ചെറുവത്തൂർ: ഭാരതം ഹിന്ദുക്കളുടെ മാത്രം സൃഷ്ടിയല്ലെന്നും ഇവിടെ ജനിച്ച് ജീവിച്ചുമരിച്ച എല്ലാവരും ചേർന്ന് സൃഷ്ടിച്ചതാണെന്നും എഴുത്തുകാരൻ കൽപ്പറ്റ നാരായണൻ പറഞ്ഞു. പിലിക്കോട് ഫൈൻ ആർട്‌സ് സൊസൈറ്റി ഗാന്ധി-നെഹ്രു പഠനകേന്ദ്രത്തിൽ സംഘടിപ്പിച്ച ’വെളിച്ചത്തിലേക്ക് നടക്കാം’ ഗാന്ധിയൻ പ്രഭാഷണപരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചിലരെ കൂടാതെ പുതിയ ഭാരതം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് ഭരണകൂടം. അത്യന്തം അപകടകരമായ സ്ഥിതിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. 150-ാം ജന്മവാർഷികത്തിൽ രാജ്യരക്ഷയ്ക്ക് ഗാന്ധി അനിവാര്യമായിത്തീർന്നിരിക്കുന്നു. ഗാന്ധി ഒരിക്കലും ഒരാളെയും തള്ളിപ്പറഞ്ഞിട്ടില്ല. എല്ലാവരെയും ഉൾക്കൊള്ളലാണ് ഗാന്ധിയൻ ദർശനത്തിന്റെ ആണിക്കല്ലെന്നും അദ്ദേഹം പറഞ്ഞു. കെ.വി.രമേശൻ അധ്യക്ഷത വഹിച്ചു. ടി.വി.വിനോദ്കുമാർ സംസാരിച്ചു.