കാസർകോട്: മാലിന്യത്തിൽനിന്ന് മുക്തിനേടാൻ ജില്ലയിൽ മഴക്കാലപൂർവ ശുചീകരണ യജ്ഞം നടത്തി. വർഷങ്ങളായി വിവിധയിടങ്ങളിലായി കെട്ടിക്കിടക്കുന്ന മാലിന്യം നീക്കാനാണ് നാടും നഗരവും കൈകോർത്തത്. കടുത്തവേനലിനെ അവഗണിച്ചും നാടിനെ പകർച്ചവ്യാധികൾ ഒഴിവാക്കാൻ ഒരേമനസ്സോടെ നാട്ടുകാർ പ്രയത്നച്ചു.

ജില്ലയിലെ പഞ്ചായത്ത്, നഗരസഭാ വാർഡുകൾ അടിസ്ഥാനമാക്കിയാണ് ശുചീകരണം സംഘടിപ്പിച്ചത്. പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ തയ്യാറാക്കിയ രൂപരേഖയുടെ അടിസ്ഥാനത്തിലാണ് പ്രവർത്തനം. മഴക്കാലത്തിന് മുന്നോടിയായി കുളങ്ങളും തോടുകളും ശുചീകരിച്ച് പകർച്ചവ്യാധികളിൽനിന്ന്‌ നാടിനെ സംരക്ഷിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

വാർഡുകളിൽ നടന്ന പ്രവർത്തനത്തിന് പഞ്ചായത്തംഗങ്ങൾ നേതൃത്വം നൽകി. പഞ്ചായത്ത്, നഗരസഭാ ജീവനക്കാർക്കുപുറമെ സന്നദ്ധ സംഘടനകൾ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമസേനാംഗങ്ങൾ, യുവജന സംഘടനകൾ, വ്യാപാരികൾ തുടങ്ങിയവരും ശുചീകരണത്തിൽ പങ്കാളികളായി.

ഓരോവീട്ടിലും കയറി ബോധവത്കരണവും നടത്തി. മടിക്കൈ പഞ്ചായത്തിൽ പ്രസിഡന്റ് സി.പ്രഭാകരൻ, അജാനൂർ പഞ്ചായത്തിൽ പ്രസിഡന്റ് പി.ദാമോദരൻ, പള്ളിക്കര പഞ്ചായത്തിൽ പ്രസിഡന്റ് പി.ഇന്ദിര എന്നിവർ ഉദ്ഘാടനംചെയ്തു. കാഞ്ഞങ്ങാട് നഗരസഭയിൽ ചെയർമാൻ വി.വി.രമേശൻ, വെസ്റ്റ് എളേരിയിൽ പ്രസീതാ രാജൻ, ശനിയാഴ്ച തുടങ്ങിയ വാർഡുതല ശുചീകരണം ഞായറാഴ്ച വൈകീട്ടോടെ സമാപിച്ചു.

ഇതിന്‌ മുന്നോടിയായി ജില്ലാ ഭരണകൂടം തദ്ദേശസ്ഥാപനങ്ങളുമായി സഹകരിച്ച് നടത്തിയ പാതയോര ശുചീകരണത്തിൽ 15 ടൺ മാലിന്യമാണ് ശേഖരിച്ചത്.