തൃക്കരിപ്പൂർ: മാണിയാട്ട് മുതൽ നടക്കാവ് മൈതാനം വരെ നിർമിക്കുന്ന ഓവുചാലിന്റെ തൃക്കരിപ്പൂർ ഗവ. പോളിക്ക് മുന്നിലുള്ള നൂറ്ുമീറ്ററോളം ഭാഗത്തെ കോൺക്രീറ്റ് ഭിത്തി തകർന്നു. ഇരുന്നൂറ് മീറ്ററോളം ഭാഗം കോൺക്രീറ്റ് ഇളകിക്കിടക്കുകയാണ്. കോൺക്രീറ്റ് ചെയ്യാനായി ആഴത്തിൽ കുഴിയെടുത്തതിനാൽ തെക്കേ മാണിയാട്ട് ബസ് കാത്തിരിപ്പ് കേന്ദ്രം അപകടാവസ്ഥയിലായി. ഇതിനടുത്ത തണൽമരങ്ങളും കടപുഴകി വീഴുന്ന നിലയിലാണ്.
ഒരാഴ്ച മുൻപ് നിർമിച്ച ഓവുചാലിന്റെ ഭിത്തിയാണ് കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിൽ തകർന്നത്. ഓവുചാൽ നിർമാണം അവസാനഘട്ടത്തിലെത്തിയതായിരുന്നു. കഴിഞ്ഞ വർഷം തുടങ്ങിയ പണി ഇടക്കാലത്ത് നിർത്തിവെച്ചിരുന്നു. പിന്നീട് രണ്ടുമാസത്തിന് ശേഷമാണ് തുടങ്ങിയത്. നിർമാണം തുടങ്ങിയപ്പോൾ തന്നെ അശാസ്ത്രീയമാണെന്ന് പരാതിയുണ്ടായിരുന്നു. ഇതുസംബന്ധിച്ച് നാട്ടുകാർ കളക്ടർക്കും പൊതുമരാമത്തധികൃതർക്കും നേരത്തെ പരാതി നൽകിയിരുന്നു. എന്നാൽ, തുടർനടപടിയുണ്ടായില്ല.
കാലിക്കടവ് മുതൽ ഒളവറ വരെ മെക്കാഡം ടാറിടുന്നതിന്റെ ഭാഗമായാണ് ഓവുചാൽ നിർമിക്കുന്നത്. നിർമാണസമയത്ത് പൊതുമരാമത്ത് എൻജിനീയർമാർ ഒരിക്കൽ പോലും സ്ഥലത്തെത്തിയിരുന്നില്ലെന്ന് ആക്ഷേപമുണ്ട്. നിർമാണം തുടങ്ങുന്നതിനുമുൻപ് നാട്ടുകാരുടെ യോഗം വിളിച്ച് അഭിപ്രായം തേടണമെന്നും മേൽനോട്ടസമിതി ഉണ്ടാക്കണമെന്നും നിർദേശമുണ്ടായിരുന്നെങ്കിലും നടപ്പായില്ല.
മാണിയാട്ട് സെൻട്രൽ മുതൽ മാണിയാട്ട് ചെറിയപള്ളി വരെ ഓവുചാൽ നിർമിച്ച് അവിടെ നിലവിലുള്ള ഓവുചാലുമായി ബന്ധിപ്പിക്കുന്നതാണ് വെള്ളം ഒഴുകിപ്പോകാൻ സൗകര്യപ്രദമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടിയിരുന്നു. ഇങ്ങനെ ചെയ്താൽ 400 മീറ്റർ കൊണ്ട് ഇവിടത്തെ വെള്ളക്കെട്ട് ഒഴിവാക്കാമായിരുന്നു. ഓവുചാൽ നിർമിച്ച ഭാഗത്ത് ഇപ്പോൾ വെള്ളം നിറഞ്ഞിരിക്കുകയാണ്. ഇവിടെ ആഴത്തിൽ കുഴിയെടുത്തതിനാൽ അപകടം പതിയിരിക്കുന്നു. തറനിരപ്പിൽനിന്ന് താഴ്ന്നനിലയിലാണ് ഓവുചാൽ നിർമിച്ചത്. ഇതിനാൽ പരിസരത്തെ വീട്ടുകാർ സ്വന്തം ചെലവിൽ കല്ലുകെട്ടി ഉയർത്തിയ ശേഷമാണ് വീടുകളിലേക്കുള്ള വഴി കോൺക്രീറ്റ് ചെയ്യുന്നത്.