കാസർകോട്: മനുഷ്യന്റെ ഇടപെടലുകൾകൊണ്ടും കാലാവസ്ഥാവ്യതിയാനം മൂലവും നഷ്ടപ്പെടുന്ന പ്രകൃതിയെ തിരിച്ചുപിടിക്കാൻ ’മുളയുടെ തലസ്ഥാനം’ പദ്ധതി സഹായിക്കുമെന്ന് മന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു. പുത്തിഗെ അംഗഡിമൊഗർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്കൂൾപരിസരത്ത് മന്ത്രിയുടെ നേതൃത്വത്തിൽ മുളത്തൈ നട്ടു.
ഭൂഗർഭജലം കുറഞ്ഞുവരുന്ന കാസർകോടിന്റെ നിലവിലെ സാഹചര്യത്തിൽ മുളകൃഷി നിലനിൽപ്പിന് വേണ്ടിയുള്ളതാണ്. പദ്ധതിയിലൂടെ വരണ്ട പ്രദേശങ്ങളെ ഹരിതാഭമാക്കി ഭൂഗർഭജലവിതാനം ഉയർത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.
രാവിലെ 10 മുതൽ 11 വരെ കാസർകോട്, മഞ്ചേശ്വരം ബ്ലോക്കുകളിൽ മൂന്നുലക്ഷം മുളത്തെകളാണ് നട്ടുപിടിപ്പിച്ചത്. ഇന്ത്യയിലാദ്യമായാണ് വ്യവസ്ഥാപിതമായ രീതിയിൽ ഒരുപ്രദേശത്ത് ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രയധികം മുളകൾ വച്ചുപിടിപ്പിക്കുന്നതെന്ന് കളക്ടർ ഡോ. ഡി.സജിത് ബാബു പറഞ്ഞു.
മുളവ്യാപനത്തിലൂടെ സമീപഭാവിയിൽത്തന്നെ ഭൂഗർഭ ജലവിതാനം ഉയർത്താൻ സാധിക്കും. കൂടാതെ മുളകൊണ്ടുള്ള മൂല്യവർധിത ഉത്പന്നങ്ങളിലൂടെ ജനങ്ങൾക്ക് സാമ്പത്തികഭദ്രത ഉറപ്പുവരുത്താം. ഇതിനായി പ്രത്യേക പരിശീലനക്ലാസുകളും ജില്ലാ ഭരണകൂടം ആസൂത്രണം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
അംഗഡിമൊഗറിൽ നടന്ന പരിപാടിയിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീർ, കളക്ടർ ഡോ. ഡി.സജിത് ബാബു, പുത്തിഗെ പഞ്ചായത്ത് പ്രസിഡന്റ് അരുണ, തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോ ഓർഡിനേറ്റർ കെ.പ്രദീപൻ, തൊഴിലുറപ്പു പദ്ധതി കണ്ണൂർ ജില്ലാ കോ ഓർഡിനേറ്റർ വി.കെ.ദിലീപ്, പ്രിൻസിപ്പൽ അഗ്രിക്കൾച്ചറൽ ഓഫീസർ മധു ജോർജ് മത്തായി, ഇ.പി.രാജ്മോഹൻ, പി.ബി.മുഹമ്മദ്, അഡ്വ. എ.പി.ഉഷ തുടങ്ങിയവർ സംബന്ധിച്ചു.
ചെങ്കള ഗ്രാമപ്പഞ്ചായത്തിൽ ജലശക്തി അഭിയാൻ കേന്ദ്രപ്രതിനിധി ഇന്ദു സി.നായർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീം, ജലശക്തി അഭിയാൻ ടെക്നിക്കൽ അസിസ്റ്റന്റ് വി.ആർ.റാണി, ബെവിൻ ജോൺ വർഗീസ്, വി.എം.അശോക് കുമാർ തുടങ്ങിയവർ സംബന്ധിച്ചു.
എന്തുകൊണ്ട് മുള?
bbജലത്തെ തടഞ്ഞുനിർത്തി മണ്ണിലേക്ക് ഇറക്കിവിടാൻ സഹായിക്കുന്ന പ്രധാന സസ്യമാണ് മുള. വേര് ഏകദേശം 10 അടി ചുറ്റളവിലേക്ക് ഉപരിതലത്തിൽനിന്ന് പരന്നു വളരുന്നതിനാലാണ് മുളയ്ക്ക് ഫലപ്രദമായി മഴവെള്ളത്തെ മണ്ണിലേക്ക് ഇറക്കിവിടാൻ സാധിക്കുന്നത്. ഏറ്റവും കൂടുതൽ കാർബൺ ഡയോക്സൈഡിനെ സ്വീകരിച്ച് ഓക്സിജനെ പുറത്തുവിടാനും മുളകൾക്ക് പറ്റും.
കാസർകോട്, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തുകളിൽ തൊഴിലുറപ്പ് പദ്ധതിപ്രകാരം ഓരോ വാർഡിലും നഴ്സറികൾ സ്ഥാപിച്ച് 2,40,000 മുളത്തൈകളാണ് തയ്യാറാക്കിയത്. ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിൽ 13 പഞ്ചായത്തുകളിലായി മൂന്നുലക്ഷം കുഴികളാണ് നിർമിച്ചത്. പദ്ധതിക്കാവശ്യമായ ജൈവവളം ശുചിത്വമിഷന്റെ മേൽനോട്ടത്തിലായിരുന്നു സംഘടിപ്പിച്ചത്. ഗ്രാമപ്പഞ്ചായത്തുകളിൽ ഇതിനാവശ്യമായ കമ്പോസ്റ്റിങ് സംവിധാനം ഏർപ്പെടുത്തിയിരുന്നു.
മണ്ണിന്റെ ഘടന മാറ്റുക ലക്ഷ്യം
ഭൂഗർഭജലം കുറഞ്ഞിടത്ത് വെള്ളത്തെ ഭൂമിയിലേക്ക് ഇറക്കുകയാണ് മുളയുടെ തലസ്ഥാനം വഴി ശ്രമിക്കുന്നതെന്ന് കളക്ടർ ഡോ. സജിത് ബാബു പറഞ്ഞു. ലാറ്ററൈറ്റ് മണ്ണിൽ മുള കൃഷി നടത്തി മണ്ണിന്റെ ഘടന മാറ്റുകയാണ് ലക്ഷ്യം. മൂന്നുവർഷത്തിനുശേഷം മുള മുറിച്ചുമാറ്റി ഭൂമി മറ്റു കൃഷികൾക്ക് യോഗ്യമാക്കും. തൊഴിലുറപ്പ് ജോലിക്കാർക്കാണ് പദ്ധതിയുടെ പരിപാലനം. കുഴികളെടുത്തതും ഇവരാണ്. ദേശീയ തൊഴിലുറപ്പ് പദ്ധതി വഴിയും സാമൂഹികവനവത്കരണ വിഭാഗവുമാണ് മുളത്തൈകൾ കൈമാറിയത്. ഇതിനാൽ പദ്ധതിക്ക് ചെലവില്ലെന്നും കളക്ടർ വ്യക്തമാക്കി.