ഭീമനടി: മലയോരകർഷകർക്ക് ആശ്വാസമേകാൻ ഭീമനടി കൃഷിഭവനിൽ ആരംഭിച്ച പ്ലാന്റ് ഹെൽത്ത് ക്ലിനിക്ക് അഞ്ചുവർഷമായിട്ടും പ്രവർത്തിച്ചുതുടങ്ങിയിട്ടില്ല. കൃഷിയിടത്തിലെ കീടങ്ങളുടെയും ഫംഗസുകളുടെയും പ്രശ്നങ്ങളിൽപെട്ട് തകർന്നിരിക്കുന്ന മലയോര കർഷകർക്ക് വലിയൊരു ആശ്വാസമാകേണ്ട സംരംഭമാണ് വർഷങ്ങളായിട്ടും ഉപയോഗമില്ലാതെ കിടക്കുന്നത്.
ഏഴുലക്ഷം രൂപ മുതൽ മുടക്കി ക്ലിനിക്കിലേക്ക് ഉപകരണങ്ങളാക്കെ വാങ്ങിയതാണ്. എന്നാൽ, ജീവനക്കാർക്കുപോലും നിന്നുതിരിയാൻ സ്ഥലമില്ലാത്ത ഭീമനടി കൃഷിഭവനിലെ ഇടുങ്ങിയ മുറിയിലിരിക്കുന്ന ഉപകരണങ്ങളിൽ പാതിയും നശിച്ചുതുടങ്ങി. വെസ്റ്റ് എളേരി പഞ്ചായത്ത് ക്ലിനിക്കിന് ഭൗതിക സാഹചര്യങ്ങൾ ഒരുക്കാത്തതാണ് ക്ലിനിക്കിന് തുറന്നുപ്രവർത്തിക്കാനാവത്തത് എന്നാണ് ആക്ഷേപം.
പഞ്ചായത്ത് ഒന്ന് മനസ്സുവെച്ചാൽ എല്ലാം ശരിയാകും
കാർഷികവിളകൾക്കുണ്ടാകുന്ന കീടരോഗങ്ങൾക്ക് ഉടൻ പരിഹാരം നിർദേശിക്കുകയാണ് പ്ലാന്റ് ഹെൽത്ത് ക്ലിനിക്കിലൂടെ ചെയ്യുന്നത്. ലാബ്, മൈക്രോസ്കോപ്പ്, കർഷകർക്ക് ലൈബ്രറി, അത്യാധുനിക കൃഷിരീതിയെക്കുറിച്ച് കർഷകരെ ബോധവാൻമാരാക്കാനുള്ള സൗകര്യം എന്നീ സേവനങ്ങളെല്ലാം ക്ലിനിക്കിലൂടെ കർഷകർക്ക് ലഭ്യമാകേണ്ടതാണ്.
മണ്ണിന്റെ അമ്ലത്വപരിശോധന, കീടപരിശോധന, കീടരോഗങ്ങൾ കണ്ടെത്തൽ, കീടനിയന്ത്രണമാർഗങ്ങൾ ഇങ്ങനെ എല്ലാം ക്ലിനിക്കിന്റെ സേവനങ്ങളായിരുന്നു. ബയോഫാർമസിയും വിവിധ കൃഷികളുടെ രോഗങ്ങൾക്കുള്ള മരുന്നുകളുടെ വിതരണവും ഉദ്ദേശിച്ച പദ്ധതിയാണ് പ്രവർത്തിക്കാനാവശ്യമായ സ്ഥലമില്ലാത്തതിന്റെ പേരിൽ പൂട്ടിക്കിടക്കുന്നത്.
കഴിഞ്ഞ വർഷം മണ്ണുപരിശോധനയ്ക്ക് ആവശ്യമായ ഒരു ലക്ഷം രൂപയോളം വിലവരുന്ന കെമിക്കലുകൾ വാങ്ങിയത് കവർ പൊട്ടിച്ചുനോക്കിയതുപോലുമില്ല. ഇത് മുഴുവൻ കാലാവധി കഴിഞ്ഞു. താലൂക്കിലെ വെസ്റ്റ് എളേരി പഞ്ചായത്തിനുപുറമെ കോടോം-ബേളൂരും കള്ളാർ പഞ്ചാത്തിലുമാണ് പ്ലാന്റ് ഹെൽത്ത് ക്ലിനിക്ക് ഉള്ളത്. അടുത്തിടെ തുടങ്ങിയ ക്ലിനിക്കുകളായിട്ടും അവിടെയൊക്കെ നല്ല രീതിയിൽ ക്ലിനിക്ക് പ്രവൃത്തിക്കുന്നുണ്ട്.
ക്ലിനിക്ക് എത്രയും പെട്ടന്ന് പ്രവർത്തനമാരംഭിക്കാനാവശ്യമായ ഭൗതികസാഹചര്യം പഞ്ചായത്തധികൃതർ ഒരുക്കണമെന്നാണ് കർഷകസംഘടനകളുടെ ആവശ്യം.