ബന്തടുക്ക: പ്രവർത്തനംതുടങ്ങിയിട്ട് 44 വർഷമായി. എന്നിട്ടും ബന്തടുക്ക പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ബാലാരിഷ്ടതകൾ മാറിയില്ല. കിടത്തിച്ചികിത്സാസൗകര്യം അനുവദിക്കണമെന്നും മുഴുവൻസമയവും ഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്നുമുള്ള മലയോരജനതയുടെ ആവശ്യം ഇനിയും നടപ്പായില്ല. കർണാടകവുമായി അതിർത്തിപങ്കിടുന്ന കുറ്റിക്കോൽ പഞ്ചായത്തിലെ പ്രാഥമികാരോഗ്യകേന്ദ്രമാണിത്.

കർഷകരും പട്ടികവിഭാഗത്തിൽപ്പെട്ടവരും കൂടുതലായുള്ള പ്രദേശത്ത് മതിയായ ചികിത്സാസൗകര്യം ലഭ്യമല്ലാത്തതിനാലുള്ള ദുരിതം ഏറെയാണ്. തീവ്രപരിചരണ സൗകര്യമുള്ള ആസ്പത്രിക്കായി ഇവിടത്തുകാർക്ക് 45 കിലോമീറ്റർ ദൂരം സഞ്ചരിച്ച് കാസർകോട്ടോ കാഞ്ഞങ്ങാട്ടോ എത്തണം.

സമീപപഞ്ചായത്തായ ബേഡഡുക്കയിലെ സാമൂഹികാരോഗ്യ കേന്ദ്രത്തെ 2018-ൽ താലൂക്ക് ആസ്ഥാന ആസ്പത്രിയാക്കി ഉയർത്തിയിരുന്നു. കാറഡുക്ക ബ്ലോക്കിലെ കുറ്റിക്കോൽ, ബേഡഡുക്ക പഞ്ചായത്തുകളിലേക്കായുള്ള ഏക സാമൂഹികാരോഗ്യ കേന്ദ്രമായിരുന്നു ബേഡഡുക്കയിലേത്. നിലവിൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ കിടത്തിച്ചികിത്സാസൗകര്യം തുടങ്ങുന്നതിന് വകുപ്പില്ലെന്നത് വസ്തുതയാണ്.

അതിർത്തിപ്പഞ്ചായത്ത്, മലയോരം, വനാതിർത്തിപ്രദേശം, ജില്ലാ ആസ്ഥാനത്തേക്കുള്ള അധികദൂരം, മികച്ച സൗകര്യങ്ങളോടുകൂടിയ സ്വകാര്യ ആസ്പത്രികളുടെ അഭാവം തുടങ്ങിയവ പരിഗണിച്ചാൽത്തന്നെ നിയമതടസ്സങ്ങൾ മാറേണ്ടതാണ്.

ചികിത്സിക്കേണ്ടത് ആരോഗ്യകേന്ദ്രത്തിനെ

ആദ്യം ചികിത്സവേണ്ടത് ഇവിടുത്തെ അടിസ്ഥാനസൗകര്യങ്ങൾക്കാണ്. ലാബ് സൗകര്യം ഇല്ല. അതിനാൽ ആർദ്രം പദ്ധതിയിൽപ്പോലും ഉൾപ്പെടുത്തിയില്ല. ഒരു ഡോക്ടർ ഉണ്ട്. ഉച്ചവരെയാണ് സേവനം. ഡോക്ടർ അവധിയിലാവുകയോ മറ്റാവശ്യങ്ങൾക്ക്‌ പോവുകയോ ചെയ്താൽ അതുംലഭ്യമല്ല.

സ്റ്റാഫ് നഴ്സിന്റെ തസ്തിക ഇല്ല. നാഷണൽ റൂറൽ ഹെൽത്ത് മിഷൻറെ താത്‌കാലിക സ്റ്റാഫ് നഴ്സാണുള്ളത്. ഏഴ് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ തസ്തികയിൽ രണ്ടെണ്ണം ഒഴിഞ്ഞുകിടക്കുന്നു.

1975-ൽ നിർമിച്ചതാണ് ഒ.പി. വിഭാഗം കെട്ടിടം. കെട്ടിടത്തിന്റെ ചുവരുകൾ ചിതലരിച്ചുതുടങ്ങി. വലിയ ദ്വാരങ്ങളും കാണാം. മരുന്നുകൾ സൂക്ഷിക്കാൻ നിർമിച്ച കോൺക്രീറ്റ് മുറിയിൽ മഴക്കാലത്ത് ഈർപ്പം ബാധിക്കുന്നു.

അനുകൂല ഘടകങ്ങൾ

ടൗണിൽനിന്ന് അകലെയല്ലാതെ ഒരേക്കർ സ്ഥമുണ്ട്. ഡോക്ടർക്ക് താമസിക്കുന്നതിനായുള്ള കെട്ടിടം ഈവർഷം നിർമിച്ചു. ഇതിൽ പരിശോധനാമുറി, കിടപ്പുമുറി, ഹാൾ, അടുക്കള എന്നീ സൗകര്യങ്ങളുണ്ട്. ഗർഭിണികൾക്കും ശിശുക്കൾക്കും പ്രതിരോധ കുത്തിവെപ്പെടുക്കുന്നതിനുള്ള കെട്ടിടവും ഈവർഷം നിർമിച്ചതാണ്. ഒ.പി.കെട്ടിടത്തിന്റെ മുൻഭാഗം വരാന്തയായി വികസിച്ചിച്ച് ചികിൽസക്കെത്തുന്നവർക്ക് ഇരിപ്പിടസൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇമ്യുണൈസേഷൻവിഭാഗം കെട്ടിടവും പ്രത്യേകമായുണ്ട്.

രണ്ട് ഹെൽത്ത് ഇൻസ്പെക്ടർമാർ, നഴ്സിങ്‌ അസിസ്റ്റന്റ്, അറ്റൻറൻഡ്‌ (ഗ്രേഡ് രണ്ട്), ഫാർമസിസ്റ്റ് എന്നിവരുണ്ട്. എട്ട് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്, രണ്ട് പബ്ലിക് ഹെൽത്ത് നഴ്സ്, രണ്ട് ഓഫീസ് സ്റ്റാഫ്, ഫീൽഡ് സ്റ്റാഫ് എന്നിവരുമുണ്ട്.

കിടത്തിച്ചികിത്സ തുടങ്ങുകയോ സാമുഹികാരോഗ്യ കേന്ദ്രമാക്കുകയോ ചെയ്താൽ സമീപത്തെ വനാതിർത്തിപ്പഞ്ചായത്തുകളായ ദേലംപാടി, പനത്തടി തുടങ്ങിയയിടങ്ങളിലുള്ളവർക്കുകൂടി ഗുണകരമാകും.

ചെയ്യേണ്ടത്

-കിടത്തിച്ചികിൽസ തുടങ്ങാൻ കെട്ടിടം നിർമിക്കണം. അധികം ഡോക്ടർമാരെ നിയമിക്കണം

-ചുരുങ്ങിയത് പത്ത് കിടക്കകളെങ്കിലും വേണം.

-ലാബ് സൗകര്യം ഒരുക്കണം.

-ലാബ് ടെക്നീഷ്യൻമാരെ നിയമിക്കണം.

-ജീവനക്കാർക്ക് താമസിക്കാൻ സൗകര്യമൊരുക്കണം.