കാഞ്ഞങ്ങാട്: അധ്വാനവും പ്രതീക്ഷയും തല്ലിച്ചതച്ച പ്രകൃതിയുടെ വികൃതിക്കുമുന്നിൽ പകച്ചുനിൽക്കുകയാണ് അരയി പുഴയോരത്തെ കർഷകർ. മടിക്കൈയിലെയും കാഞ്ഞങ്ങാട്ടെയും അരയി പുഴയോരത്തെ അഞ്ഞൂറോളം വരുന്ന നേന്ത്രവാഴക്കർഷകർക്കാണ് കഴിഞ്ഞ രണ്ടുദിവസം നിർത്താതെപെയ്ത തുലാമഴ കണ്ണീർമഴയായി മാറിയത്.
മടിക്കൈ പഞ്ചായത്തിലും കാഞ്ഞങ്ങാട് നഗരസഭയിലുമായി ഒരുലക്ഷത്തോളം നേന്ത്രവാഴത്തൈകളാണ് വെള്ളംകയറി നശിച്ചത്. കീക്കാംകോട്ട്, ചാളക്കടവ്, പുതിയകണ്ടം, കക്കാട്ട്, ചാർത്തങ്കാൽ, മണക്കടവ്, അരയി, മുട്ടറക്കൽ, ഉപ്പിലിക്കൈ, മോനാച്ച, കാർത്തിക പ്രദേശത്തെ കൃഷിയിടങ്ങളിലാണ് വ്യാപക നാശമുണ്ടായത്. രണ്ടുമാസത്തോളം പ്രായമായ വാഴകളെയാണ് തുലാമഴ അപ്പാടെ മുക്കിക്കളഞ്ഞത്. മഴ ശമിച്ചിട്ട് രണ്ടുദിവസം പിന്നിട്ടിട്ടും വെള്ളമിറങ്ങാത്തതിനാൽ ഇനി വാഴത്തൈകൾ രക്ഷപ്പെടാനുള്ള സാധ്യത തീരെയില്ലെന്നാണ് കർഷകർ പറയുന്നത്.
വാഴക്കന്നിനും കൂലിയും വളവുമായി വലിയൊരു തുക ചെലവഴിച്ചാണ് ഇവർ കൃഷിക്ക് തുടക്കമിട്ടത്. ആയിരങ്ങളുടെ നഷ്ടമാണ് ഓരോ കർഷകർക്കും ഉണ്ടായിരിക്കുന്നത്. മൊത്തം വിളനഷ്ടം കണക്കാക്കിയാൽ ഇത് ലക്ഷങ്ങൾ കടക്കും. പരമ്പരാഗതരീതിയിൽ വർഷങ്ങളായി നേന്ത്രവാഴക്കൃഷി പ്രധാന ഉപജീവനമാക്കിയവരാണ് ഈ കർഷകർ. എല്ലാവർഷവും ചിങ്ങമാസത്തിൽ കൃഷിയിറക്കി മേടത്തിലും ഇടവത്തിലുമായി വിളവെടുക്കുന്ന രീതിയിലാണ് അരയി പുഴയോരത്തെ വാഴക്കൃഷി.
ഇത്തവണ നിർത്താതെപെയ്ത മഴയിൽ പുഴയോരത്തെ വയലിലും പറമ്പുകളിലും വെള്ളമിറങ്ങാൻ വൈകിയതിനാൽ കന്നിമാസത്തിലാണ് മിക്ക കർഷകരും വാഴ നട്ടത്. ഒരുകർഷകന് ഏറ്റവും ചുരുങ്ങിയത് 500 വാഴകളെങ്കിലുമുണ്ടാകും. രണ്ടായിരവും മൂവായിരവും വാഴകൾ കൃഷിയിറക്കുന്നവരുമുണ്ട്. കഴിഞ്ഞവർഷം ഏറ്റവും മികച്ച വിളവ് കിട്ടിയതിനാൽ ഇക്കുറി കൂടുതൽ കർഷകർ വാഴക്കൃഷിയുമായി രംഗത്തെത്തിയിരുന്നു. ആലയി മുട്ടറക്കലിൽ തെങ്ങിൻതോപ്പുകൾക്കിടയിലും വയലിലും കൃഷിയിറക്കിയ അബൂബക്കർ മുണ്ടോട്ട്, മധു പുത്തങ്കൈ, അബ്ദുൾറഹിമാൻ പുത്തങ്കൈ എന്നിവരുടെ നാലായിരത്തോളം വാഴകളാണ് വെള്ളത്തിനടിയിലായത്. അടുത്തദിവസം കോഴിവളം ഇറക്കാനിരിക്കെയാണ് ഇവരുടെ വിള അപ്പാടെ നശിച്ചത്.
വിപണിയിൽ ഏറ്റവും പ്രസിദ്ധിയാർജിച്ചവയാണ് മടിക്കൈയിലെ നേന്ത്രക്കായകൾ. ഓരോ വർഷവും രണ്ടുകോടിയോളം രൂപയുടെ നേന്ത്രക്കായകളാണ് മടിക്കൈയിൽനിന്നും വിപണിയിലെത്തിയിരുന്നത്. മടിക്കൈ വി.എഫ്.പി.സി.കെ. തന്നെ ഇത്തവണ 1,40,000 വാഴക്കന്നുകൾ വിതരണം ചെയ്തിരുന്നു.