കാഞ്ഞങ്ങാട്: പത്തുവർഷം മുൻപ് സംഘം വിറ്റഴിച്ച കൈത്തറി തുണിത്തരങ്ങൾക്ക് സർക്കാർ റിബേറ്റ് ഇനത്തിൽ ഇപ്പോഴും കിട്ടാനുള്ളത് 2.35 ലക്ഷം രൂപ. ഇത് 2015-ൽ എത്തുമ്പോൾ 17,20,688 ആയി ഉയർന്നു. വർഷങ്ങളുടെ പ്രവർത്തനപാരമ്പര്യമുള്ള രാമനഗരം കൈത്തറി സംഘത്തിന് സർക്കാർ റിബേറ്റിനത്തിൽ കിട്ടേണ്ട തുകയാണിത്. ജില്ലയിലെ മിക്ക സംഘങ്ങളും ഇത്തരത്തിലുള്ള പ്രതിസന്ധി നേരിടുകയാണ്. ഒരോ ഉത്സവകാല കച്ചവടത്തിനു ശേഷവും റീബേറ്റ് കുടിശ്ശികയിനത്തിൽ സംഘത്തിന്റെ ബാധ്യത കൂടിക്കൊണ്ടിരിക്കുമ്പോഴും ഇതിന് പ്രതിവിധി കാണാൻ ഭരണാധികാരികൾ ശ്രമിക്കുന്നില്ല.

സാങ്കേതിക പ്രശ്നങ്ങളുടെ പേരിലാണ് പല വർഷങ്ങളിലും രാമനഗരം സംഘത്തിന്റെ റിബേറ്റ് തടഞ്ഞുെവച്ചത്. ഓണക്കച്ചവടത്തെക്കാൾ വിഷുക്കച്ചവടം കൂടി എന്നതായിരുന്നു കണ്ടെത്തിയ ഒരു പിഴവ്. ഉത്തരകേരളത്തിൽ ഓണത്തെക്കാൾ പ്രാധാന്യത്തോടെ നാട്ടുകാർ ആഘോഷിക്കുന്നത് വിഷുവെന്ന കാര്യം അറിയാതെയാണ് ഉദ്യോഗസ്ഥരുടെ ഈ പിഴവ് കണ്ടെത്തൽ. ബാങ്ക് അവധികൾ കാരണം ഓണം കച്ചവടത്തിലെ അവസാന ദിവസം കച്ചവടത്തുക ബാങ്കിൽ അടയ്ക്കാൻ പറ്റാത്തതിന്റെ പിഴവും സംഘത്തിന്റെ ചുമലിലാണ്.

ജീവിതത്തിന്റെ ഊടും പാവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന കൈത്തറി തൊഴിലാളികളുടെ പ്രശ്നങ്ങൾ കൈത്തറി സംഘങ്ങളുമായി ചുറ്റുപിണഞ്ഞുകിടക്കുകയാണ്. ഓണം, വിഷു ഉത്സവകാലമാണ് ജില്ലയിലെ കൈത്തറി സംഘങ്ങളുടെ കച്ചവടകാലം. 20 ശതമാനം വരെ കൈത്തറി തുണിത്തരങ്ങൾക്ക് സർക്കാർ റിബേറ്റ് നൽകുന്നതാണ് ഉത്സവകാല കച്ചവടം കൂടാനുള്ള കാരണവും. ഇത് കൃത്യമായി തിരിച്ചുകിട്ടാതാകുമ്പോൾ സംഘങ്ങളുടെ പ്രവർത്തന മൂലധനത്തെ മാത്രമല്ല സംഘമെടുത്ത വായ്പകളെയും ഒരുപോലെ ബാധിക്കുന്നു.

ഒരുഭാഗത്ത് സർക്കാരിൽനിന്ന്‌ യഥാസമയം കിട്ടേണ്ട സഹായം കിട്ടാതാകുകയും മറുഭാഗത്ത് വായ്പ പലിശയിനത്തിൽ ബാധ്യതകൾ ഏറിക്കൊണ്ടിരിക്കുകയുമാണ്. 100-ലധികം തൊഴിലാളികൾ ഉണ്ടായിരുന്ന രാമനഗരം സംഘത്തിൽ ഇപ്പോൾ തൊഴിലാളികളുടെ എണ്ണം 35 ആയി കുറഞ്ഞു. പുതുതായി ഒരാൾ പോലും ഈ മേഖലയിലേക്ക് കടന്നുവരുന്നില്ല എന്നതും ശ്രദ്ധേയമാണ്.

ആശ്വാസമായി യൂണിഫോം തുണി

സർക്കാർ സ്കൂളുകളിലേക്കുള്ള യൂണിഫോം തുണി നിർമാണം ഇപ്പോൾ സംഘത്തിന് ആശ്വാസമായിട്ടുണ്ട്. യൂണിഫോം തുണി നിർമാണത്തിനുള്ള നൂല് നാഷണൽ ഹാൻഡ്‌ലൂം ഡെവലപ്മെന്റ് കോർപ്പറേഷൻ വഴിയാണ് ലഭിക്കുന്നത്. തൊഴിലാളികൾക്കുള്ള കൂലി വ്യവസായവകുപ്പ് നേരിട്ട് തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകുമെന്നതും വളരെ ആശ്വാസമാണെന്ന് തൊഴിലാളികൾ പറഞ്ഞു.

യൂണിഫോം തുണികളുടെ നിർമാണത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചതിനാൽ ഇത്തവണ ഓണം വിപണിയിലേക്ക് കാര്യമായി കൈത്തറി ഉത്പന്നങ്ങൾ എത്തിക്കാൻപറ്റാത്ത സ്ഥിതിയുണ്ട്. ഖാദിയെ ജി.എസ്.ടി.യിൽനിന്ന്‌ ഒഴിവാക്കിയെങ്കിലും കൈത്തറിയെ ജി.എസ്.ടി.യിൽനിന്ന്‌ ഒഴിവാക്കാത്തതും സംഘങ്ങളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.