കാഞ്ഞങ്ങാട് : വീണാൽ വീണിടത്ത് കിടക്കും... അല്ലാതെ നന്നാക്കിയെടുക്കാനൊന്നും ആരുമെത്തില്ല. കാഞ്ഞങ്ങാട് പട്ടണത്തിലെ വിളക്കുകാലുകളുടെ സ്ഥിതിയാണിത്. ഗതാഗതം സ്തംഭിച്ചാലും ജനം ബുദ്ധിമുട്ടിയാലും അധികൃതർ അനങ്ങില്ല. പട്ടണത്തിലെ പല സിഗ്നൽ വിളക്കുകാലുകളും തകർന്നുകിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. ഇതുവരെ ആരും ഇവ തിരിഞ്ഞുനോക്കിയിട്ടില്ല. വാഹനമിടിച്ചും മറ്റും തകർന്നതാണ് സിഗ്നൽവിളക്കുകൾ.

കെ.എസ്.ടി.പി. പദ്ധതിയിൽ റോഡ് നവീകരണത്തിന്റെ ഭാഗമായാണ് പട്ടണത്തിൽ പുതിയ ട്രാഫിക് പരിഷ്കാരം ഏർപ്പെടുത്തിയത്. ലക്ഷങ്ങൾ ചെലവഴിച്ചാണ് പ്രധാന കവലകളിലും സീബ്രാവരകളോടും ചേർന്ന്‌ സിഗ്നൽവിളക്കുകൾ സ്ഥാപിച്ചത്. ഇതിൽ സീബ്രാവരകളോട് ചേർന്ന് ഡ്രൈവർമാർക്ക് മിന്നിക്കൊണ്ട് മുന്നറിയിപ്പ് നൽകുന്ന വിളക്കുകളാണ് തകർന്നത്.

സൗരോർജത്തിൽ പ്രവർത്തിക്കുന്നവയാണ് ഇവയെല്ലാം. വിളക്കുകാലുകളിലെ സൗരോർജ പാനലുകളും ബാറ്ററികളും ഉപയോഗിച്ചാണ് വിളക്കുകൾ മിന്നിതെളിയുന്നത്. മുന്നിൽ സീബ്രാവരകളിലൂടെ ആളുകൾ കടന്നു പോകാൻ സാധ്യതയെണ്ടെന്ന സൂചനയാണ് മഞ്ഞവെളിച്ചത്തിൽ മിന്നികൊണ്ടിരിക്കുന്ന വിളക്കുകൾ നൽകുന്നത്. മഞ്ഞവെളിച്ചം കാണുന്നതോടെ ഡ്രൈവർമാർക്ക് വാഹനത്തിന്റെ വേഗം കുറക്കാനാകും.

വിളക്കുകൾ തകർന്നതോടെ ഇല്ലാതായത് കാൽനടക്കാരന്റെ സുരക്ഷിതത്വമാണ്. അന്യസംസ്ഥാന ലോറികളും കണ്ടൈയ്‌നറുകളും ഗ്യാസ് ലോറികളുടമടക്കം ഇടതടവില്ലാതെയാണ് ഇപ്പോൾ ഈ റോഡിലൂടെ കടന്നുപോകുന്നത്. ഇക്ബാൽ കവലമുതൽ സ്ഥാപിച്ച സൗരോർജവിളക്കുകളിൽ പലതും കണ്ണുചിമ്മിയിട്ട് നാളുകളായി. വിളക്കുകാലുകളും ബാറ്ററിപെട്ടികളും അറ്റകുറ്റപണി നടത്താത്തതിനാൽ തുരുമ്പെടുത്ത് തുടങ്ങിയിട്ടുണ്ട്.