കാഞ്ഞങ്ങാട്: ആ മൂന്നു കുഞ്ഞുങ്ങളും വെള്ളത്തുണിക്കുമീതെ കണ്ണടച്ചു കിടന്നു. ഓടിയും ചാടിയും നടന്ന അകത്തളങ്ങൾ നിറഞ്ഞ വീടിന്റെ മുറ്റത്ത്. പിഞ്ചോമനകൾ ഒരുമിച്ചുറങ്ങുന്നതുപോലെയായിരുന്നു അത്. കളിയും ചിരിയും കുസൃതിയുമെല്ലാം നിഴലിച്ചുനിന്ന മുഖങ്ങൾ. ഓമനത്തം തുളുമ്പിയുള്ള ശാഠ്യവും കരച്ചിലും ഇനി ഓർമ. ഭൂമിയിൽ നിന്ന് ആ പൂമ്പാറ്റകൾ പാറിയകന്നു. നാടിന്റെ തേങ്ങലും പൊട്ടിക്കരച്ചിലും കാണാതെ, കേൾക്കാതെ...

വെള്ളക്കെട്ടിൽ മുങ്ങിമരിച്ച ബാവാനഗറിലെ ആറു വയസ്സുള്ള അജിനാസിനെയും മിഷ്ബാഹിനെയും നാലുവയസ്സുകാരൻ മുഹമ്മദ്ബാസിറിനെയും പിടഞ്ഞ മനസ്സോടെ നാട് യാത്രയാക്കി.

ആ മൂന്നു പൂമ്പാറ്റകളും പാറിയകന്നു
ബാവാനഗറിൽ മരിച്ച കുട്ടികളുടെ മൃതദേഹങ്ങൾ വീട്ടിലെത്തിച്ചപ്പോൾ
രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. ഉൾപ്പെടെയുള്ളവർ അന്തിമോപചാരമർപ്പിക്കുന്നു

വ്യാഴാഴ്ച വൈകീട്ടാണ് മൂന്നു പേരും കടപ്പുറം ക്ഷേത്രത്തിന് സമീപത്തെ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചത്. വെള്ളിയാഴ്ച രാവിലെ അതിവേഗം ഇൻക്വസ്റ്റ് പൂർത്തിയാക്കി മൂവരുടെയും മൃതദേഹങ്ങൾ പരിയാരം ഗവ. മെഡിക്കൽ കോളേജിലെത്തിച്ചു. മൃതദേഹപരിശോധനാനടപടികളും പെട്ടെന്നു നടത്തി.

മെഡിക്കൽ കോളേജിനടുത്തുള്ള സി.എച്ച്. സെന്ററിൽ അന്ത്യകർമങ്ങൾ നടത്തിയ ശേഷമാണ് മൃതദേഹങ്ങൾ ബാവാനാഗറിലെ വീട്ടിലെത്തിച്ചത്. വിതുമ്പലും തേങ്ങലും പൊട്ടിക്കരച്ചിലുമായി ജനം വീട്ടിലേക്കൊഴുകി. ലോക്ഡൗൺ നിയമം ലംഘിക്കാൻവിടാതെ ആളുകളെ മാറ്റിനിർത്താൻ പോലീസും പൊതുപ്രവർത്തകരും പാടുപെട്ടു.

കണ്ണടച്ചുകിടന്ന നിഷ്‌കളങ്കമായ ആ മുഖങ്ങളിലേക്ക് ഒറ്റത്തവണ നോക്കിയവരെല്ലാം അവരവരുടെ മുഖം അമർത്തിപ്പിടിച്ചു കരഞ്ഞു. മണ്ണപ്പം ചുട്ടും മണ്ണുവാരിയും കളിച്ച വീട്ടുമുറ്റത്ത് ഇവർ മൂന്നുപേരും ഒട്ടേറെ ചെറുകുഴികളുണ്ടാക്കിയിരുന്നു. ഇവയ്ക്ക് മീതെ രണ്ടു കട്ടിലുകൾ നിരത്തിയിട്ടാണ് മൂന്നു പേരെയും കിടത്തിയത്.

രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി.യും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. ജി. സി. ബഷീറും നഗരസഭാചെയർമാൻ വി.വി. രമേശനും മുൻ നഗരസഭാ ചെയർമാൻ അഡ്വ. എൻ.എ. ഖാലിദും സംയുക്ത ജമാഅത്ത് പ്രസിഡന്റ് മെട്രോ മുഹമ്മദ്ഹാജിയും സെക്രട്ടറി ബഷീർ ആറങ്ങാടിയുമുൾപ്പെടെയുള്ളവർ ആദരാഞ്ജലിയർപ്പിച്ചു. ഫോൺവിളിച്ച് മന്ത്രി ഇ. ചന്ദ്രശേഖരനും ദുഃഖത്തിൽ പങ്കുചേർന്നു.

വെള്ളിയാഴ്ച ഉച്ചക്ക് 1.30-ഓടെയായിരുന്നു മൃതദേഹങ്ങൾ വീട്ടിലെത്തിച്ചത്. നാട്ടുകാരും പൊതുപ്രവർത്തകരുമെല്ലാം അന്ത്യോപചാരം അർപ്പിച്ച ശേഷം അവസാന നിമിഷത്തിലാണ് ബന്ധുക്കളെ കുട്ടികൾക്കരികിലെത്തിച്ചത്.

കാഞ്ഞങ്ങാട്ട് ഒരുവീട്ടിലെ മൂന്നു കുട്ടികൾ  വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചു; കണ്ണീർച്ചാലായി ബാവാനഗർ

കുട്ടികളുടെ ഉമ്മമാരെ താങ്ങിപ്പിടിച്ച് മുറ്റത്തെത്തിച്ചപ്പോഴേക്കും കണ്ടുനിന്നവർക്ക് സഹിച്ചില്ല. പൊന്നുമക്കളേ എന്നു വിളിച്ച് ഉമ്മമാർ വാവിട്ട് നിലവിളിച്ചതോടെ കണ്ടുനിന്നവരും പൊട്ടിക്കരഞ്ഞു. മിഷ്ബാഹിന്റെ പിതാവ് സാമിർ നാട്ടിലുണ്ട്. മറ്റു രണ്ടുപേരുടെയും പിതാക്കളായ നൂർദ്ദീനും നാസറും വിദേശത്താണ്. സാമിറിനെ ആശ്വസിപ്പിക്കാൻ ആർക്കും കഴിഞ്ഞില്ല.

'ഈ മുറ്റത്ത് മാത്രമേ അവർ കളിക്കാറുള്ളൂ. ആ ഒരു സമയം മാത്രമാണ് ഈ പൊന്നുമക്കൾ വെള്ളക്കെട്ടിനടുത്തേക്ക് പോയത്. കളിക്കുന്നതിനിടെ ഇടയ്ക്കിടെ വെള്ളം ചോദിക്കും. വൈകീട്ട് നോമ്പുതുറക്ക് മുന്നോടിയായി പെയ്ത മഴയ്ക്കിടെ കുട്ടികളെ അന്വേഷിക്കുമ്പോഴും അവർ വെള്ളക്കെട്ടിൽ പോയി വീഴുമെന്ന് കരുതീല്ല...' -പൊട്ടിക്കരയുന്നതിനിടെ സാമിർ ഇതു പറഞ്ഞുകൊണ്ടേയിരുന്നു.

വീട്ടിൽ നിന്ന് നേരെ ബാവാനഗർ ജമാഅത്ത് പള്ളി ഖബർസ്ഥാനിലെത്തിച്ചു. അടുത്തടുത്തായുള്ള കുഴികളിൽ കുട്ടികളെ കിടത്തി. ചിറകുകൾ വിടരുംമുമ്പേ കൊഴിഞ്ഞ മൂന്നു പൂമ്പാറ്റകളും ഒരുമിച്ച് അന്ത്യനിദ്രപുൽകി.

Content Highlight: funeral of three children drowned in Kanhangad