മംഗളൂരു : രണ്ടുദിവസമായി ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിൽ പെയ്യുന്ന ശക്തമായ മഴയെ തുടർന്ന് നഗരപ്രദേശങ്ങളിലുൾപ്പെടെ വെള്ളപ്പൊക്കം. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ട ശക്തമായ കാറ്റിനാൽ ശനിയാഴ്ചവരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ്‌ നൽകി. തീരദേശ കർണാടകയിൽ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിട്ടുമുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ചവരെ ദക്ഷിണ കന്നഡയിൽ മികച്ച താപനിലയാണ് രേഖപ്പെടുത്തിയത് ശനിയാഴ്ച അത് 36.4 ഡിഗ്രി സെൽഷ്യസ് വരെയായി ഉയർന്നു. ഒക്ടോബറിൽ ഇത്ര ഉയർന്ന താപനില സമീപ വർഷങ്ങളിലൊന്നും ഉണ്ടായിട്ടില്ലെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്ര അധികൃതർ അറിയിച്ചു. അതുകഴിഞ്ഞ് പെട്ടെന്നാണ് ശക്തമായ മഴയുണ്ടായത്. അപ്രതീക്ഷിതവും തുടർച്ചയായും പെയ്ത മഴ ജനജീവിതത്തെ സാരമായി ബാധിച്ചു. ദേശീയപാത 66 ലെ പലഭാഗങ്ങളും മംഗളൂരു നഗരത്തിലെ റോഡുകളും വെള്ളത്തിനടിയിലായി. മണിക്കൂറുകളോളം ഗതാഗതക്കുരുക്കും രാത്രികാലങ്ങളിൽ വാഹനാപകടങ്ങളുമുണ്ടായി.

പശ്ചിമഘട്ടമേഖലയിലും കനത്തമഴയുണ്ടായി. പുത്തൂർ, കഡബ, സുള്ള്യ പ്രദേശങ്ങളിൽ മഴയ്ക്കൊപ്പവന്ന ശക്തമായ കാറ്റ് കാർഷികവിളകളെ ബാധിച്ചു. വിളവെടുക്കാൻ പാകമായ ഏക്കർ കണക്കിന് നെൽവയലുകൾ വെള്ളത്തിനടിയിലായി. മദന്ത്യാർ ബെൽത്തങ്ങാടി താലൂക്കുകളിൽ ചൊവ്വാഴ്ച മാത്രം 145 സെ.മീ. മഴ രേഖപ്പെടുത്തി. ഉഡുപ്പിയിൽ ശ്രീകൃഷ്ണ മഠത്തിലെ പാർക്കിങ് സ്ഥലം പൂർണമായും വെള്ളത്തിനടിയിലായി. ബൈലക്കെരെ, കൽമാഡി, കൊഡവൂർ, മൂഡിബുബെട്ടു എന്നീ പ്രദേശങ്ങളിലും ശക്തമായ മഴ പെയ്തു.