മംഗളൂരു : നിത്യേന പകൽ 100 കിലോമീറ്റർ സൈക്കിൾ യാത്ര, രാത്രി ഏതെങ്കിലും പെട്രോൾപമ്പിൽ അന്തിയുറക്കം, രാവിലെ വീണ്ടും യാത്ര -എറണാകുളം നോർത്ത് പറവൂരിലെ എം.ആർ.ജിത്തു തന്റെ സൈക്കിളിൽ ഒറ്റയ്ക്ക് ഭൂട്ടാനിലേക്ക് പോവുകയാണ്.

കോവിഡ് മഹാമാരി പലരുടേയും യാത്രാസ്വപ്നങ്ങളെ കരിച്ചുണക്കിയപ്പോൾ രണ്ടു ഡോസ് കോവിഡ് വാക്സിനുമെടുത്ത് ഈ ചെറുപ്പക്കാരൻ സൈക്കിൾ ചവിട്ടുകയാണ് തന്റെ സ്വപ്നത്തിലേക്ക്. സെപ്റ്റംബർ ഒന്നിന് ആഘോഷങ്ങ‌ളില്ലാതെ പറവൂർ മണ്ഡലവീട്ടിൽനിന്ന് കാപ്പികുടിച്ച് ഇറങ്ങിയതാണ് ജിത്തു. ദക്ഷിണേന്ത്യ ചുറ്റി കശ്മീർ കടന്ന് നേപ്പാൾ വഴി ഭൂട്ടാൻ ലക്ഷ്യംവെച്ച്.

ശനിയാഴ്ച രാവിലെ മംഗളൂരുവിലെത്തി. ‘ചെറുപ്പം തൊട്ടേ സൈക്കിൾപ്രേമിയാണ്. സ്കൂളിലേക്കും കോളേജിലേക്കും സൈക്കിളിലായിരുന്നു യാത്ര. വലുതായപ്പോൾ ആ സൈക്കിൾപ്രേമം തന്നെ ഒരു ജോലി നേടിക്കൊടുത്തു. എറണാകുളം കോസ്മോസ് സ്പോർട്‌സിൽ സൈക്കിൾ മെക്കാനിക്കാണ്.

‘2019-ൽ പദ്ധതിയിട്ടതായിരുന്നു ഈ ഭൂട്ടാൻ യാത്ര’ -ജിത്തു പറഞ്ഞു.

ട്രാവൽ വിത്ത് ജിത്തു സൈക്ലിസ്റ്റ് എന്ന പേരിൽ ഒരു യു ട്യൂബ് ചാനലും തുടങ്ങി. ആയിരത്തിലേറെ സബ്‌സ്‌ക്രൈബേഴ്‌സുമായി ആ സൈക്കിൾച്ചാനൽ ഉരുണ്ടുതുടങ്ങി.

ഭൂട്ടാൻയാത്രയെന്ന തന്റെ ആഗ്രഹത്തിന് ഭാരത് പെട്രോളിയവും നെഹ്രു യുവകേന്ദ്രയും ഡെക്കാത്തലിനുമൊക്കെ സ്പോൺസർമാരായുണ്ട്.

ആറുമാസം കൊണ്ട് തിരിച്ച് നാട്ടിലെത്താനാണ് പ്ലാൻ. സൈക്കിൾമെക്കാനിക്കായിരിക്കേ സ്വരുക്കൂട്ടിവെച്ച പണം കൊണ്ട് 70,000 രൂപ മുടക്കി ഇൻഡൊനീഷ്യൻ നിർമിത മാരിൻ സൈക്കിൾ ജിത്തു സ്വന്തമാക്കി. അതിലാണ് ഇപ്പോൾ ഭൂട്ടാന്റെ ഭൂമികയിലേക്കുള്ള ജിത്തുവിന്റെ പ്രയാണം.

Content Highlights: Cyclist Jithu riding from Kerala to Bhutan