തൃക്കരിപ്പൂർ: മാവോയിസ്റ്റ് സാന്നിധ്യം കടലോര തുരുത്തുകളിലേക്ക് നീങ്ങുന്നുവെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡ്-നേവി ഉദ്യോഗസ്ഥർ വലിയപറമ്പിലെത്തി.

ഇന്ത്യൻ പ്രതിരോധ വകുപ്പിന്റെ നിർദേശത്തിലാണ് വലിയപറമ്പിലെ വിവിധ തുരത്തുകളിൽ കൊച്ചി കോസ്റ്റ് ഗാർഡിലെ മേജർ കെ.ജോർജ്, ഇന്ത്യൻ നേവിയിലെ സ്റ്റാഫ് ഓഫീസർ പി.ലിഥിൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്ക്കായി എത്തിയത്.

സംസ്ഥാനത്തെ കോസ്റ്റൽ പോലീസ്, ഫിഷറീസ്, വനം എന്നീ വകുപ്പ് ഉദ്യോഗസ്ഥരുമായി നേരത്തേ ബന്ധപ്പെട്ട് പരിശോധനയ്ക്കായി കടലോര തുരുത്തുകൾ തിരഞ്ഞെടുക്കുകയായിരുന്നു. കണ്ണൂർജില്ലയിലെ ധർമടം തുരുത്ത് സന്ദർശിച്ചതിനുശേഷമാണ് വലിയപറമ്പ് കടലോരത്ത് എത്തിയത്.

ഇടയിലെക്കാട്,വലിയപറമ്പ് സെൻട്രൽ, ഉദിനൂർ കടപ്പുറം, കന്നുവീട് കടപ്പുറം, മാവിലാക്കടപ്പുറം എന്നിവിടങ്ങളിലെ തുരുത്തുകൾ പരിശോധിച്ചു. കോസ്റ്റൽ എസ്.ഐ. കെ.സുരേശൻ, എ.എസ്.ഐ. കെ.രാമചന്ദ്രൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.വി.പ്രദീപ്, ഫിഷറീസ് ഓഫീസർ പി. സുരേന്ദ്രൻ, ഫോറസ്റ്റ് സെക്‌ഷൻ ഓഫീസർ പി.ടി.രാജൻ ഉൾപ്പെടെയുള്ളവർ ഉണ്ടായിരുന്നു