങ്ങൾ ഇതര മതക്കാർക്കുമുണ്ടെന്നും ആരെങ്കിലും തെറ്റിദ്ധരിപ്പിക്കാൻ വന്നാൽ അത് ചൂഷണംചെയ്യാൻ വേണ്ടി മാത്രമാണെന്ന് തിരിച്ചറിയണമെന്നും മുൻ ഡി.ജി.പി. ടി.പി.സെൻകുമാർ പറഞ്ഞു. പൗരത്വനിയമ ഭേദഗതി ആരുടെയും പൗരത്വം നിഷേധിക്കാനല്ലെന്ന സന്ദേശമുയർത്തി കാഞ്ഞങ്ങാട്ട്‌ നടന്ന ജനജാഗ്രതാ സദസ്സ്‌ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യൻ ഭരണഘടനയനുസരിച്ച് ഇന്ത്യക്കാരനായ ഒരു മുസ്‌ലിം പൗരനെയും ഇവിടെനിന്ന്‌ പുറത്താക്കാൻ പറ്റില്ല. എത്രവലിയ തെറ്റുചെയ്യുന്ന ആളെ പോലും ഇവിടെ ശിക്ഷിക്കാൻമാത്രമാണ് ഭരണഘടന അധികാരം നൽകുന്നത്. അല്ലാതെ ആരെയും പുറത്താക്കാൻ പറ്റില്ല. ഒരാൾ സ്വയം ഇവിടുത്തെ പൗരത്വം വേണ്ടെന്ന്‌ തീരുമാനിക്കണം. എന്നിട്ട് വേറെ ഏതെങ്കിലും രാജ്യത്തിന്റെ പൗരത്വം സ്വീകരിക്കണം. അതല്ലാതെ മറ്റൊരുതരത്തിലും ഇവിടുത്തെ പൗരത്വം ഇല്ലാതാകില്ല.

സി.പി.എമ്മും കോൺഗ്രസും വോട്ടിനുവേണ്ടി മുസ്‌ലിം കുടുംബങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടേയിരിക്കുകയാണ്. ആധാറും ആധാരവും തമ്മിൽ ബന്ധിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇതു പൂർണമാകുമ്പോൾ നേതാക്കളുണ്ടാക്കിയ കോടികളുടെ കണക്ക് സി.പി.എമ്മിന്റെ അണികൾക്ക്‌ ബോധ്യപ്പെടും. ജാതിചിന്ത മാറ്റിവെച്ച് കേരളത്തിലെ ഹിന്ദുക്കൾ ഒരുമിച്ചുനിന്നാൽ എല്ലാ നേതാക്കളും വോട്ടിനുവേണ്ടി കാലുപിടിക്കാൻ വരുന്നത് കാണാമെന്നും സെൻകുമാർ പറഞ്ഞു.

ദാമോദരൻ ആർക്കിടെക്റ്റ് അധ്യക്ഷതവഹിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് അഡ്വ. കെ.ശ്രീകാന്ത്, ജില്ലാ ജനറൽ സെക്രട്ടറി എ.വേലായുധൻ, സ്വാമി പ്രേമാനന്ദ, കൃഷ്ണൻ ഏച്ചിക്കാനം എന്നിവർ സംസാരിച്ചു.