ചെർക്കള: മുസ്‌ലിം ലീഗ് നേതാവും മഞ്ചേശ്വരം എം.എൽ.എ.യുമായിരിക്കെ അന്തരിച്ച പി.ബി.അബ്ദുൾ റസാഖിന്റെ വീട് ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ സന്ദർശിച്ചു. കണ്ണൂരിൽനിന്ന് കാർമാർഗം ഞായറാഴ്ച രാവിലെ പതിനൊന്നിനാണ് സുരേന്ദ്രൻ നായന്മാർമൂലയിലെ വീട്ടിലെത്തിയത്.

പി.ബി.അബ്ദുൾ റസാഖിന്റെ മകൻ ഷഫീഖ്, സഹോദരന്മാരായ പി.ബി.അബ്ദുൾ റഹ്മാൻ, മുൻ ചെങ്കള പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.ബി.അഹമ്മദ്, മരുമക്കളായ ആബിദ്, നിയാസ്, ഹസൻ ദിൽഷാദ് എന്നിവരും മറ്റ് കുടുംബാംഗങ്ങളും മുസ്‌ലിം ലീഗ് പ്രാദേശികനേതാക്കളും ചേർന്ന് സ്വീകരിച്ചു.

രാഷ്ട്രീയാഭിപ്രായവ്യത്യാസം പി.ബി.അബ്ദുൽ റസാഖുമായുള്ള സൗഹൃദത്തിനും വ്യക്തിബന്ധത്തിനും പോറലേൽപ്പിച്ചിരുന്നില്ലെന്ന് കെ.സുരേന്ദ്രൻ അനുസ്മരിച്ചു. സ്‌നേഹപൂർവമാണ് എന്നും അദ്ദേഹം പെരുമാറിയിട്ടുള്ളത്. അദ്ദേഹത്തിന്റെ നിഷ്‌കളങ്കമായ ചിരി ആരെയും ആകർഷിക്കുന്നതാണ്. അദ്ദേഹത്തിന്റെ മരണവാർത്ത വലിയ ആഘാതമാണുണ്ടാക്കിയതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 89 വോട്ടിനാണ് കെ.സുരേന്ദ്രനെ അബ്ദുൾ റസാഖ് പരാജയപ്പെടുത്തിയത്. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്ത്, വൈസ് പ്രസിഡന്റുമാരായ കെ.ബാലരാജ്, എം.സവിത, കെ.സദാനന്ദറായ്, മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് സതീഷ് ചന്ദ്ര ഭണ്ഡാരി, എൻ.സതീഷ് തുടങ്ങിയ നേതാക്കളും സുരേന്ദ്രനോടൊപ്പമുണ്ടായിരുന്നു.