കാഞ്ഞങ്ങാട് : പള്ളിക്കര പഞ്ചായത്തംഗം ഉൾപ്പെടെ ജില്ലയിൽ 28 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത മൂന്നുപേർ ഉൾപ്പെടെ 24 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്.

വിദേശത്തുനിന്നും ഇതരസംസ്ഥാനത്തുനിന്നുമെത്തിയ രണ്ടുവീതം ആളുകളാണ് പോസിറ്റീവായ മറ്റു നാലുപേർ. 70 വയസ്സിനു മുകളിലുള്ള രണ്ടുപേരും രണ്ടും ഒൻപതും വയസ്സുള്ള രണ്ടുകുട്ടികളും രോഗം ബാധിച്ചവരിൽ ഉൾപ്പെടുന്നു. പഞ്ചായത്തംഗത്തിന് പോസിറ്റീവായതോടെ കോവിഡ് സ്ഥിരീകരിക്കുന്ന ജനപ്രതിനിധികൾ മൂന്നായി. വ്യാഴാഴ്ച മാത്രം 40 പേർ രോഗമുക്തരായി. 3638 പേർ നിരീക്ഷണത്തിലുണ്ട്. 531 പേരുടെ സാമ്പിൾ പരിശോധനാഫലം വരാനുണ്ട്.