ബദിയഡുക്ക: മഴക്കാലത്ത് തുടർച്ചയായ മണ്ണിടിച്ചിലും കുന്നിലും റോഡിലും രൂപപ്പെട്ട വിള്ളലും കാരണം ഒരു മാസത്തോളമായി ഗതാഗതം നിർത്തിവെച്ച ബദിയഡുക്ക-പെർള അന്തസ്സംസ്ഥാനപാതയിലെ മണ്ണ് നീക്കുന്ന പ്രവൃത്തി തുടങ്ങി.
മണ്ണ് നീക്കിയ ശേഷമാണ് പാത ഗതാഗതയോഗ്യമാക്കുന്നതിനുള്ള പണി നടക്കുകയെന്ന് പൊതുമരാമത്തുവകുപ്പധികൃതർ അറിയിച്ചു. ആദ്യഘട്ടത്തിൽ മണ്ണ് നീക്കംചെയ്തശേഷം റോഡ് തകർന്ന ഭാഗം പൂർണമായും പുനർനിർമിക്കും.
ആദ്യം ചെറുവാഹനങ്ങൾവിടും
റോഡിലെ മണ്ണ് നീക്കംചെയ്ത ശേഷം പരീക്ഷണാടിസ്ഥാനത്തിൽ ചെറിയ വാഹനങ്ങളെ കടത്തിവിടാനാണ് ലക്ഷ്യമിടുന്നത്. വാഹനങ്ങളുടെ ഭാരം കാരണം കൂടുതൽ മണ്ണിടിയാനുള്ള സാധ്യത കണക്കിലെടുത്താണ് ആദ്യം ചെറുവാഹനങ്ങളെ കടത്തിവിടുന്നത്.
കൂടാതെ, മണ്ണിടിച്ചിലിന്റെ അനുബന്ധമായി റോഡ് വിണ്ടുകീറിയിരിക്കുന്നതിനാൽ അത് പുനർനിർമിക്കാതെ വലിയ വാഹനങ്ങൾ കടത്തിവിടുന്നത് കൂടുതൽ അപകടത്തിനു കാരണമായേക്കും. അതുകൊണ്ട് ഭാവിയിലുള്ള മണ്ണിടിച്ചിൽ തടയാൻ സുരക്ഷാഭിത്തിയടക്കമുള്ള മുൻകരുതലുകളും സ്വീകരിക്കേണ്ടിവരും.
അപകടനില തുടരുന്നു
മഴക്കാലത്ത് വിവിധ ഘട്ടങ്ങളിലായി ടൺകണക്കിന് മണ്ണാണ് റോഡിലേക്ക് ഇടിഞ്ഞുവീണത്. ഇപ്പോഴും കൂറ്റൻ പാറകളും മണ്ണും ഏതുനിമിഷവും ഇടിഞ്ഞുവീഴുമെന്ന അവസ്ഥയാണ് നിലവിലുള്ളത്.
അതിഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതം നേരിട്ട പ്രദേശത്ത് തിരുവനന്തപുരത്തുനിന്ന് ഉന്നത ഉദ്യോഗസ്ഥരെത്തിയ ശേഷം മാത്രമേ റോഡ് പുനർനിർമാണം ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ നടത്താൻ സാധിക്കുകയുള്ളൂ. അനുകൂല കാലാവസ്ഥ തുടർന്നാൽ മൂന്നാഴ്ചകൊണ്ട് പ്രവൃത്തി പൂർത്തിയാക്കാൻ കഴിയുമെന്ന് പൊതുമരാമത്തുവകുപ്പധികൃതർ അറിയിച്ചു.