ബേഡഡുക്ക: ബേഡഡുക്ക താലൂക്ക്‌ ആസ്പത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിനാൽ രോഗികൾ ബുദ്ധിമുട്ടുന്നു. ചൊവാഴ്ച ആസ്പത്രിയിൽ നാനൂറോളം രോഗികളെ പരിശോധിക്കാൻ ഒരു ഡോക്ടർമാത്രമാണ്‌ ഉണ്ടായിരുന്നത്.

ഇതുകാരണം രോഗികൾക്ക് ഏറെനേരം കാത്തുനിൽക്കേണ്ടിവന്നു. ഇത് നിത്യവും പരാതിക്കിടയാക്കുന്നു. കാത്തുനിന്ന് മടുത്തവർ ജീവനക്കാരുമായി വാക്കേറ്റംനടത്തുന്നതുവരെയെത്തി. ഒരാഴ്ചയായി ഇതാണവസ്ഥ. കഴിഞ്ഞ ആഴ്ച ലബോറട്ടറിയിൽ രക്തപരിശോധന നടത്താനെത്തിയ ഗർഭിണിയായ സ്ത്രീക്ക് ജീവനക്കാരില്ലാത്തതിനാൽ സ്വകാര്യ ലാബിൽച്ചെന്ന് പരിശോധിക്കേണ്ടിവന്നതായും പറയുന്നു.

2018 ജൂലായിലാണ് സാമൂഹിക ആരോഗ്യ കേന്ദ്രത്തെ താലൂക്ക് ആസ്ഥാന ആസ്പത്രിയാക്കിയത്. ഫെബ്രുവരിയിൽ മന്ത്രി കെ.കെ.ശൈലജ ഔദ്യോഗിക ഉദ്‌ഘാടനം നടത്തി. 12 സ്ഥിരംഡോക്ടർമാരും കിടത്തിച്ചികിത്സയ്ക്ക് അറുപതിലധികം കിടക്കകളും ഉണ്ടാകുമെന്നായിരുന്നു പ്രഖ്യാപനം. രാത്രി സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനവും തീവ്രപരിചരണ വിഭാഗവും എക്സ്-റേ സൗകര്യവും ആംബുലൻസിന്റെ ലഭ്യതയുമൊക്കെ പ്രതീക്ഷിച്ചത് വെറുതെയായി.

ആസ്പത്രിയിൽ ഏറെനാൾ രാത്രി ചികിത്സയും ഉണ്ടായിരുന്നില്ല. കഴിഞ്ഞ ജനുവരിയിലാണ് താലൂക്ക്‌ ആസ്പത്രിക്ക് ആരോഗ്യ വകുപ്പിന്റെ കായകൽപ്പ അവാർഡ് ലഭിച്ചത്. ആസ്പത്രിയുടെ ശുചിത്വം, രോഗനിയന്ത്രണം, സേവനനിലവാരം, ആസ്പത്രി പരിപാലനം എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു അവാർഡ്.

പ്രാഥമിക ആരോഗ്യ കേന്ദ്രമായിരുന്ന ഇതിനെ 2008-ലാണ് സാമൂഹിക ആരോഗ്യ കേന്ദ്രമാക്കിയത്. കുറ്റിക്കോൽ, ബേഡഡുക്ക ഗ്രാമപ്പഞ്ചായത്തുകളിലേക്കുള്ള ഏക സാമൂഹിക ആരോഗ്യ കേന്ദ്രമായിരുന്നു ഇത്. കുറ്റിക്കോൽ, ബേഡഡുക്ക, ദേലംപാടി, കോടോം-ബേളൂർ, കള്ളാർ, പനത്തടി പഞ്ചായത്തുകളിലുള്ളവരാണ് കൂടുതലും ആസ്പത്രിയെ ആശ്രയിക്കുന്നത്. കാഞ്ഞിരത്തിങ്കാലിൽ സ്ഥിതിചെയ്യുന്ന ആസ്പത്രിയിലേക്ക് ജില്ലയുടെ എല്ലാഭാഗത്തുനിന്നും എത്തിച്ചേരാനുള്ള റോഡുള്ളതിനാൽ ഒട്ടേറെപ്പേർ ചികിത്സയ്ക്കെത്തുന്നുണ്ട്.

എണ്ണത്തിൽ കുറവുവന്നത് റോട്ടേഷൻ കാരണം -ഡോ. കെ.രേഖ, മെഡിക്കൽ ഓഫീസർ

ദിവസവും ശരാശരി നാനൂറോളംപേർ ചികിത്സയ്ക്കെത്തുണ്ട്. ഒരാഴ്ചയായി ഒരു ഡോക്ടർമാത്രമേയുള്ളൂ. എട്ട് തസ്തികയുണ്ട്. ഇതിൽ അഞ്ചുപേരെ നിയമിച്ചു. ഒരാൾ അവധിയിലാണ്. ബാക്കിയുള്ള നാലുപേരിൽ രാത്രി ഡ്യൂട്ടി, റൊട്ടേഷൻ സമ്പ്രദായം എന്നിവകാരണം എല്ലാവർക്കും പകൽ ഡ്യൂട്ടിക്കെത്താൻ സാധിക്കാത്തതാണ് ഡോക്ടർമാരുടെ എണ്ണത്തിൽ കുറവുവരാൻ കാരണം.