കാഞ്ഞങ്ങാട്: 'നിങ്ങള് പറ. ആരാണ് നിയന്ത്രണം ചെയ്യേണ്ടത്. സർക്കാരാണോ. രാഷ്ട്രീയക്കാരാണോ. അവരൊന്നുമല്ലല്ലോ ചെയ്യേണ്ടത്. നമ്മള് സ്വയം നിയന്ത്രിച്ചാല് ഈ കൊറോണയെ നമുക്ക് കെട്ടുകെട്ടിക്കാം. കോവിഡിന്റെ ആദ്യ മാസങ്ങളില് നമ്മള് പറഞ്ഞൊരു കാര്യോണ്ട്. ജാഗ്രത കൈവിടരുതെന്ന്. അത് ആരെങ്കിലും കേൾക്കുന്നുണ്ടോയിപ്പം. മരുന്ന് വന്നല്ലോയെന്ന ചിന്തയാണ്. മരുന്ന് വന്നാലും പോവോ ഇത്'- സാമൂഹികമാധ്യമങ്ങളിലൂടെ മൊട്ടൂസ് ഇതു പറഞ്ഞുകൊണ്ടേയിരിക്കുന്നുണ്ട്.

മൊട്ടൂസിനെ അറിയില്ലേ. കോവിഡിനെ പ്രതിരോധിക്കാൻ യുട്യൂബിലൂടെ ബോധവത്‌കരണം നടത്തി മുഖ്യമന്ത്രിയുടെ അഭിനന്ദനത്തിനർഹനായ രണ്ടാം ക്ലാസുകാരൻ. യഥാർഥ പേര് ദേവരാജ്. മടിക്കൈ കക്കാട്ടെ 'അനിഴ'ത്തിൽനിന്ന് ഓരോ ദിവസവും ഓരോ സന്ദേശവുമായി മൊട്ടൂസ് ജനങ്ങൾക്കു മുന്നിലെത്തുന്നു. അധ്യാപകൻ കെ.വി.രാജേഷിന്റെയും റീജ രാജേഷിന്റെയും മകനാണ് ദേവരാജ്.

കഴിഞ്ഞവർഷം കോവിഡ് പടർന്നുതുടങ്ങി ജനം ഭീതിയിലായ സമയത്ത് മൊട്ടൂസ് പറഞ്ഞു ‘എല്ലാവരും മാസ്ക് വയ്ക്കൂ’. രണ്ടുമിനിറ്റ് നീളുന്ന ഓമനത്തം തുളുമ്പുന്ന വാക്കുകൾ വൈറലായി. നാടൊട്ടാകെ പ്രോത്സാഹിപ്പിച്ചു. അച്ഛനും അമ്മയും ചേർന്ന് സ്‌ക്രിപ്റ്റ് എഴുതി. ഓരോ ദിവസവും മൊട്ടൂസ് പറയുന്നത് കണ്ടും കേട്ടും ആളുകൾ ലൈക്കും കമന്റും ചെയ്തു. എപ്പിസോഡ് 20 ആയപ്പോഴേക്കും മലയാളക്കരയാകെ മൊട്ടൂസിനെ ശ്രദ്ധിച്ചു. വൈകുന്നേരം നടക്കുന്ന വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി മൊട്ടൂസിനെ അഭിനന്ദിച്ചു. ഇതോടെ യൂട്യൂബിലെ കാഴ്ചക്കാരുടെ എണ്ണം പതിന്മടങ്ങായി. ഇപ്പോൾ 83 എപ്പിസോഡായി.

കോവിഡ് പ്രതിരോധത്തെക്കുറിച്ച് മാത്രമാണ് ഈ എപ്പിസോഡുകളിലത്രയും മൊട്ടൂസ് പറഞ്ഞത്. കൈകൾ കൊണ്ട് ആംഗ്യം കാട്ടിയും ചിരിച്ചും മുഖം കനപ്പിച്ചും കണ്ണുകൾ വിടർത്തിയും ഈ ഏഴുവയസ്സുകാരൻ തന്റെ അവതരണത്തെ വേറിട്ടതാക്കി.

ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ എപ്പിസോഡിലും ഗൗരവം വിടാതെ മൊട്ടൂസ് ആവർത്തിക്കുന്നു...' ജീവന്റെ വിലയുള്ള ജാഗ്രതയാണ് നമുക്കാവശ്യം'.