ചിറ്റാരിക്കാൽ: ജില്ലയിലെ 19 ഗവ. ഹയർ സെക്കൻഡറി സ്കൂളുകളിൽ പ്രിൻസിപ്പൽമാരില്ല.

കോട്ടപ്പുറം, പടന്ന കടപ്പുറം, ബളാൽ, ബേക്കൽ, തളങ്കര, ചെർക്കള, അടൂർ പാണ്ടി, ആലംപാടി, മംഗൽപാടി, പൈവളിക നഗർ, പള്ളിക്കര, ആദൂർ (കാറഡുക്ക പഞ്ചായത്ത്), പദ്രെ, ഇടനീർ, ബെള്ളൂർ, ഇരിയണ്ണി, അംഗടിമുഗർ, പൈവളിക, പാണ്ടി തുടങ്ങിയ ഗവ. സ്കൂളുകളിലാണ് പ്രിൻസിപ്പൽമാരില്ലാത്തത്. കഴിഞ്ഞ അധ്യയനവർഷം അക്കാദമിക് നിലവാരം കുറഞ്ഞ സ്കൂളുകളാണ് ബഹുഭൂരിപക്ഷവും. ആഴ്ചയിൽ 21 പീരിയഡ് അധ്യയനം നടത്തിയതിനുശേഷമാണ് പ്രിൻസിപ്പൽമാർ ഓഫീസ് സംബന്ധിച്ച കാര്യങ്ങൾ ചെയ്യേണ്ടത്. അഡ്മിഷൻ, പരീക്ഷ, മറ്റ്‌ ഒട്ടേറെ കാര്യങ്ങളും പ്രിൻസിപ്പൽമാർ നിർവഹിക്കേണ്ടിവരുന്നു. ഓഫീസ് ക്ലാർക്കോ മറ്റു ജീവനക്കാരോ സഹായിക്കാനില്ല. ഭൂരിപക്ഷം സ്കൂളിലും ഹയർ സെക്കൻഡറി വിഭാഗവും ഹൈസ്കൂൾ വിഭാഗവും സഹകരിച്ചല്ല മുന്നോട്ടുപോകുന്നത്.

പ്രിൻസിപ്പലിന്റെ അഭാവത്തിൽ സീനിയർ എച്ച്.എസ്‌.എസ്‌.ടി.യാണ് ചുമതല വഹിക്കുന്നത്. 24 പീരീയഡ് ക്ലാസ് എടുത്തിട്ടുവേണം ഭരണനിർവഹണം നടത്തേണ്ടത്. പലപ്പോഴും പാഠഭാഗങ്ങൾ തീർക്കാൻ ഇവർക്ക് കഴിയുന്നില്ല. കഴിഞ്ഞവർഷത്തെ പിന്നാക്കാവസ്ഥ പരിഹരിക്കാൻ ആവശ്യമായ നേതൃത്വം ഇല്ലാത്തതും ഇവരെ കുഴക്കുന്നു. ഇതിൽ 10 സ്കൂളുകളിൽ ജൂണിൽ പ്രിൻസിപ്പൽമാരെ നിയമിച്ചിരുന്നെങ്കിലും ജൂലായിൽ ഇവർ സ്ഥലം മാറി പോയി. പ്രിൻസിപ്പൽമാരില്ലാത്ത സ്കൂളുകളിൽ പ്രിൻസിപ്പൽമാരെ നിയമിക്കണമെന്ന് അധ്യാപക രക്ഷാസമിതി ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.