കാസർകോട്: ദേശീയപാതയോരത്തെ അനധികൃത തട്ടുകടകൾ ഒഴിപ്പിക്കൽ നടപടി മണിക്കൂറുകൾക്കുള്ളിൽ നിർത്തിവെച്ചു. ജില്ലാ വികസനസമിതിയുടെ തീരുമാനപ്രകാരമായിരുന്നു ഒഴിപ്പിക്കൽ. തൊഴിലാളിസംഘടനാ പ്രതിനിധികൾ എതിർപ്പുമായെത്തുകയും കളക്ടറെ കണ്ട് സാവകാശം വാങ്ങുകയുമായിരുന്നു.
ചൊവ്വാഴ്ച രാവിലെ വിദ്യാനഗറിൽ ചെങ്കള പഞ്ചായത്ത് അതിർത്തിയിൽ നിന്നാണ് നഗരസഭ ആരോഗ്യ വിഭാഗവും പൊതുമരാമത്ത് ദേശീയപാത വിഭാഗവും ചേർന്ന് ഒഴിപ്പിക്കൽ നടപടി ആരംഭിച്ചത്.
രണ്ടാഴ്ച മുന്നേ നോട്ടീസ് നൽകിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഒഴിപ്പിക്കൽ. ഇതിനെതിരേ തൊഴിലാളികൾ പ്രതിഷേധമുയർത്തി.
തുടർന്ന് തൊഴിലാളിസംഘടനാ നേതാക്കൾ കളക്ടറെ കാണുകയും ഓഗസ്റ്റ് 15 വരെ സാവകാശം നേടുകയുമായിരുന്നു. തട്ടുകടയുടമകൾ സ്വന്തം ചെലവിൽ കടകൾ പൊളിക്കുമെന്ന് കളക്ടർക്ക് ഉറപ്പ് നൽകി. ഇക്കാര്യം കളക്ടർ ഹെൽത്ത് ഓഫീസറെ വിളിച്ചറിയിക്കുകയും ഒഴിപ്പിക്കൽ നിർത്തിവെയ്ക്കാൻ നിർദേശം നൽകുകയുമായിരുന്നു.
നഗരസഭ ശുചീകരണത്തൊഴിലാളികളുടെ നേതൃത്വത്തിൽ ഏഴ് അനധികൃത തട്ടുകടകളാണ് ഒഴിപ്പിച്ചത്. ഇവിടെനിന്ന് പിടിച്ചെടുത്ത വസ്തുക്കൾ നഗരസഭാ ഓഫീസിൽ സൂക്ഷിക്കും. കളക്ടറുടെ നിർദേശ പ്രകാരമായിരിക്കും ഇവ വിട്ടുനൽകുന്നത്. പൊതുമരാമത്ത് (ദേശീയപാതാ വിഭാഗം) എൻജിനീയർ, നഗരസഭ ഹെൽത്ത് ഓഫീസർ ഉസ്മാൻ കാലിയാടൻ, ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.വി.രാജീവൻ, എ.വി.മധുസൂദനൻ, ജോയിന്റ് ഹെൽത്ത് ഇൻസ്പെക്ടർമാരായ സുജിത് കെ.സോമൻ, അജീഷ്, സുർജിത്, രൂപേഷ് എന്നിവർ നേതൃത്വം നൽകി.
Content Highlights: Kasaragod, street shops