ചിറ്റാരിക്കാൽ : നിലവിലുണ്ടായിരുന്ന റോഡ് നവീകരണത്തിനായി ഇളക്കിയ ശേഷം റീടാറിംഗ് നടത്താത്തത് യാത്രക്കാർക്ക് ദുരിതമാകുന്നു .വെസ്റ്റ് എളേരി , ഈസ്റ്റ് എളേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കാക്കടവ്- കമ്പല്ലൂർ റോഡിലെ യാത്രക്കാരാണ് ദുരിതത്തിലായിരിക്കുന്നത്.

കാക്കടവ് മുതൽ കമ്പല്ലൂർ പെരളം ജംഗ്ഷൻ വരെയുള്ള അഞ്ചു കിലോമീറ്റർ റോഡ് വീതികൂട്ടി റീടാർ ചെയ്യാൻ ഒന്നരവർഷംമുമ്പ് സംസ്ഥാന സർക്കാർ 1.22 കോടി രൂപ അനുവദിച്ചിരുന്നു .

വനംവകുപ്പിന്റെ അധീനതയിൽ ഉള്ള ആക്കച്ചേരി വനത്തിൽകൂടിയാണ് റോഡ് കടന്നുപോകുന്നത്. 2018 ജനവരിയിൽ ടെണ്ടർ നൽകി .10 മാസം മുമ്പ് നിർമ്മാണജോലി ആരംഭിച്ചു .10 മാസം കൊണ്ട് 4 കലുങ്കുകളുടെയും ഓവുചാലുകളുടെയും നിർമ്മാണം മാത്രമേ പൂർത്തിയാക്കിയിട്ടുള്ളു .ഇതിനുവേണ്ടി നിലവിലുള്ള റോഡ് പല സ്ഥലത്തും നശിപ്പിക്കപ്പെട്ടിട്ടുണ്ട് .

മൂന്ന് വർഷം മുമ്പ് എം എൽ എ യുടെ വികസനഫണ്ടിൽ നിന്ന് 30 ലക്ഷം രൂപ ഉപയോഗിച്ച് റോഡ് റീടാറിംഗ് നടത്തിയിരുന്നു .എന്നാൽ അന്ന് ആക്കച്ചേരി വനത്തിൽ പ്രവേശിക്കുന്ന 300 മീറ്റർ ഭാഗം റീടാർ ചെയ്തിരുന്നില്ല .ഈ ഭാഗം പൂർണമായും തകരുകയും കാൽനടപോലും അസാധ്യമായിരുന്നു .ഈ ഭാഗത്തെ ടാർ ഇളകിയ ഭാഗം നാട്ടുകാർ ഇളക്കിമാറ്റിയിരിക്കയാണ് .

യാത്രക്ക് യോഗ്യമായിരുന്ന കാക്കടവ് മുതൽ കമ്പല്ലൂർ റോഡിന്റെ 4.7 കിലോമീറ്റർ ഭാഗം, പുതിയ പ്രവൃത്തിയുടെ ഭാഗമായി യാത്ര അസാധ്യമായിരിക്കയാണ് .ഈ മഴക്കാലത്തിനുമുമ്പ് റോഡ് നിർമ്മാണം പൂർത്തിയാക്കാൻ സാധ്യമല്ല .ഇതു കാരണം മഴക്കാലത്ത് ബെഡൂർ നിവാസികളുടെ യാത്ര കൂടുതൽ ദുരിതത്തിലാകും.