കാഞ്ഞങ്ങാട്: മടിക്കൈ എരിക്കുളം വയലിൽ ഇക്കുറിയും പച്ചക്കറി സമൃദ്ധമായി വളർന്നു. രണ്ടരമാസത്തെ ഗ്രാമീണരുടെ അധ്വാനം. ഇനി വിളവെടുപ്പുകാലമാണ്. വ്യാഴാഴ്ച രാവിലെ ഒൻപതുമണിക്കാണ് വിളവെടുപ്പ് ഉദ്ഘാടനം. മന്ത്രിമാരായ വി.എസ്.സുനിൽകുമാറും ഇ.ചന്ദ്രശേഖരനും രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി.യും ചടങ്ങിനെത്തും. ഒരു ക്ലസ്റ്ററിന് കീഴിൽ ഇത്രയധികം പച്ചക്കറികൾ ഉത്പാദിപ്പിക്കുന്ന അത്യുത്തരകേരളത്തിലെ ഏറ്റവുംവലിയ വയലുകളിലൊന്നാണ് എരിക്കുളം വയൽ. ഇവിടുത്തെ വേട്ടയ്ക്കൊരുമകൻ ക്ഷേത്രത്തിന്റെ സമീപത്തുനിന്ന്‌ തുടങ്ങുന്ന വയലിൽ 35 ഏക്കർ സ്ഥലത്താണ് പച്ചക്കറി വിത്തെറിഞ്ഞത്.

വെള്ളരിയും പാവയ്ക്കയും 500 ക്വിന്റലാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞവർഷം ഇതേ കണക്കിൽത്തന്നെയാണ് ഉത്പാദിപ്പിച്ചിരുന്നത്. ഇപ്പോഴെത്തെ വിപണിവിലയനുസരിച്ച് ഇത്രയും അളവിൽ വെള്ളരിക്ക് ഏഴരലക്ഷം രൂപയും പാവയ്ക്കക്ക് 20 ലക്ഷം രൂപയും കിട്ടും. 200 ക്വിന്റൽവീതം മത്തനും ഞെരമ്പനും പ്രതീക്ഷിക്കുന്നു. ഇതുവഴി 11 ലക്ഷം രൂപ സമാഹരിക്കും. 100 ക്വിന്റൽ തണ്ണിമത്തൻ വിപണിയിലെത്തുമ്പോൾ ഈ കർഷകരുടെ കൈയിലെത്തുക രണ്ടരലക്ഷം രൂപ. 30 ക്വിന്റൽ ഇളവൻ, പത്ത് ക്വിന്റൽ കക്കിരി, അതിൽ താഴെയായി വെണ്ടയും പച്ചമുളകും പയറും. 1,000 കെട്ട് ചീരയെങ്കിലും ഇവർ എല്ലാവർഷവും വിപണിയിലെത്തിക്കാറുണ്ട്.

കഴിഞ്ഞവർഷങ്ങളിലെ വിളവെടുപ്പ് കണക്കാക്കിയാണ് ഇത്തരം കണക്കുകൂട്ടലുകൾ. വിളഞ്ഞുനിൽക്കുന്ന ഉത്പന്നങ്ങൾ കണ്ടാൽത്തന്നെ വിറ്റുവരവ് മുൻകൂട്ടി കണക്കുകൂട്ടാൻ പ്രയാസമുണ്ടാകില്ലെന്ന് പച്ചക്കറി ക്ലസ്റ്റർ ചെയർമാൻ പി.പി.പുഷ്കരനും കൺവീനർ വിനോദ് എരിക്കുളവും പറഞ്ഞു.

വെള്ളരി കണ്ണീർ കുടിപ്പിച്ചിരുന്നു ഇവരെ

കഴിഞ്ഞവർഷം വെള്ളരി വിൽപ്പന ഇവരെ പ്രതികൂലമായി ബാധിച്ചിരുന്നു. രാസവളമിട്ട അന്യസംസ്ഥാന വെള്ളരി വൻതോതിൽ ഇറക്കുമതിചെയ്തപ്പോൾ എരിക്കുളത്തുകാരുടെ വെള്ളരിക്ക് ആവശ്യക്കാരില്ലാതായി. വിപണിയിലെത്തിച്ച ഇവരുടെ വെള്ളരി ചെറിയ വിലയ്ക്ക് കൊടുക്കേണ്ടിവന്നു. പലരും വെള്ളരി പറിച്ചില്ല. പാടത്തുകിടന്ന്‌ വെള്ളരി ചീഞ്ഞുതുടങ്ങിയപ്പോൾ ‘മാതൃഭൂമി’യിൽ വാർത്ത വന്നു. ഇതുകണ്ട് ജനം എരിക്കുളത്തേക്കൊഴുകിയെത്തി. ജൈവവളത്തിൽ കിളിർത്ത വെള്ളരി ഇവരുടെ നാട്ടിലെത്തി ആളുകൾ വാങ്ങി. പ്രതീക്ഷിച്ചസമയത്ത് വിൽക്കാനാകാഞ്ഞത് നേരിയ നഷ്ടമുണ്ടാക്കുകയുംചെയ്തു.

ഇക്കുറി വിപണി ചതിക്കില്ലെന്ന പ്രതീക്ഷയിലാണ് ഈ ഗ്രാമീണർ. എല്ലാത്തിനും സഹായിക്കാനായി മടിക്കൈ പഞ്ചായത്തും കൃഷിഭവനുമുണ്ട്. എല്ലാദിവസവും രാവിലെയും വൈകീട്ടുമാണ് പച്ചക്കറിക്കുള്ള വെള്ളമൊഴിക്കൽ. വെള്ളംനിറച്ച മൺപാനികളുമായി സ്ത്രീകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിലേക്ക് പോകുന്ന ഗ്രാമീണകാഴ്ച. ജൈവവളമാണ് ഉപയോഗിക്കുന്നത്. കോഴിവളവും കാലിവളവുമാണ് പ്രധാനം. ജൈവകീടനാശിനികളും പ്രയോഗിക്കും.

കിട്ടുന്നതിൽ ഒരുപങ്ക് ക്ഷേത്രത്തിനുള്ളത്

പ്രദേശത്തെ 55 കുടുംബങ്ങളാണ് പച്ചക്കറിക്കൃഷി നടത്തുന്നത്. ക്ലസ്റ്ററിന് കീഴിലാണെങ്കിലും അവരവരുടെ സ്ഥലത്ത് അതത്‌ കുടുംബക്കാർ വിത്തുവിതയ്ക്കുകയായിരുന്നു. മാർച്ച് 20 മുതൽ 25 വരെ എരിക്കുളം വേട്ടയ്ക്കൊരുമകൻ ക്ഷേത്രത്തിൽ നവീകരണ ബ്രഹ്മകലശോത്സവമാണ്. ഈ ദിവസങ്ങളിലെ അന്നദാനത്തിനുള്ള പച്ചക്കറികൾ മുഴുവൻ ഈ വയലിൽനിന്ന്‌ കിട്ടും. ഓരോ കുടുംബവും കിട്ടുന്ന വിളവെടുപ്പിൽനിന്ന്‌ ഒരുപങ്ക് ക്ഷേത്രത്തിലേക്ക് മാറ്റിവെക്കും. ആദ്യഘട്ട വിളവെടുപ്പിൽ വെള്ളരിപോലുള്ള ദീർഘനാൾ നിലനിൽക്കുന്ന ഉത്പന്നങ്ങൾ കൈമാറും. മറ്റുപച്ചക്കറികൾ തുടർവിളവെടുപ്പ് സമയത്ത് നൽകും. കുടുംബക്കാർ വർഷം രണ്ടുദിവസം ക്ഷേത്രത്തിനുവേണ്ടി വയലിലിറങ്ങുന്ന ഭക്തിസമർപ്പണംകൂടിയുണ്ട് ഇവിടെ. ഇക്കുറി എല്ലാവരും കൈകോർത്ത് ക്ഷേത്രത്തിനുവേണ്ടി നെൽക്കൃഷി നടത്തിയിരുന്നു. 400 പറ നെല്ല് കൊയ്തെടുത്തു.

പ്രതിവർഷം ഒന്നേകാൽക്കോടിയിലധികം രൂപ നൽകുന്ന വയൽ

എരിക്കുളം വയലിലെ സാമ്പത്തികശാസ്ത്രം പുതുതലമുറയ്ക്കൊരു പാഠമാണ്. ഈ മണ്ണ് ഓരോവർഷവും ഒന്നേകാൽക്കോടിയിലധികം രൂപ ഗ്രാമത്തിലെത്തിച്ചുകൊടുക്കുന്നു. മേടപ്പുലരിയിൽ വിത്തെറിഞ്ഞാൽ വയലേലകൾ നെൽക്കൃഷിക്കൊരുങ്ങും. ഇടവപ്പാതി കഴിയുന്നതോടെ കൊയ്ത്തുപാട്ടുയരും. പിന്നാലെ വിളവെടുപ്പ്. തുലാം പിറക്കുന്നതോടെ പച്ചക്കറികളുടെ വിത്തുകളുമായി ഗ്രാമീണർ ഒരുമിച്ച് പാടത്തിറങ്ങും.

നെല്ല് ഒരുവിളയിലൊതുക്കി പച്ചക്കറിയിലേക്ക് ചേക്കേറുന്നത് ലാഭം ലക്ഷ്യംവച്ചുതന്നെയെന്ന് കർഷകർ പറയുന്നു. മൺപാത്രനിർമാണമാണ് ഇവരുടെ കുലത്തൊഴിൽ. 160 കുടുംബങ്ങൾ ഈ മേഖലയിലുണ്ട്. പച്ചക്കറി വിളവെടുപ്പ് പൂർത്തിയായാൽ പിന്നീട് ഇവർ പാടത്തിറങ്ങുന്നത് മണ്ണെടുക്കാനാണ്. ഓരോ കുടുംബത്തിനും ഓരോ കുഴി. വയലിൽ ആഴത്തിൽ കുഴിയെടുത്ത് മണ്ണുശേഖരിക്കും. മേൽമണ്ണ് വീണ്ടും ഈ കുഴിയിലേക്കിടും. ചെമ്മണ്ണും കൊണ്ടിടും. മൂന്നോ നാലോ വർഷം കഴിഞ്ഞാൽ ഇതേ കുഴിയിൽനിന്നുതന്നെ വീണ്ടും പാത്രം നിർമിക്കാനാവശ്യമായ മണ്ണ് കിട്ടും. പ്രതിവർഷം 50 ലക്ഷത്തിന്റെ പാത്രങ്ങൾ എരിക്കുളത്തുനിന്ന്‌ പുറംലോകത്തെത്തുന്നു. അത്രതന്നെ വിറ്റുവരവിൽ പച്ചക്കറിയും അതിന്റെ പാതിത്തുക നെൽക്കൃഷിയിലും കിട്ടുന്നു. ഗ്രാമീണ കൂട്ടായ്മയുടെ വിജയമെന്ന ഒറ്റവരി വിശേഷണമാണ് കൃഷി ഉദ്യോഗസ്ഥർ എരിക്കുളത്തുകാർക്ക്‌ നൽകുന്ന സർട്ടിഫിക്കറ്റ്.