കാഞ്ഞങ്ങാട്: അഗ്നിരക്ഷാസേന കാഞ്ഞങ്ങാട് ഓഫീസിലേക്ക് അനുവദിച്ച ഫസ്റ്റ് റൻസ്പോസ് വാഹനം പൊതുമരാമത്ത് വകുപ്പ് കണ്ണൂർ സബ് ഡിവിഷൻ എൻജിനീയർ കെ.സുരേഷ് ഫ്ളാഗ് ഓഫ് ചെയ്തു. സേനയുടെ വലിയ വാഹനങ്ങൾക്ക്‌ കടന്നുചെല്ലാൻപറ്റാത്ത ഇടുങ്ങിയ വഴികളിൽ ഉപയോഗിക്കാൻ പറ്റുമെന്നതാണ് ഈ വാഹനത്തിന്റെ സവിശേഷത.

പെട്രോളിയം ഉത്പന്നങ്ങൾ മൂലമുണ്ടാകുന്ന തീപ്പിടിത്തങ്ങളിൽ ഫോം ഉപയോഗിച്ചു തീ കെടുത്താൻ സഹായകമായി അൻപതുലിറ്റർ ഫോം നാനൂറ് ലിറ്റർ വെള്ളവുമായി ചേർത്ത് സംയുക്തമായും അല്ലാതെയും ശക്തമായി വെള്ളം പമ്പുചെയ്യാനുള്ള കഴിവ് ഈ വാഹനത്തിനുണ്ട്.

കൂടാതെ വലിയ ഇരുമ്പുകമ്പികളടക്കം മുറിക്കാൻ സഹായിക്കുന്ന ഹൈഡ്രോളിക് കട്ടിങ്‌ മെഷീനും മരംമുറിക്കാനുപയോഗിക്കുന്ന ചെയിൻസോയും ഈ വാഹനത്തിൽ സജ്ജമാണ്.

അഗ്നിരക്ഷാനിലയം കണ്ണൂർ മേഖലാ ഓഫീസർ ജെ.എസ്‌.സുജിത്ത്കുമാർ, സ്റ്റേഷൻ ഓഫീസർ കെ.വി.പ്രഭാകരൻ, അസി. സ്റ്റേഷൻ ഓഫീസർ ഗോപാലകൃഷ്ണൻ മാവില തുടങ്ങിയവർ പങ്കെടുത്തു.