ചെറുവത്തൂർ: പിലിക്കോടിനെയും സമീപപ്രദേശങ്ങളെയും പുലിപ്പേടിയിലാക്കി ഒരു രാത്രി കടന്നുപോയി. ചൊവ്വാഴ്ച രാത്രിയാണ് ചെറുവത്തൂർ-പിലിക്കോട് റോഡിൽ മല്ലക്കര അങ്കണവാടിക്ക് സമീപം പുലിയെ കണ്ടെന്ന് പ്രചാരണം തുടങ്ങിയത്.

ഇതുവഴിപോയ ഒരു കാർയാത്രക്കാരൻ പുലിയെ കണ്ടെന്നും ഒരു ബൈക്ക് യാത്രക്കാരനാണ് പുലിയെ കാണിച്ചുകൊടുത്തതെന്നുമായിരുന്നു പ്രചാരണം. ഇതോടെ നൂറുകണക്കിനാളുകൾ മല്ലക്കര അങ്കണവാടിക്ക് സമീപത്തേക്കെത്തി. തൊട്ടടുത്ത ശ്മശാനത്തിലെ കുറ്റിക്കാട്ടിൽ പുലി ഒളിച്ചിരിപ്പുണ്ടെന്നും ഉറപ്പിച്ചു. വിവരമറിഞ്ഞ് ചന്തേര പോലീസുമെത്തി. രാഷ്ട്രീയപ്പാർട്ടി നേതാക്കളും സ്ഥലത്തെത്തി. നാട്ടുകാരായ ചെറുപ്പക്കാർ വാഹനത്തിൽ മൈക്ക് കെട്ടി ജാഗ്രതപാലിക്കണമെന്നും സുരക്ഷ ഉറപ്പാക്കണമെന്ന മുന്നറിയിപ്പും നൽകി.

പ്രഭാത നടത്തക്കാർ, പാൽ, പത്രം കൊണ്ടുപോകുന്നവർ ശ്രദ്ധിക്കണമെന്നും മുഴുവൻ വീടുകളിലും ലൈറ്റ് തെളിച്ചുവെക്കണമെന്നും സമൂഹികമാധ്യമങ്ങളിലൂടെ ശബ്ദസന്ദേശവും പ്രചരിപ്പിച്ചു. അങ്കണവാടിക്ക് സമീപം ഇറങ്ങിയ പുലിയെന്ന അടിക്കുറിപ്പോടെ വ്യാജ ചിത്രവും ചിലർ പോസ്റ്റ് ചെയ്തു. ആശങ്കയിലായ നാട്ടുകാരിൽ പലരും ഒരുരാത്രി ഉറങ്ങാതെ കഴിച്ചുകൂട്ടി. ബുധനാഴ്ച രാവിലെ വനംവകുപ്പ് അധികൃതരെത്തി മല്ലക്കരയിലെ ശ്മശാനപരിസരം അരിച്ചുപെറുക്കി. പ്രദേശത്ത് പുലിയെത്തിയതിന്റെ ലക്ഷണമില്ലെന്നും കണ്ടത് പുലിയെ യായിരിക്കില്ലെന്നും വനംവകുപ്പ് അധികൃതർ ഉറപ്പിച്ചു.

തൊട്ടുപിന്നാലെ പുലി കുണിയനിലേക്ക് കടന്നെന്നായി ചിലരുടെ പ്രചാരണം. മല്ലക്കരയിലെ അങ്കണവാടിക്ക് സമീപത്തെ ശ്മശാനത്തിലെ കുറ്റിക്കാട്ടിൽ കാട്ടുപൂച്ച, മുള്ളൻപന്നി തുടങ്ങിയവയെ കാണാറുണ്ട്. കാട്ടുപൂച്ചയെ കണ്ട് പുലിയെന്ന് തെറ്റിദ്ധരിച്ചതായിരിക്കാമെന്ന് സമീപവാസികൾ പറഞ്ഞു.

Content Highlights; forest department says its not leopard