ചെറുവത്തൂർ: ലോകശാസ്ത്രഭൂപടത്തിൽ ചെറുവത്തൂരിന്റെ സ്ഥാനമുറപ്പിക്കുന്ന വലയസൂര്യഗ്രഹണം വീക്ഷിക്കുന്നതിന് കുട്ടമത്ത് ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ വിപുലമായ സൗകര്യമൊരുക്കും. അമേരിക്ക, ഫ്രാൻസ്, റഷ്യ, ജപ്പാൻ തുടങ്ങി ഏഴ് രാജ്യങ്ങളിൽനിന്ന്‌ സൂര്യഗ്രഹണം നിരീക്ഷിക്കാൻ ശാസ്ത്രജ്ഞരും മാധ്യമപ്രവർത്തകരും ഗവേഷണവിദ്യാർഥികളുമുൾപ്പെടെ നിരവധിപേർ ചെറുവത്തൂരിലെത്തും.

ആകാശവിസ്മയം വീക്ഷിക്കുന്നതിന് ബിഗ് സ്‌ക്രീൻ, ടെലിസ്‌കോപ്പ് എന്നിവ സ്ഥാപിക്കും. സൗരകണ്ണടയും ലഭ്യമാക്കും. 26-ന് കുട്ടമത്ത് ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് സൂര്യഗ്രഹണം വീക്ഷിക്കാനെത്തുന്നവർ നേരത്തേ പേര് രജിസ്റ്റർചെയ്യണം. 25-ന്‌ വൈകീട്ട് അഞ്ചുവരെ രജിസ്റ്റർചെയ്യാം. 26-ന് രാവിലെ ഏഴുവരെമാത്രമേ കുട്ടമത്ത് ഹയർസെക്കൻഡറി സ്‌കൂൾമൈതാനത്തേക്ക് പ്രവേശനം ലഭിക്കൂ. മുന്നോടിയായി മാധ്യമപ്രവർത്തകർക്കും തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്കും ശില്പശാല നടത്തുമെന്ന് കളക്ടർ ഡോ. ഡി.സജിത്ത് ബാബു അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു. എം.രാജഗോപാലൻ എം.എൽ.എ. യോഗം ഉദ്ഘാടനംചെയ്തു. സ്പേസ് ഇന്ത്യ സി.എം.ഡി. സച്ചിൻ ബാബ, ഗ്രമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.വി.പ്രമീള, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വെങ്ങാട്ട് കുഞ്ഞിരാമൻ, പി.സുമിത്ര, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ കെ.വി.കുഞ്ഞിരാമൻ, കെ.നാരായണൻ, കെ.സത്യഭാമ, എം.വി.ജയശ്രീ തുടങ്ങിയവർ സംബന്ധിച്ചു.

ഭാരവാഹികൾ: എം.രാജഗോപാലൻ എം.എൽ.എ.(ചെയർ.), മുൻ എം.എൽ.എ. കെ.കുഞ്ഞിരാമൻ, പ്രിൻസിപ്പൽ ടി.സുമതി (വൈസ് ചെയർ.), മാധവൻ മണിയറ(കൺ.), ടി.ജനാർദനൻ(ജോ.കൺ.), സച്ചിൻ ബാബ (സയന്റിഫിക് അഡ്വൈസർ). വിവിധ ഉപസമിതികളും രൂപവത്കരിച്ചു.