കാഞ്ഞങ്ങാട്: ഞായറാഴ്ച രാവിലെ മുതൽ ശക്തമായ കാറ്റ് വീശിയതിനെ തുടർന്ന് കടലിൽ കൂറ്റൻ തിരമാലകൾ പ്രത്യക്ഷപ്പെട്ടു. മീറ്ററുകളോളം ഉയരത്തിൽ ഉയർന്ന തിരമാല പല സമയങ്ങളിലും തീരദേശത്ത് ഭീതി വിതച്ചു. ഞായറാഴ്ച രാത്രി മുതലാണ് ട്രോളിങ് നിരോധനം തുടങ്ങിയതെങ്കിലും കനത്ത കാറ്റ് ഉണ്ടായതിനാൽ രാവിലെതന്നെ ജില്ലയുടെ പലഭാഗത്തും മീൻപിടിത്തം നിർത്തി.

അതിരാവിലെ പുറം കടലിലേക്ക് മീൻപിടിത്തത്തിന് പോയവർ അധികം വൈകാതെതന്നെ തിരിച്ചുവന്നു. തെക്കൻകാറ്റ് ചില സമയങ്ങളിൽ കൂടുതൽ കനപ്പെട്ടു. തീരത്തുനിന്ന് അധികം അകലെയല്ലാതെ കടലിൽ ഉണ്ടായിരുന്ന തോണികൾ ആടിയുലഞ്ഞു. തിരമാലകൾ ശക്തിപ്രാപിച്ചതിനെ തുടർന്ന് മിക്ക കേന്ദ്രങ്ങളിലും മീൻപിടിത്ത തോണികൾ കരയിലേക്ക് കയറ്റി.

കടലേറ്റം ശക്തിപ്പെട്ടതിനാൽ കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറത്തടക്കമുള്ള കേന്ദ്രങ്ങളിൽ മിക്ക തോണികളും രണ്ടുദിവസം മുൻപേ തീരത്തേക്ക് കയറ്റിവെച്ചിരുന്നു. ട്രോളിങ് നിരോധനം തുടങ്ങിയതോടെ മത്സ്യത്തൊഴിലാളികൾക്ക് ഇനിയുള്ള ദിവസങ്ങൾ പട്ടിണിയുടെ കാലമാണ്. മുൻകാലങ്ങളിൽ നിരോധനം തുടങ്ങുന്നതിന് മുൻപ്‌ വള്ളം നിറയെ മീൻ കിട്ടുമായിരുന്നുവെന്നും അതുകൊണ്ടു തന്നെ കുറച്ചുപൈസ കൈയിൽ ബാക്കിയുണ്ടാകാറുണ്ടെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു. എന്നാൽ ഇത്തവണ മീൻ കുറവാണ്.

വേനൽ മാസങ്ങളിൽ വല നിറയെ മീൻ കിട്ടിയ ഒരുദിനം പോലും ഉണ്ടായിട്ടില്ല. തീരദേശ കുടുംബങ്ങളിലെ കഷ്ടപ്പാടുകളാണ് മത്സ്യത്തൊഴിലാളികൾക്ക് പറയാനുള്ളത്. ആനുകൂല്യങ്ങളെല്ലാം പ്രഖ്യാപിക്കുന്നതല്ലാതെ ഒന്നും തങ്ങളുടെ കൈകളിലെത്തുന്നില്ലെന്ന ആക്ഷേപവുമുണ്ട് ഇവർക്ക്.

മണ്ണെണ്ണ വിതരണത്തിന്റെ കാര്യത്തിലായാലും ക്ഷേമനിധി കിട്ടുന്നതു സംബന്ധിച്ചായാലും പരാതിയില്ലാത്ത ഒരു മത്സ്യത്തൊഴിലാളിപോലും തീരദേശത്തില്ല. തിരഞ്ഞടുപ്പുകാലത്ത് മധുരം നിറയുന്ന വാക്കുകളും ഒട്ടെറെ പ്രഖ്യാപനങ്ങളുമായി നേതാക്കളെല്ലാം എത്തി. ജയിച്ചുകയറിയവർ പോലും തിരിഞ്ഞുനോക്കാത്ത ഇടമാണ് തീരദേശമെന്ന ആവലാതിയുമുണ്ട് മത്സ്യത്തൊഴിലാളികൾക്ക്.