കാഞ്ഞങ്ങാട് : മീൻപിടിത്ത മേഖലയിലെ നിയന്ത്രണങ്ങളുടെ പേരിൽ തീരദേശ മത്സ്യത്തൊഴിലാളി കുടുംബങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ട് അജാനൂർ കൂറുംബ ഭഗവതി ക്ഷേത്രസ്ഥാനികരും ഭാരവാഹികളും കളക്ടർ ഡോ. ഡി.സജിത്ബാബുവിന്റെ മുന്നിലെത്തി. കോവിഡിന്റെ പശ്ചാത്തലത്തിൽ മീൻപിടിത്ത-വിപണനമേഖലയിൽ മാത്രമായി നടപ്പാക്കുന്ന നിയന്ത്രണങ്ങൾ ജില്ലയിലെ 1500-ഓളം തൊഴിലാളി കുടുംബങ്ങളെ അർധപട്ടിണിയിലാക്കിയതായി സംഘം അഭിപ്രായപ്പെട്ടു. ലോക്‌ഡൗണ് ഇളവുകൾ പ്രഖ്യാപിച്ചതോടെ മറ്റ് തൊഴിൽ മേഖലകളിലെല്ലാം പണിയെടുത്ത് ഉപജീവനം നടത്തുന്നതിന് തടസ്സമില്ലെന്നിരിക്കെ മത്സ്യത്തൊഴിലാളികളുടെ കാര്യത്തിൽ അയവു വരുത്താത്തത് വേദനാജനകമാണെന്ന് നിവേദകസംഘം ബോധിപ്പിച്ചു. ഇക്കാര്യത്തിൽ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുമായി ബന്ധപ്പെട്ട് അനുകൂല നടപടിയെടുക്കുമെന്ന ഉറപ്പ് കളക്ടറിൽനിന്ന്‌ ലഭിച്ചതായി സംഘം പറഞ്ഞു.