കാഞ്ഞങ്ങാട്: വനിതാമതിലിൽ കുട്ടികളെ പങ്കെടുപ്പിച്ചാൽ അവരുടെ മനസ്സിൽ വിഭാഗീയതയുടെ ചിന്ത നിറയുമെന്ന് ബി.ജെ.പി. ദേശീയ നിർവാഹകസമിതി അംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു. കുഞ്ഞുമനസ്സിൽ ഇത്തരം ചിന്ത നിറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ശിശുക്ഷേമസമതിവഴി കുട്ടികളെ പങ്കെടുപ്പിക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുതിർന്ന ബി.ജെ.പി. നേതാവായിരുന്ന മടിക്കൈ കമ്മാരന്റെ ഒന്നാം ചരമവാർഷിക അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു കൃഷ്ണദാസ്. കോടികൾ കട്ടുമുടിക്കാനാണ് സർക്കാർചെലവിൽ വനിതാമതിൽ സംഘടിപ്പിക്കുന്നത്. ഹിന്ദുസ്ത്രീകളെമാത്രം അണിനിരത്തിക്കൊണ്ട് നടത്തുന്ന വനിതാമതിൽ സമൂഹത്തിൽ ചേരിതിരിവിന് ഇടയാക്കും.

ശബരിമലയിൽ യുവതീപ്രവേശനം നടത്താനാണ് വനിതാമതിലിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഇത്രയുംകാലം വർഗസംഘർഷമായിരുന്നു സി.പി.എം. നടത്തിക്കൊണ്ടിരുന്നത്. ഇനിയത് വർണസംഘർഷത്തിലെത്തണമെന്ന് അവർ ചിന്തിക്കുന്നു. അതിനാണ് ഈ മതിൽ.

രാഷ്ട്രീയ മതിൽക്കെട്ടിനപ്പുറത്ത് സൗഹൃദവലയം തീർക്കുകയും സമൂഹത്തെ കുടുംബമായി കാണുകയുംചെയ്ത നേതാവായിരുന്നു മടിക്കൈ കമ്മാരനെന്ന് കൃഷ്ണദാസ് പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്ത് അധ്യക്ഷതവഹിച്ചു.

സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീള സി.നായക്, സംസ്ഥാന സമിതി അംഗം പി.സുരേഷ്‌കുമാർ ഷെട്ടി, ജില്ലാ ജനറൽ സെക്രട്ടറി എ.വേലായുധൻ, കൊവ്വൽ ദാമോദരൻ, സത്യശങ്കര ഭട്ട്, എ.കെ.കയ്യാർ, ഇ.കൃഷ്ണൻ, കാഞ്ഞങ്ങാട് നഗരസഭാ കൗൺസിലർ അജയകുമാർ നെല്ലിക്കാട്ട്, മടിക്കൈ പഞ്ചായത്തംഗം ബിജി ബാബു, മടിക്കൈ കമ്മാരൻ സ്മൃതിമണ്ഡപ നിർമാണ കമ്മിറ്റി ചെയർമാൻ പി.അശോകൻ എന്നിവർ സംസാരിച്ചു. നേരത്തേ കല്യാണത്ത് മടിക്കൈ കമ്മാരന്റെ ഫോട്ടോയ്ക്കുമുമ്പിൽ പുഷ്പാർച്ചന നടന്നു.