കാസർകോട്: ജില്ലയിൽ ഹർത്താലിനോട് തണുത്ത പ്രതികരണം. എങ്ങും അക്രമം ഉണ്ടായില്ല. കാസർകോട്ടും കാഞ്ഞങ്ങാട്ടുമടക്കം പ്രധാന കേന്ദ്രങ്ങളിലൊന്നും അനുകൂലികളുടെ പ്രകടനം ഉണ്ടായില്ല. പേരിനുമാത്രം വാഹനം തടഞ്ഞു. അക്രമം ഭയന്ന് ബസ്സുകൾ ഓടാതിരുന്നതിനാൽ സർക്കാർ ഓഫീസുകൾ ഭാഗികമായേ പ്രവർത്തിച്ചുള്ളൂ. കടകളും തുറന്നില്ല.

ചില ബാങ്കുശാഖകൾ തുറന്നെങ്കിലും ഇടപാടുകാർ നന്നെ കുറവായിരുന്നു. തീവണ്ടികൾ മുടക്കമില്ലാതെ ഓടിയെങ്കിലും തിരക്കുണ്ടായില്ല. ചെറിയ ദൂരത്തേക്കുള്ള യാത്രക്കാരായിരുന്നു അധികവും. മോഹൻലാലിന്റെ ഒടിയൻ സിനിമ റിലീസ് ചെയ്ത ദിവസം വന്ന ഹർത്താൽ ആരാധകരെ വലച്ചു. എങ്കിലും ഓൺലൈൻ ടിക്കറ്റ് നേരത്തേ എടുത്തവർക്കുവേണ്ടി ഷോ നടത്തേണ്ടിവന്നു. മിക്കവാറും പേർ എത്തുകയും ചെയ്തു. വൈകീട്ട് നാലുമുതൽ പതിവുപോലെ ഷോ നടന്നു. വൻതിരക്കായിരുന്നു ഇതിന്.

കാസർകോട്ട് കെ.എസ്.ആർ.ടി.സി.യുടെ 97 ഷെഡ്യൂളുകളിൽ 89 എണ്ണവും മുടങ്ങി. ഹർത്താൽ തീർന്ന് വൈകീട്ട് ആറുമണിക്കു ശേഷമുള്ളവയായിരുന്നു ബാക്കി ഉള്ളവ. അത് മുടങ്ങിയില്ല. 13 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഡിപ്പോ അധികൃതർ അറിയിച്ചു. കാഞ്ഞങ്ങാട്ട് 57 ഷെഡ്യൂളുകൾ മുടങ്ങി. 6.4 ലക്ഷം രൂപ നഷ്ടമുണ്ടായി.

മുൻ ഹർത്താലിൽ ബസ്സുകൾക്കുനേരെ കല്ലേറുണ്ടായതിനാൽ ഒരു ബസ്സും ഓടിയില്ല. ഹർത്താൽ തുടങ്ങുന്ന പുലർച്ചെ ആറുമണിക്കുമുമ്പ് പാതിദൂരം ചില ബസ്സുകൾ മുൻ ഹർത്താലുകളിൽ ഓടിയിരുന്നു. കാസർകോട് റെയിൽവേസ്റ്റേഷനിൽ വെൻഡിങ്‌ മെഷീൻ മുഖേന അഞ്ഞൂറിലേറെ ടിക്കറ്റാണ് വെള്ളിയാഴ്ച കൊടുത്തത്.

സാധാരണ മൂന്നുമടങ്ങ് വരുന്നതാണ്. കൂടുതൽ വിറ്റത് മംഗളൂരു ഭാഗത്തേക്കുള്ളതായിരുന്നു. റെയിൽവേ സ്റ്റേഷനിലെ ഓട്ടോ കൗണ്ടർ പതിവുപോലെ പ്രവർത്തിച്ചു. പക്ഷേ, സാധാരണ അഞ്ഞുറോളം പ്രീപെയ്ഡ് സർവീസ് ഉണ്ടാകുന്നത് ഹർത്താൽ ദിനത്തിൽ നൂറ്റിഇരുപതോളമേ ഉണ്ടായുള്ളൂ. നല്ല പങ്ക്‌ ദീർഘദൂരക്കാരായിരുന്നു.

ഒടിയൻ സിനിമ റിലീസ് ദിവസം കാണാൻ കാത്തിരുന്ന ഏറെപ്പേരും നിരാശപ്പെട്ടു. കാസർകോട്ടെ ഒരു തിയേറ്റർ കോംപ്ലക്സിൽ റിലീസ് ദിവസം 15 ഷോ തീരുമാനിച്ചെങ്കിലും ഏഴെണ്ണമേ നടത്തിയുള്ളൂ. ഓൺലൈൻ ബുക്കുചെയ്തവർക്കുവേണ്ടി പകൽ മുഴുവൻ നടത്തേണ്ടിവന്നു. ഇത്തരം ഷോകൾക്ക് പത്തുശതമാനം ടിക്കറ്റേ കൗണ്ടർ മുഖേന വിറ്റുള്ളൂ എന്ന് മാനേജ്‌മെന്റ് അറിയിച്ചു. രണ്ടാഴ്ചമുമ്പുതന്നെ ഓൺലൈൻ ടിക്കറ്റുകൾ തീർന്നിരുന്നു.

കാസർകോട് കളക്ടറേറ്റിലെ 169 ജീവനക്കാരിൽ 44 ശതമാനം പേരേ ജോലിക്കെത്തിയുള്ളൂ. മറ്റ് വകുപ്പുകളും ഭാഗികമായി മാത്രം പ്രവർത്തിച്ചു. ഉപ്പളയ്ക്കടുത്ത കായിക്കമ്പ കന്യാന റൂട്ടിൽ ബായർപദവിൽ രാവിലെ പ്രകടനത്തിനുശേഷം കൂടിനിന്ന ഹർത്താൽ അനുകൂലികളെ പോലീസ് പറഞ്ഞുവിട്ടു. നീലേശ്വരം, ബദിയുടക്ക, കുമ്പള എന്നിവിടങ്ങളിലും പ്രകടനം നടന്നു.