ചെറുവത്തൂർ: ദേശീയപാതയിൽ ഞാണങ്കൈ മുതൽ കണ്ണംകുളം വരെ ചെറുവത്തൂർ ടൗണിൽ ദേശീയപാത വകസിപ്പിക്കുന്നതിന് തടസ്സമായ മരങ്ങൾ മുറിച്ചുമാറ്റാൻ അനുമതിയായി.

പാത വികസനത്തിന് 92 ലക്ഷം രൂപ നേരത്തേ അനുവദിച്ചിരുന്നു. ടെൻഡർ നടപടി പൂർത്തിയായി. 77,91,693 രൂപയ്ക്ക് പ്രവൃത്തി പൂർത്തിയാക്കാൻ മുഹമ്മദ് മുനീർ കരാറെടുത്തിട്ട് മാസങ്ങൾ പിന്നിട്ടു.

റോഡിന് വീതി കൂട്ടേണ്ട സ്ഥലത്തെ മരങ്ങൾ മുറിച്ചുമാറ്റാൻ വനംവകുപ്പ് കണക്കാക്കിയ തുകയ്ക്ക് ലേലം കൊള്ളാൻ ആരുമെത്തിയില്ല. മൂന്നുതവണ ലേലം നിശ്ചയിച്ചെങ്കിലും മാറ്റിവെച്ചു.

പിന്നീട് വില 16,9,000 രൂപയായി കുറച്ചു. രണ്ടുതവണ ലേലം വെച്ചു. ഒടുവിൽ 55,000 രൂപയ്ക്ക്‌ ഒരാൾ തയ്യാറായെങ്കിലും ഇതിന് അംഗീകാരം കിട്ടയില്ല. തുടർന്നാണ് പ്രവൃത്തി അനിശ്ചിതത്വത്തിലായത്.

ടെൻഡർ നടപടി കഴിഞ്ഞിട്ടും പ്രവൃത്തി നടക്കാത്തതിനെത്തുടർന്ന് പ്രശ്നപരിഹാരത്തിനായി എ.രാജഗോപാലൻ എം.എൽ.എ. പൊതുമരാമത്ത് മന്ത്രി ജി.സുധാകരന് നിവേദനം നൽകി.

മന്ത്രിയുടെ നിർദേശാനുസരണം ചീഫ് എൻജിനീയർ 55,000 രൂപയുടെ ലേലത്തിന് അംഗീകാരം നൽകി. തിങ്കളാഴ്ച മരം മുറിച്ചുമാറ്റുന്ന പ്രവൃത്തി തുടങ്ങും.