ചെറുവത്തൂർ: ആസ്പത്രി ശസ്ത്രക്രിയാമുറിയിൽ രോഗിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ തെളിവെടുപ്പ് നടത്തി. അഡ്മിറ്റായ രോഗിയെ രണ്ടുദിവസം കാണാതാവുകയും പിന്നീട് രാത്രി ശസ്ത്രക്രിയാമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയുംചെയ്ത സംഭവത്തിൽ ആസ്പത്രി അധികൃതരുടെ ഭാഗത്ത് ജാഗ്രതക്കുറവുണ്ടായെന്നാണ് ആക്ഷേപം.

ഓപ്പറേഷൻ തിയേറ്ററിനകത്ത് രണ്ടുദിവസം ഒരു രോഗി അകപ്പെട്ടിട്ടും ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ലെന്നതാണ് വലിയ വീഴ്ചയായി കാണുന്നത്. മൂന്നിന് രാവിലെയാണ് സെൻട്രൽ പ്രോവിഡന്റ് ഫണ്ട് ഇൻസ്പെക്ടർ കൊടക്കാട് ആനിക്കാടിയിലെ പി.പദ്‌മനാഭൻ (58) ചെറുവത്തൂരിലെ കെ.എ.എച്ച്. ഹോസ്പിറ്റലിലെത്തുന്നത്.

ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് അഡ്മിറ്റുചെയ്തു. നാലിന് രാവിലെമുതലാണ് പദ്മനാഭനെ കാണാതാവുന്നത്. ആസ്പത്രിയിലെ ഒന്നാംനിലയിലെ ഓപ്പറേഷൻ തിയേറ്ററിലേക്ക് നാലിന് രാവിലെ പദ്മനാഭൻ കടന്നുപോകുന്നത് നിരീക്ഷണ കാമറയിൽ പതിഞ്ഞിട്ടുണ്ട്.

പോലീസിന്റെ പരിശോധനയിലാണ് ഇത് ബോധ്യപ്പെട്ടത്. ഡോക്ടർമാരുൾപ്പെടെ നാൽപ്പതിലധികം ജീവനക്കാരുള്ള ആസ്പത്രിയാണിത്. മൂന്നുനിലകളിലായി 60 രോഗികളെ കിടത്തിച്ചികിത്സിച്ചുവരുന്നു. ആസ്പത്രിയിൽ നിരീക്ഷണകാമറകളും സ്ഥാപിച്ചിട്ടണ്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് ഓപ്പറേഷൻ തിയേറ്ററിനകത്ത് അസ്വാഭാവികമരണം നടന്നത്.