ചെറുവത്തൂർ: കലാ-സാംസ്കാരിക-കായിക പ്രവർത്തനത്തിന് ചെറുവത്തൂരിൽ വേദിയൊരുക്കുകയെന്ന ലക്ഷ്യത്തോടെ തുടങ്ങിയ പദ്ധതി പണിതുവരുമ്പോൾ അതിൽനിന്ന് മാറുന്നതായി ആക്ഷേപം. മഹാകവി കുട്ടമത്ത് നഗറിൽ ഓപ്പൺ എയർ തിയേറ്റർ സ്ഥാപിക്കണമെന്ന നിർദേശം രൂപകൽപ്പനസഹിതം തണൽ സൗഹൃദവേദിയാണ് 2014-15 വർഷത്തിൽ അന്നത്തെ എം.എൽ.എ. കെ.കുഞ്ഞിരാമന് സമർപ്പിച്ചത്. ഗ്രാമപ്പഞ്ചായത്ത് കാര്യാലയത്തിന് സമീപത്തായി ഭരണസമിതി സ്ഥലവും എം.എൽ.എ.യുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 50 ലക്ഷം രൂപയും പിന്നീട് അനുവദിച്ചു. സ്ഥലപരിമിതികാരണം ഫണ്ട് പിന്നീട് 30 ലക്ഷം രൂപയാക്കി കുറച്ചു.

പരിസ്ഥിതിസൗഹൃദവും ഹരിതവത്കരണത്തിനും ശുചിത്വത്തിനും പ്രാധാന്യംനൽകിയുമുള്ള പദ്ധതി നടപ്പാക്കണമെന്നായിരുന്നു നിർദേശം. ചെറിയ പാർക്ക്, കളിസ്ഥലം, പൂന്തോട്ടം, പുൽത്തകിടി, പവലിയൻ, ഓപ്പൺ എയർ സ്റ്റേജ്, നാട്ടുവൃക്ഷങ്ങൾ എന്നിവയോടെ ഓപ്പൺ എയർ തിയേറ്റർ ഒരുക്കുന്നതായിരുന്നു നിർദേശിക്കപ്പെട്ട പദ്ധതി. നഗരവത്കരിക്കപ്പെടുന്ന ചെറുവത്തൂരിൽ തനതുകലയും സംസ്കാരവും പൈതൃകവും കാത്തുസൂക്ഷിക്കുകയും വിനോദത്തിനും മറ്റും ഉപയോഗിക്കുകയുമെന്നതാണ് ഇതിലൂടെ സാംസ്കാരിക-സാമൂഹിക പ്രവർത്തകരും മുൻ എം.എൽ.എ.യും ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയും ലക്ഷ്യമിട്ടത്.

ആർക്കിടെക്ടിന്റെ സഹകരണത്തോടെ പദ്ധതി രൂപകൽപ്പനചെയ്ത് നടപ്പാക്കണമെന്ന നിർദേശം നിർവഹണച്ചുമതലയുള്ള പൊതുമരാമത്ത് വകുപ്പ് (ബിൽഡിങ്) വിഭാഗം മുഖവിലക്കെടുത്തില്ലെന്നാണ് ആക്ഷേപം. നിർമാണംനടത്തുമ്പോൾ ജനപ്രതിനിധികളുടെയും ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയുടെയും ഭാഗത്തുനിന്ന് ഇടപെടലുകൾ ഉണ്ടായില്ലെന്നും പരാതിയുണ്ട്.

പൊതുയോഗം നടത്താനുള്ള സേ്റ്റജും ചുറ്റുമതിലും ഇതിനകത്ത് ഇന്റർലോക്ക് നിരത്തി ഓപ്പൺ ഓഡിറ്റോറിയവും ആക്കാനാണ് ഇപ്പോഴത്തെ നീക്കം. ചെറുവത്തൂരിലെ സൗഹൃദ കൂട്ടായ്മയുടെ നിർദേശങ്ങളൊന്നും പ്രവൃത്തി പൂർത്തിയാകുമ്പോഴുണ്ടാകില്ല. 2017 മേയ് 31-നകം പൂർത്തികരിക്കേണ്ടതായിരുന്നു പദ്ധതി.