പെരിയ: രാസകീടനാശിനി പൂർണമായും ഒഴിവാക്കി ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കാൻ സർക്കാരും കൃഷിവകുപ്പും ഒന്നിച്ചുനീങ്ങുകയാണ്. കേന്ദ്ര സർക്കാരിന്റെ പരമ്പരാഗത കൃഷിവികാസ് യോജന പദ്ധതിയും സ്റ്റേറ്റ് ഹോർട്ടി കൾച്ചർ മിഷനും കൃഷി വകുപ്പും ജൈവ കൃഷി പ്രോത്സാഹനം വിവിധ പദ്ധതികളിലൂടെ സംസ്ഥാനത്ത് നടപ്പാക്കുകയാണ്. കാഞ്ഞങ്ങാട്, പരപ്പ ബ്ലോക്കുകളിൽ കർഷകർക്ക് സബ്സിഡിയിലുൾപ്പെടുത്തി സൗജന്യമായി മണ്ണിര കമ്പോസ്റ്റ് നിർമിച്ച് നൽകുകയാണ് കൃഷിവകുപ്പ്. കാഞ്ഞങ്ങാട് ബ്ലോക്കിലേക്ക് ആവശ്യമായ മണ്ണിര കമ്പോസ്റ്റുകൾ നിർമിച്ച് നൽകുന്നത് പെരിയ കൃഷിഭവന്റെ കീഴിൽ പ്രവർത്തിക്കുന്ന കാർഷിക സേവന കേന്ദ്രമാണ്.
തെങ്ങ് പ്രധാനവിളയായും കുരുമുളകും കശുമാവും ഇടവിളയായും കൃഷിചെയ്യുന്ന കർഷകർക്കാണ് മണ്ണിര കമ്പോസ്റ്റ് നിർമിച്ചുനൽകുന്നത്. പെരിയ കൃഷിഭവൻപരിധിയിൽമാത്രം 200 മണ്ണിര കമ്പോസ്റ്റുകളാണ് നിർമിക്കേണ്ടത്. ഇതിൽ 40 എണ്ണത്തിന്റെ പ്രവൃത്തി പൂർത്തിയായി. അജാനൂർ, മടിക്കൈ എന്നീ കൃഷിഭവനുകളും പെരിയ കാർഷിക സേവന കേന്ദ്രത്തിന്റെ സേവനം ആവശ്യപ്പെട്ടിട്ടുണ്ട്. അങ്ങനെയെങ്കിൽ മൂന്ന് കൃഷിഭവനുകളിലുമായി മാർച്ച് അവസാനത്തോടെ അറുന്നൂറോളം മണ്ണിര കമ്പോസ്റ്റുകൾ നിർമിക്കും.
പെരിയ കാർഷിക സേവന കേന്ദ്രത്തിലെ പരിശീലനം ലഭിച്ച 10 വനിതകൾ രണ്ടുപേരടങ്ങുന്ന സംഘമായാണ് കൃഷിയിടത്തിൽ നേരിട്ടുചെന്ന് കമ്പോസ്റ്റ് നിർമിച്ച് നൽകുന്നത്. സിമെന്റും സിമെന്റ് കട്ടയും ഉപയോഗിച്ച് വശംകെട്ടി നിലം വാർക്കും. ശേഷം കമ്പോസ്റ്റിനാവശ്യമായ മണ്ണിരകളെ കൃഷിഭവൻ നൽകും. കർഷകൻ സ്വയം നിർമിക്കുകയാണെങ്കിൽ നിർമാണത്തിന് ഏഴായിരത്തോളം രൂപ ചെലവുവരുന്നതാണ് കൃഷിഭവൻ സൗജന്യമായി നിർമിച്ച് നൽകുന്നത്.
കാഞ്ഞങ്ങാട് കൃഷി അസി. ഡയറക്ടർ ജി.ബാബുരാജ്, പെരിയ കൃഷി ഓഫീസർ സി.പ്രമോദ്കുമാർ, അസി. കൃഷി ഓഫീസർ കെ.ജയപ്രകാശ്, കൃഷി അസിസ്റ്റന്റ് എ.നിർമലകുമാരി എന്നിവരാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.