ഉദുമ: പണം ബാങ്ക് അക്കൗണ്ടിലായപ്പോൾ റെയിൽവേ, എം.പി.യോടും എം.എൽ.എ.മാരോടും നാട്ടുകാരോടുമെല്ലാം കുതിരവട്ടം പപ്പുവിന്റെ ആ പഴയ ഡയലോഗ് തട്ടിവിടുകയാണ്.

ദാ....ഇപ്പ ശരിയാക്കി തരാം. വിനോദസഞ്ചാരകേന്ദ്രമായ ബേക്കൽ കോട്ടയുടെ മുറ്റത്ത് സ്ഥിതിചെയ്യുന്ന ബേക്കൽ ഫോർട്ട് റെയിൽവേ സ്റ്റേഷൻ (പഴയ പള്ളിക്കര) വികസനത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ഇപ്പ ശരിയാക്കും എന്ന് എറ്റവും അവസാനം റെയിൽവേ എല്ലാവരോടും പറഞ്ഞത് കഴിഞ്ഞ ജൂലായ്‌ 24-നായിരുന്നു. അന്ന് വികസനത്തിനായുള്ള കർമസമിതി സ്റ്റേഷൻ കവാടത്തിൽ ധർണ നടത്തി. ഉദ്ഘാടനത്തിനെത്തിയ കാസർകോട് എം.പി. രാജ്മോഹൻ ഉണ്ണിത്താൻ വേദിയിൽ റെയിൽവേ പാലക്കാട് ഡിവിഷൻ സിഗ്നൽ മേധാവി അനന്തരാമനെ ഫോണിൽ വിളിച്ച് പണം കിട്ടിയിട്ടും എന്താണ് ഇവിടെ പണി തുടങ്ങാൻ വൈകുന്നതെന്ന് ചോദിച്ചു. മൂന്നുദിവസത്തിനുള്ളിൽ തുടങ്ങും സാർ എന്ന് ഫോണിലൂടെ എം.പി.ക്ക് ഉറപ്പും നൽകി. ഇതെല്ലാം എം.പി. വേദിയിലിരുന്ന നൂറിലധികം ആൾക്കാരെ മൈക്കിലൂടെ കേൾപ്പിക്കുകയും ചെയ്തിരുന്നു. ഇതിനുശേഷം മാസം രണ്ട് കഴിഞ്ഞു. കാര്യങ്ങൾ ഇപ്പോഴും പഴയപടി തന്നെ.

രണ്ട് വർഷം മുൻപാണ് സംഭവങ്ങൾ തുടങ്ങുന്നത്. അന്ന് ഉദുമ എം.എൽ.എ.യായിരുന്ന കെ.കുഞ്ഞിരാമൻ ആസ്തിവികസനഫണ്ടിൽനിന്ന് 1.31 കോടി രൂപ അനുവദിച്ചു. ഈ തുക പ്രയോജനപ്പെടുത്തി ബേക്കൽ ഫോർട്ട് റെയിൽവേ സ്റ്റേഷന്റെ പടിഞ്ഞാറുഭാഗത്തെ പ്ലാറ്റ്ഫോം ഉയർത്തുക, രണ്ട് കെട്ടിടങ്ങൾ നിർമിക്കുക തുടങ്ങിയ അത്യാവശ്യ വികസനപ്രവൃത്തികൾ പൂർത്തീകരിക്കുകയായിരുന്നു ഉദ്ദേശ്യം. ജോലി പൂർത്തിയാകാതെ തുക കൈമാറാൻ സംസ്ഥാന ധനവകുപ്പിന് നിരവധി കടമ്പകൾ ഉണ്ടായിട്ടും അതെല്ലാം തരണംചെയ്ത് എം.എൽ.എ. 1.31 കോടി രൂപ റെയിൽവേയുടെ ചെന്നൈയിലെ രണ്ട് അക്കൗണ്ടിലേക്ക് കളക്ടർ മുഖാന്തരം കൈമാറി. പണം കിട്ടിയതോടെ റെയിൽവേ മംഗളൂരുവിലുള്ള ഒരാൾക്ക് ജോലി കരാർ കൊടുത്തു.

കരാറുകാരൻ മതിൽ പൊളിച്ച് വാഹനം കടന്നുപോകാൻ വഴിയുണ്ടാക്കിയതല്ലാതെ തുടർന്നൊന്നും ചെയ്തില്ല. റെയിൽവേ ഉദ്യോഗസ്ഥരാകട്ടെ അന്വേഷണവുമായെത്തുന്നവരെ പപ്പുവിന്റെ ഡയലോഗ് കടമെടുത്ത് രംഗം തണുപ്പിച്ചുകൊണ്ടിരിക്കുന്നു.

തുടർനടപടി ഇല്ലാത്തതറിഞ്ഞില്ല

കർമസമിതിയുടെ ധർണയ്ക്കുശേഷം തുടർനടപടി ഉണ്ടാകാത്ത കാര്യം ആരും ശ്രദ്ധയിൽപ്പെടുത്തിയില്ല. ഉടൻ പാലക്കാട്ടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനുമായി സംസാരിക്കും. വികസനപ്രശ്നങ്ങളിൽ ഇത്തരം അലംഭാവങ്ങൾ ഏതു കോണിൽനിന്നായാലും അംഗീകരിക്കാൻ വിഷമമുണ്ട്. ഇനിയും അധികൃതരുടെ ആശ്വാസവാചകങ്ങളെ വിശ്വാസത്തിലെടുക്കാൻ ഒരുക്കമല്ല.

രാജ്മോഹൻ ഉണ്ണിത്താൻ എം.പി.

പരിഹാരമുണ്ടായില്ലെങ്കിൽ സമരം

റെയിൽവേയിൽ ഇപ്പോഴും പഴയ ഇംഗ്ലീഷുകാരുടെ ഭരണരീതി തന്നെ തുടരുന്നതിന്റെ സൂചനയാണ് ബേക്കൽ ഫോർട്ട് സ്റ്റേഷൻ വികസനത്തിലെ നിലപാടിൽനിന്ന് മനസ്സിലാകുന്നത്. നിരവധി നൂലാമാലകളൊഴിവാക്കിയാണ് 1.31 കോടി രൂപ രണ്ടുവർഷം മുൻപ് റെയിൽവേ അക്കൗണ്ടിലേക്ക് മാറ്റിയത്. ഇത്രയും തുക സംസ്ഥാന ട്രഷറിയിൽ ആയിരുന്നെങ്കിൽ ലക്ഷങ്ങൾ പലിശയിനത്തിൽ ലഭിക്കുമായിരുന്നു. പലിശയായി റെയിൽവേയ്ക് ലഭിക്കുന്ന തുകയുടെ വികസനം കൂടി ബേക്കൽ ഫോർട്ട് റെയിൽവേ സ്റ്റേഷനിൽ നടപ്പാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

കെ.കുഞ്ഞിരാമൻ , മുൻ ഉദുമ എം.എൽ.എ.

കർമസമിതി യോഗം ഉടൻ

കർമസമിതി യോഗം ഉടൻ ചേരും. തുടർന്ന് പ്രത്യക്ഷ സമരപരിപാടികളുമായി കർമസമിതി മുന്നിട്ടിറങ്ങും. ബേക്കൽ ഫോർട്ട് സ്റ്റേഷനിൽ കൂടുതൽ വികസനവും കൂടുതൽ തീവണ്ടികൾക്ക് സ്റ്റോപ്പും അനുവദിക്കണം. ഇതിന് വിലങ്ങുതടി തീർക്കുന്ന റെയിൽവേജീവനക്കാരെ നിയന്ത്രിക്കാൻ നടപടി വേണം.

എം.കുമാരൻ പനയാൽ, പള്ളിക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്

നാട്ടുകാരുടെ ക്ഷമ പരീക്ഷിക്കരുത്‌

ബേക്കൽ കോട്ടയുടെ അരക്കിലോമീറ്റർ അകലെയുള്ള ബേക്കൽ ഫോർട്ട് സ്റ്റേഷന്റെ വികസനവുമായി ബന്ധപ്പെട്ട് റെയിൽവേ നാട്ടുകാരുടെ ക്ഷമ പരീക്ഷിക്കുകയാണ്. കരാറുകാരന്റെ അമാന്തംമൂലമാണ് പണികൾ മുടങ്ങിയതെങ്കിൽ റെയിൽവേ കരാറുകാരനെതിരേ നിയമനടപടി സ്വീകരിക്കണം. ഏക്കർകണക്കിന് ഭൂമി ഇവിടെ റെയിൽവേയുടെ അധീനതയിലുണ്ട്. ടൂറിസം വികസനത്തിന് ഈ ഭൂമി ഉപയോഗിക്കുകയും ചെയ്യണം.

സുകുമാരൻ പൂച്ചക്കാട് , പൊതുപ്രവർത്തകൻബാബു പാണത്തൂർ