കാസർകോട്: വികസനപ്രവർത്തനങ്ങൾ മുരടിച്ചതും സാമ്പത്തികപ്രതിസന്ധി അതിരൂക്ഷമായതും സംസ്ഥാനത്ത് ഭരണസ്തംഭനമുണ്ടാക്കിയതായി ഡി.സി.സി. പ്രസിഡന്റ് ഹക്കിം കുന്നിൽ ആരോപിച്ചു. എൻ.ജി.ഒ. അസോസിയേഷൻ ജില്ലാസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

ഉന്നതതസ്തികകളിൽ ആളുകളെ നിയമിക്കാതെയും സ്ഥലംമാറ്റത്തിലൂടെ ജീവനക്കാരുടെ ആത്മവീര്യം കെടുത്തിയും ജില്ലയിലും വികസനപ്രവർത്തനങ്ങൾ നിലച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് വി.ദാമോദരൻ അധ്യക്ഷനായി.

ജീവനക്കാരുടെ ആനുകൂല്യങ്ങൾ കവർന്നെടുത്തും ശമ്പളപരിഷ്കരണനടപടികൾ അട്ടിമറിച്ചും സംസ്ഥാനസർക്കാർ ജീവനക്കാരെ വഞ്ചിക്കുകയാണെന്ന് പ്രതിനിധിസമ്മേളനം ഉദ്ഘാടനംചെയ്ത സംസ്ഥാന പ്രസിഡന്റ് ജയകുമാർ ചവറ കുറ്റപ്പെടുത്തി.

വിരമിച്ച ജില്ലാ പ്രസിഡന്റ് എം.പി.കുഞ്ഞിമൊയ്തീന് നൽകിയ യാത്രയയപ്പിൽ കെ.പി.സി.സി. സെക്രട്ടറി കെ.നീലകണ്ഠൻ ഉപഹാരം നൽകി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ.മാത്യു, സി.ഉമാശങ്കർ, എ.പി.സുനിൽ, പി.വി.രമേശൻ, കെ.അസ്മ, ജി.നാരായണൻ, ഹനീഫ ചിറക്കൽ, ഇ.മീനാകുമാരി, കെ.എം.ജയപ്രകാശ് തുടങ്ങിയവർ സംസാരിച്ചു.