കാഞ്ഞങ്ങാട്: തിരഞ്ഞെടുപ്പുഗോദയിൽ ഏതെല്ലാം വിഷയങ്ങളെ എങ്ങിനെയൊക്കെ അവതരിപ്പിക്കണമെന്ന് പ്രവർത്തകരോട് എണ്ണിപ്പറഞ്ഞ് ഇടതുമുന്നണിയുടെ കാസർകോട് ലോക്‌സഭാ മണ്ഡലം കൺവെൻഷൻ. നരേന്ദ്രമോദി സർക്കാരിന്റെ കോട്ടങ്ങളെ അക്കമിട്ട് നിരത്തിയും പിണറായി സർക്കാരിന്റെ നേട്ടങ്ങളെ ഒന്നൊന്നായി അവതരിപ്പിച്ചുമുള്ള നേതാക്കളുടെ പ്രസംഗം പ്രവർത്തകർക്കുള്ള പാഠശാലയായി.

മഞ്ചേശ്വരംമുതൽ കല്യാശ്ശേരിവരെയുള്ള നിയമസഭാ മണ്ഡലങ്ങളിൽനിന്നുള്ള പ്രവർത്തകരോട് അതത്‌ സ്ഥലങ്ങളിലെ വികസനത്തെ കാട്ടിക്കൊടുത്തും നേതാക്കൾ ഇനിയങ്ങോട്ടുള്ള പ്രചാരണരീതി എങ്ങിനെ ആയിരിക്കണണെന്ന് വിശദീകരിച്ചു.

കോൺഗ്രസിനെ നോട്ടുനിരോധനത്തിന്റെ ദുരന്തത്തിൽ തുടങ്ങി കേന്ദ്ര സർക്കാർ ഈ രാജ്യത്തുണ്ടാക്കിയ കെടുതികളെയും പ്രളയത്തെ അതീജീവിച്ച സംസ്ഥാന സർക്കാരിന്റെ കാര്യക്ഷമതയെയും എടുത്തുപറഞ്ഞ് ഉദ്ഘാടന പ്രസംഗത്തിൽ സി.പി.ഐ. നേതാവും മന്ത്രിയുമായ ഇ.ചന്ദ്രശേഖരൻ വിഷയാവതരണത്തിന് തുടക്കമിട്ടു.

വീടുകൾ കയറിയിറങ്ങിയുള്ള പ്രചാരണത്തിൽ കാസർകോട് മണ്ഡലത്തിലുണ്ടായ നേട്ടങ്ങളെ കൃത്യമായി ചൂണ്ടിക്കാണിക്കണമെന്നായിരുന്നു സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗവും നിലവിലെ എം.പി.യുമായ പി.കരുണാകരന്റെ വാക്കുകൾ. എവിടെയെത്തിയാലും എൻഡോസൾഫാൻ ദുരന്തം അവതരിപ്പിക്കാതെ മടങ്ങാറില്ലെന്നും അതുകൊണ്ടാണ് 230 കോടി രൂപ വാങ്ങിയെടുക്കാൻ കഴിഞ്ഞതെന്നും കരുണാകരൻ പറഞ്ഞു.

ലോക് താന്ത്രിക് ജനതാ ദൾ ജില്ലാ പ്രസിഡന്റ് എ.വി.രാമകൃഷ്ണൻ അധ്യക്ഷതവഹിച്ചു. ടി.വി.രാജേഷ് എം.എൽ.എ., സി.പി.എം. ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ, സി.പി.ഐ. ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ, ലോക് താന്ത്രിക്‌ ജനതാ ദൾ സംസ്ഥാന സെക്രട്ടറി വി.കെ.കുഞ്ഞിരാമൻ, ജനതാ ദൾ (എസ്) നേതാവ് ഷെറീഫ്‌ പാലോളി, എൻ.സി.പി. നേതാവ് വി.വി.കുഞ്ഞിക്കൃഷ്ണൻ, ഐ.എൻ.എൽ. സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ, എം.അനന്തൻ നമ്പ്യാർ, കുഞ്ഞിരാമൻ നായർ, മാട്ടുമ്മൽ ഹസ്സൻ, പി.എം.മൈക്കിൾ, വി.കെ.രമേശൻ, കെ.എം.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

എം.എൽ.എ.മാരായ എം.രാജഗോപാലൻ, കെ.കുഞ്ഞിരാമൻ, സി.കൃഷ്ണൻ, മുൻ എം.എൽ.എ.മാരായ കെ.കുഞ്ഞിരാമൻ, കെ.വി.കുഞ്ഞിരാമൻ, സി.എച്ച്.കുഞ്ഞമ്പു, കാഞ്ഞങ്ങാട് നഗരസഭാ ചെയർമാൻ വി.വി.രമേശൻ, സി.പി.എം. മുൻ ജില്ലാ സെക്രട്ടറി എ.കെ.നാരായണൻ, സ്ഥാനാർഥി കെ.പി.സതീഷ് ചന്ദ്രൻ, സി.പി.എമ്മിന്റെയും മറ്റ്‌ ഘടകകക്ഷികളുടെയും ജില്ലാ-സംസ്ഥാന നേതാക്കൾ എന്നിവർ സംസാരിച്ചു.