തൃക്കരിപ്പൂർ: സ്ഥലത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് പണി നിലച്ച ഇളമ്പച്ചി ഗവ. ഹോമിയോ ഡിസ്പെൻസറി കെട്ടിടത്തിന്റെ നിർമാണപ്രവൃത്തി തുടരാൻ പഞ്ചായത്ത് വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ തീരുമാനം. നേരത്തെ കെട്ടിടം പണി തടസ്സപ്പെടുത്തിയ സ്ഥലത്തുതന്നെയായിരിക്കും നിർമാണം.

ഇളമ്പച്ചി നവോദയ വായനശാലയുടെ പഴയ കെട്ടിടത്തിലാണ് പത്ത് വർഷമായി ഡിസ്പെൻസറി പ്രവർത്തിച്ചുവരുന്നത്. എം.രാജഗോപാലൻ എം.എൽ.എ.യാണ് പുതിയ കെട്ടിട നിർമാണത്തിന് 15 ലക്ഷം രൂപ അനുവദിച്ചത്. 2017-ൽ കരാർ നൽകിയ പണി ആരംഭിച്ചപ്പോൾ നാട്ടുകാരിൽ ചിലരാണ് എതിർപ്പുമായി രംഗത്തുവന്നത്. ഇളമ്പച്ചി ആരോഗ്യ കേന്ദ്രത്തിന്റെ പടിഞ്ഞാറുഭാഗത്ത് 12 സെന്റിലാണ് കെട്ടിടനിർമാണം തുടങ്ങിയത്.

വനവത്കരണത്തിന്റെ ഭാഗമായി നട്ട ചെടികൾ നഷ്ടപ്പെടുമെന്നാണ് പ്രതിഷേധക്കാർ കാരണമായി പറഞ്ഞത്. ഇതോടെ കരാറുകാരൻ പണി നിർത്തിവെച്ചു. നിലവിൽ ഡിസ്പെൻസറി പ്രവർത്തിച്ചുവരുന്ന കെട്ടിടം ഏറെ പഴക്കമുള്ളതും അപകടഭീഷണിയുള്ളതുമാണ്. ഇതോടെയാണ് പഞ്ചായത്ത് സർവകക്ഷി യോഗം വിളിച്ചത്. പുതിയ കെട്ടിടം പൂർത്തിയാവുന്നതുവരെ താത്കാലികമായി വേറൊരു കെട്ടിടത്തിലേക്ക് മാറ്റാനും തീരുമാനമായി.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.പി.ഫൗസിയ അധ്യക്ഷയായിരുന്നു. സി.രവി, എൻ.സുകുമാരൻ, വി.കെ.ബാവ, കെ.റീത്ത, അഡ്വ. കെ.കെ.രാജേന്ദ്രൻ, എം.രാമചന്ദ്രൻ, സത്താർ വടക്കുമ്പാട്, വി.കെ.ചന്ദ്രൻ , എം.ഗംഗാധരൻ എന്നിവർ സംസാരിച്ചു.