രാജപുരം: കനത്ത മഴയിലും കാറ്റിലും മലയോരത്ത് നാശനഷ്ടം തുടരുന്നു. പാണത്തൂർ കുണ്ടുപ്പള്ളിയിലെ കെ.പി.ബിനോയിയുടെ മരം വീണ് വീടിനും സ്കൂട്ടറിനും കേടുപാടുകൾ സംഭവിച്ചു.

ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച രാവിലെയുമായി വീശിയടിച്ച കാറ്റും മഴയുമാണ് നാശനഷ്ടം വിതച്ചത്. രണ്ടുദിവസങ്ങളിലായി രാജപുരം വൈദ്യുതി സെക്‌ഷനുകീഴിൽ മാത്രം 14 വൈദ്യുതത്തൂണുകൾ തകർന്നു.

സെക്‌ഷനുകീഴിലുള്ള ആടകം, പാത്തിക്കര, ചുള്ളിയോടി, നീളംകയം, കുടുംബൂര്, കുറുമാണം തുടങ്ങിയ സ്ഥലങ്ങളിലാണ് വൈദ്യുതത്തൂണുകൾ തകർന്നത്.

ബളാംതോട് സെക്‌ഷനുകീഴിൽ കോളിച്ചാൽ-പ്രാന്തർകാവ് റോഡിൽ എച്ച്.ടി. ലൈൻ കടന്നുപോകുന്ന മൂന്നും എൽ.ടി. ലൈൻ കടന്നുപോകുന്ന 12-ഉം വൈദ്യുതത്തൂണുകൾ തകർന്നു.

തച്ചർകടവ്, മൈലാട്ടി, ചേടിക്കുണ്ട്, പരിയാരം, വീട്ടിയാടി ഭാഗങ്ങളിലാണ് തൂണുകൾ തകർന്നത്. ഇതിൽ എച്ച്.ടി. ലൈൻ കടന്നു പോകുന്ന തൂണുകൾ മാത്രമാണ് തിങ്കളാഴ്ച രാത്രിയോടെ ശരിയാക്കിയത്.

വൈദ്യുതിത്തൂണുകൾ തകർന്നതും ലൈൻ പൊട്ടിവീണതും കാരണം മിക്ക ഉൾനാടൻ ഗ്രാമങ്ങളിലും വൈദ്യുതി വിതരണം മുടങ്ങിയ നിലയിലാണ്. എല്ലാ സ്ഥലങ്ങളിലും കനത്ത കാറ്റിൽ മരം പൊട്ടിവീണാണ് തൂണുകൾ തകർന്നത്.

കാഞ്ഞങ്ങാട്-പാണത്തൂർ സംസ്ഥാനപാതയിൽ ചുള്ളിക്കര പാലത്തിന് മുകളിലേക്ക് തെങ്ങ് കടപുഴകിവീണു. ഈ സമയം വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി.

നാട്ടുകാരെത്തി തെങ്ങ് മുറിച്ചുനീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. സംസ്ഥാനപാതയിൽ അരിപ്രറോഡ് കുരിശുപള്ളിക്ക് സമീപവും രണ്ടിടങ്ങളിൽ റോഡിലേക്ക് മരം പൊട്ടിവീണു.

കോളിച്ചാൽ മുസ്‌ലിം പള്ളിക്ക് സമീപം പാതയോരത്തെ മരത്തിന്റെ കൊമ്പ് വൈദ്യുതി ലൈനിനുമുകളിൽ വീണു. കള്ളാർ, പനത്തടി പഞ്ചായത്തുകളിലായി പല സ്ഥലങ്ങളിലും വലിയ തോതിലുള്ള കൃഷിനാശവുമുണ്ട്.