കാഞ്ഞങ്ങാട് : ജില്ലയിൽ 28 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ ഉറവിടമറിയാത്ത അഞ്ചുപേർ ഉൾപ്പെടെ 11 പേർക്ക് പോസിറ്റീവായത് സമ്പർക്കത്തിലൂടെ. മീഞ്ച, കാറഡുക്ക, മംഗൽപ്പാടി എന്നിവിടങ്ങളിൽ ഒരാൾ വീതവും കാസർകോട്ട് ഒരു സ്ത്രീയുൾപ്പെടെ രണ്ടുപേരുമാണ് ഉറവിടമറിയാതെ വൈറസ് പകർന്നവർ. ഇതോടെ ഈ ഗണത്തിൽപ്പെടുന്നവരുടെ എണ്ണം 40 ആയി. തൃക്കരിപ്പൂരിലെ ഒരാൾക്ക് രോഗം പകർന്നത് എറണാകുളത്തെ സ്വകാര്യ ആസ്പത്രിയിൽനിന്ന്. തീവണ്ടിയിലാണ് ഇയാൾ നാട്ടിലെത്തിയത്. കാസർകോട്ടെ കച്ചവടക്കാരൻ, ഇയാളുടെ ഭാര്യ എന്നിവരും കുമ്പളയിലെ നാലുവയസ്സുള്ള കുട്ടിയും സമ്പർക്കത്തിലൂടെ രോഗം പകർന്നവരിൽ പെടുന്നു. വിദേശത്തുനിന്നെത്തി രോഗം ബാധിച്ചത് എട്ടുപേർക്ക്. എല്ലാവരും കഴിഞ്ഞമാസം അവസാനവാരത്തിലും ഈ മാസം ആദ്യവാരത്തിലുമായി നാട്ടിലെത്തിയവരാണ്. ജമ്മുകശ്മീരിൽനിന്നുവന്ന ബളാൽ ഗ്രാമപ്പഞ്ചായത്തുകാരൻ ഉൾപ്പെടെ ഒൻപതുപേരാണ് ഇതരസംസ്ഥാനത്തുനിന്നെത്തിയ രോഗബാധിതർ. സമ്പർക്കത്തിലൂടെ പോസിറ്റീവായ നാല്‌ കുട്ടികൾ ഉൾപ്പെടെ 11 പേർക്ക് രോഗം ഭേദമായി. ഇതുവരെ ജില്ലയിൽ രോഗം ബാധിച്ചവരുടെ എണ്ണം 932 ആയി. 395 പേരാണ് വിവിധ ആസ്പത്രികളിൽ ചികിത്സയിലുള്ളത്. നിരീക്ഷണത്തിൽ കഴിയുന്നവരിൽ 4320 പേരും വീടുകളിലും മറ്റുള്ളവർ വിവിധ സർക്കാർ ക്വാറന്റീൻ കേന്ദ്രങ്ങളിലുമാണ്. 825 പേരുടെ സാമ്പിൾ പരിശോധനാഫലം ലഭിക്കാനുണ്ട്.

സമ്പർക്കരോഗികളുടെ എണ്ണം 344

ജില്ലയിൽ ആകെ രോഗം ബാധിച്ചവരുടെ മൂന്നിലൊന്നും സമ്പർക്കത്തിലൂടെ. ഇതുവരെ സമ്പർക്കത്തിൽ രോഗം ബാധിച്ചവരുടെ എണ്ണം 344 ആയി. അതായത് ആകെ രോഗികളുടെ 37 ശതമാനം. ഇവരിൽ 274 പേരും മൂന്നാംഘട്ടത്തിൽ പോസിറ്റീവായവരാണ്. വിദേശത്തുനിന്നു വന്നവർ ഇതുവരെ 344 പേർ (38 ശതമാനം). ഇതരസംസ്ഥാനത്തുനിന്നെത്തി രോഗം ബാധിച്ചവരുടെ എണ്ണം 233. മൂന്നാംഘട്ടത്തിലെ മാത്രം കണക്കെടുത്താൽ ഏറ്റവും കൂടുതൽപ്പേർ സമ്പർക്കരോഗികളാണ്.