ചിറ്റാരിക്കാൽ: കടുത്ത ജലക്ഷാമംമൂലം നിർത്തിവച്ചിരുന്ന വീടുനിർമാണം പുനരാരംഭിക്കാത്തതിനാൽ കോളനി നിവാസികൾ കടുത്ത ബുദ്ധിമുട്ടിൽ. സമഗ്ര കോളനിവികസനത്തിന്റെ ഭാഗമായിട്ടാണ് ഈസ്റ്റ് എളേരി പഞ്ചായത്തിലെ വായിക്കാനത്തും, വെസ്റ്റ് എളേരി പഞ്ചായത്തിലെ വിളഞ്ഞിങ്ങാനത്തും വീടുനിർമാണം ആരംഭിച്ചത്. വായിക്കാനത്ത് 12 വീടുകളും വിളഞ്ഞിങ്ങാനത്ത്‌ ആറ്‌ വീടുകളുമാണ് നിർമിക്കുന്നത്. നിലവിലുള്ള കുടിലുകൾ പൊളിച്ചുനീക്കിയ സ്ഥലത്താണ് വീടുനിർമാണം. കടുത്ത ജലക്ഷാമം അനുഭവപെട്ടതോടെ ഫെബ്രുവരിയിൽ വീട് നിർമാണം നിർത്തിവെച്ചു.

മഴക്കാലത്ത്‌ താത്‌കാലികമായി നിർമിച്ച ഷെഡിലാണ് ഇവർ താമസിച്ചിരുന്നത്. വെള്ളം സുലഭമായി ലഭിക്കാൻ തുടങ്ങിയെങ്കിലും വീടുനിർമാണം പുനരാരംഭിച്ചിട്ടില്ല. വീടുനിർമാണം നടത്തുന്ന നിർമിതി കേന്ദ്രത്തിന് പണം ലഭിക്കാത്തതാണ് നിർമാണം വൈകാൻ കാരണമെന്ന് പറയപ്പെടുന്നു. പട്ടിക വർഗ വകുപ്പ് രണ്ടുദിവസം മുൻപ്‌ പണം അനുവദിച്ചിട്ടുണ്ടെന്നും ആഗസ്ത് 10 നുശേഷം നിർമിതിക്ക് പണം ലഭിക്കുമെന്നും ഉടൻ നിർമാണം പുനരാരംഭിക്കുമെന്നും നിർമിതി കേന്ദ്രം അധികൃതർ അറിയിച്ചു .