ബേഡഡുക്ക: പുഴകളിൽ നീരൊഴുക്ക് കുറഞ്ഞതോടെ മലയോര കാർഷികമേഖല രൂക്ഷമായ പ്രതിസന്ധിയിലേക്ക്. കർണാടക കുടക് മലനിരകളിൽനിന്ന്‌ ഉദ്ഭവിക്കുന്ന പയസ്വിനി പുഴ വറ്റിയത് തോട്ടങ്ങളെയും കൃഷിയിടങ്ങളെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.

രൂക്ഷമാണ് ജലക്ഷാമം. തുള്ളി പോലും വെള്ളമില്ലാത്ത ഭാഗങ്ങളാണ് പുഴയിലധികവും. കവുങ്ങ് കർഷകരെയാണ് ഇത് കാര്യമായി ബാധിച്ചത്. പുഴയുടെ തീരത്ത് ഭൂരിഭാഗവും കവുങ്ങിൻതോട്ടങ്ങളാണ്.

കഴിഞ്ഞ മഴക്കാലത്ത് മഹാളിരോഗം വ്യാപകമായതിനാൽ ഇപ്രാവശ്യം വിള നന്നേ കുറവായിയുന്നു. ഇപ്പോൾ വേനൽച്ചൂട് കൂടിയതിനാൽ പൂങ്കുല ഉതിർന്നു. തോട്ടം നനയ്ക്കാതായതോടെ വീഴ്ച രൂക്ഷമായി. ഇത് അടുത്ത സീസണിലെ വിളവിൽ കാര്യമായ കുറവ് വരുത്തും.

ചാണകവളത്തിനായി കാലികളെ വളർത്തുന്നവരാണ് പുഴക്കരയിലെ മിക്ക കർഷകരും. ജലസേചനം മുടക്കാത്തതിനാൽ തോട്ടങ്ങളിൽ പച്ചപ്പുല്ല് ധാരളമായി ലഭിക്കുന്നതാണ് കാലികളുടെ പ്രധാന തീറ്റ. എന്നാൽ, ഇപ്പോൾ തോട്ടങ്ങളിൽ പച്ചപ്പുല്ല് കാണാനില്ല. ഇത് ക്ഷീരകർഷകരെയും പ്രതിസന്ധിയിലാക്കി.

മുൻപ് ജലസേചനം സമൃദ്ധമായിരുന്ന തോട്ടങ്ങളിൽ ഇപ്പോൾ പൊടുന്നനെ ജലസേചനത്തിൽ കുറവ്‌ വന്നത് കവുങ്ങുകളുടെ പ്രതിരോധശേഷിയെ ബാധിച്ചതായും കർഷകർ പറയുന്നു. ബേഡഡുക്ക പഞ്ചായത്തിലെ തോണിക്കടവ്, പാണ്ടിക്കണ്ടം, ഗോകുല, അരിയിൽ തുടങ്ങിയ പ്രദേശങ്ങളിൽ പുഴ ഇത്രയും വറ്റുന്നത് ഇതാദ്യമെന്നാണ് ഇവിടങ്ങളിലെ മുതിർന്ന കർഷകർ പറയുന്നത്. സുള്ള്യ ടൗണിലേക്ക് നഗരസഭ ജലവിതരണം നടത്തുന്ന ഗുരുംപൂവിനടുത്ത പമ്പ്ഹൗസിന്‌ സമീപത്തെ താത്‌കാലിക തടയണയിലും വെള്ളം നന്നേ കുറഞ്ഞു.

സുള്ള്യ പുഴക്കരയിൽ കുടിയേറ്റ മലയാളി കർഷകരുടെ തോട്ടങ്ങളും വരൾച്ച ബാധിച്ചവയിൽ ഉൾപ്പെടുന്നു.

കഴിഞ്ഞ വർഷം ഏപ്രിൽ പകുതിയാകുമ്പോഴേക്കും ദക്ഷിണ കർണാടക പശ്ചിമഘട്ട മലനിരകളിൽ ഇടവിട്ട് അഞ്ച്‌ തവണ കനത്ത മഴ ലഭിച്ചിരുന്നു. ഇത് കഴിഞ്ഞവർഷം പുഴയിൽ ജലനിരപ്പ് താഴാതിരിക്കാൻ കാരണമായെന്ന് സുള്ള്യയിലെ സംപാജെ, പേറാചെ എന്നിവിടങ്ങളിലെ മലയാളി കർഷകർ പറയുന്നു.

പയസ്വിനിയാണ് എരിഞ്ഞിപ്പുഴയായും ചന്ദ്രഗിരിപ്പുഴയായും കാസർകോട് ജില്ലയിലൂടെ കടലിൽ പതിക്കുന്നത്. കുടക് മലനിരകളിലെ വൃഷ്ടിപ്രദേശങ്ങളിൽ വേനൽമഴ ശക്തമായാൽ മാത്രമേ ഇനി പയസ്വിനിയിൽ നീരൊഴുക്കുണ്ടാവുകയുള്ളൂ.