തൃക്കരിപ്പൂർ: ഇളമ്പച്ചി-തലിച്ചാലം അടിപ്പാതയിലെ വെള്ളക്കെട്ട് ഒരു നാടിന്റെ ഉറക്കം കെടുത്തുകയാണ്‌. കഴിഞ്ഞ ഒരുമാസത്തിനകം ഇരുചക്രവാഹനമടക്കമുള്ള നിരവധി വാഹനങ്ങൾ വെള്ളക്കെട്ടിൽ കുടുങ്ങുകയുണ്ടായി. നാട്ടുകാരുടെ ജാഗ്രതയിലാണ്‌ വൻ ദുരന്തം ഒഴിവായത്. സ്കൂൾ തുറക്കുന്നതോടെ കുട്ടികൾ അപകടത്തിൽപ്പെടുമോയെന്ന ഭയത്തിലാണ് നാട്ടുകാർ. അടിപ്പാതയുടെ മുകളിലുടെ രണ്ട് റെയിൽപ്പാളങ്ങൾ മുറിച്ചുകടന്ന് നടന്നുപോകാനും വിഷമമാണ്.

അടിപ്പാതയിലെ വെള്ളം പമ്പുചെയ്ത് നീക്കുന്നതിൽ കാണിക്കുന്ന അനാസ്ഥയാണ് അപകടങ്ങൾക്കിടയാക്കുന്നത്. കൃത്യനിഷ്ഠയോടെയുള്ള പമ്പിങ്‌ സംവിധാനം ഇവിടെയില്ല. വെള്ളം പമ്പുചെയ്ത് നീക്കി രണ്ട് മണിക്കൂർ കഴിഞ്ഞാൽ അടിപ്പാതയിൽ വീണ്ടും വെള്ളം നിറയും. വെള്ളമില്ലാത്ത സമയത്ത് വാഹനങ്ങൾ കടന്നുപോകുന്നു.

വാഹനങ്ങൾ തിരിച്ചുവരുമ്പോഴേക്ക് വെള്ളം നിറഞ്ഞിട്ടുണ്ടാവും. അതാണ് വാഹനങ്ങൾ വെള്ളത്തിൽ കുടുങ്ങാൻ കാരണം. രാത്രികാലങ്ങളിലാണ് അപകടം എറെയും നടക്കുന്നത്. വെള്ളം കൃത്യമായി പന്പുചെയ്ത്‌ കളയുന്നില്ലെങ്കിൽ ഇവിടെ ഒരു കടവ്‌ തുറന്ന്‌ േതാണിവെക്കുന്നതാകും നല്ലതെന്നാണ്‌ നാട്ടുകാരുടെ അഭിപ്രായം.

പമ്പിങ്‌ സംവിധാനം കാര്യക്ഷമമല്ല

അടിപ്പാതയോടുചേർന്ന് നിർമിച്ച കോൺക്രീറ്റ് കിണറ്റിൽനിന്നാണ് വെള്ളം പമ്പുചെയ്യുന്നത്. ആ കിണറിന് അടിപ്പാതയേക്കാൾ താഴ്ചയുണ്ട്. പമ്പ് ചെയ്യുമ്പോൾ പാതയിലെ വെള്ളം കിണറിലേക്ക് ഒഴുകിയെത്തും. മൂന്ന് കുതിരശക്തിയുള്ള മോട്ടോറാണ് ഇവിടെയുണ്ടായിരുന്നത്.

രണ്ടുമണിക്കൂർ പ്രവർത്തിച്ചാൽ അരമണിക്കൂറോളം മോട്ടോർ ഓഫ് ചെയ്യേണ്ടിവരും. ഇപ്പോൾ പുതുതായി ഒരു മോട്ടോർകൂടി സ്ഥാപിക്കാൻ റെയിൽവേ തയ്യാറായിട്ടുണ്ട്. ഇപ്പോൾ തമിഴ്നാട് സ്വദേശിയാണ് വെള്ളം പമ്പുചെയ്യുന്നത്. നേരത്തേ സമീപവാസികളാണ് അത് ചെയ്തിരുന്നത്. ഇവരുടെ സേവനം കൃത്യസമയത്തുണ്ടാവുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. വെള്ളം പമ്പുചെയ്യുന്ന ഭാഗത്തെ കാടുകൾ വെട്ടിത്തെളിക്കാത്തതിനാൽ രാത്രി പമ്പിങ്‌ നടത്താനും പ്രയാസമാണ്.

ഉറക്കംകെടുത്തി ഇളമ്പച്ചി-തലിച്ചാലം അടിപ്പാതചോർച്ച തടയാൻ ജനകീയകൂട്ടായ്മയ്ക്ക്‌ ശ്രമം

അടിപ്പാതയിലേക്കുള്ള ചോർച്ച തടയാൻ നാട്ടുകാർ സ്വന്തം നിലയിൽ എന്തെങ്കിലും ചെയ്യാൻ പറ്റുമോയെന്ന ശ്രമത്തിലാണ്. അതിനായി ഈ രംഗത്ത് പ്രവർത്തിക്കുന്ന വിദഗ്‌ധരുമായി ചർച്ചചെയ്തു വരികയാണ്. നാലുലക്ഷത്തോളം രൂപ ചെലവുവരുന്ന ഈ പ്രവൃത്തി തെക്കുമ്പാട്, തലിച്ചാലം, ഇളമ്പച്ചി പ്രദേശത്തെ നാട്ടുകാരുടെ യോഗം വിളിച്ചുചേർത്ത് ജനകീയ കൂട്ടായ്മയോടെ നടത്താനുള്ള ശ്രമത്തിലാണ്.

കെ.രഘുനാഥ്, പി.ടി.എ. പ്രസിഡൻറ് സൗത്ത് തൃക്കരിപ്പൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ.

പമ്പിങ്‌ സംവിധാനം കാര്യക്ഷമമാക്കണം

രണ്ട് മോട്ടോറുകൾ സ്ഥാപിച്ച് പമ്പിങ്‌ സംവിധാനം കാര്യക്ഷമമാക്കണം. ഇതിന്റെ ചുമതല പരിസരവാസികൾക്ക് നൽകണം. എങ്കിൽ രാത്രിവൈകിയും പുലർച്ചെയും പമ്പിങ്‌ നടത്താൻ പറ്റും. രണ്ട് മോട്ടോറുകൾ കാര്യക്ഷമമായി പ്രവർത്തിപ്പിച്ചാൽ അപകടമില്ലാതെ വാഹനങ്ങൾക്ക് കടന്നുപോകാൻ പറ്റും

പി.ചന്ദ്രൻ, ഇളമ്പച്ചി

അപകടകാരണം മുന്നറിയിപ്പ് ബോർഡില്ലാത്തത്

അടിപ്പാതയിൽ വെള്ളക്കെട്ടുള്ളത് സംബന്ധിച്ച് മുന്നറിയിപ്പ് ബോർഡ് ഇല്ലാത്തത് പരിചയമില്ലാത്ത വാഹനങ്ങൾ അപകടത്തിൽപ്പെടാൻ ഇടയാക്കുന്നു. വെള്ളക്കെട്ടിൽ എൻജിൻ ഓഫാവുന്നതിനാൽ പിന്നീട് വാഹനം മറ്റ് വാഹനങ്ങൾ വരുത്തി കെട്ടിവലിക്കേണ്ട അവസ്ഥയാണ്.

വി.സതീശൻ , ഓട്ടോഡ്രൈവർ, ഇളമ്പച്ചി.

രണ്ടുകോടി രൂപ ചെലവിൽ നിർമിച്ച അടിപ്പാത

2017 മേയ് 27-നാണ് അടിപ്പാത തുറന്നത്. ഒരാഴ്ച കഴിഞ്ഞ് കാലവർഷം തുടങ്ങിയതോടെ പാതയിൽ വെള്ളം നിറഞ്ഞ്‌ ഗതാഗതം തടസ്സപ്പെട്ടു. ഇപ്പോൾ വെള്ളക്കെട്ട് കാരണം ഒരുപ്രദേശം ഒറ്റപ്പെടുന്ന അവസ്ഥയാണ്. നാട്ടുകാരുടെ നിരന്തര ആവശ്യത്തെത്തുടർന്നാണ്‌ പമ്പിങ്‌ സംവിധാനമൊരുക്കിയത്.