ബദിയഡുക്ക: മണ്ണിടിച്ചലും റോഡിലുണ്ടായ വിള്ളലും കാരണം ബദിയഡുക്ക-പെർള അന്തഃസംസ്ഥാനപാതയിലൂടെ ഗതാഗതം പുനഃസ്ഥാപിക്കാനായില്ല. ഇരുപത് ദിവസത്തോളമായി പൂർണതോതിൽ ഇതുവഴി വാഹനങ്ങളെ കടത്തിവിടാതായിട്ട്. മഴ കുറഞ്ഞതോടെ ഇടയ്ക്ക് നിയന്ത്രിത ഗതാഗതം അനുവദിച്ചെങ്കിലും മൂന്നുദിവസം മുൻപ് വീണ്ടും മണ്ണിടിഞ്ഞതിനെ തുടർന്ന് വീണ്ടും ഗതാഗതം നിർത്തിവെക്കേണ്ടി വന്നു. പെട്ടന്ന് ഗതാഗതം പുനഃസ്ഥാപിക്കാനാവാത്ത പോലെ റോഡിലും പരിസരത്തുമായി വൻ വിള്ളലുകളും വീണിട്ടുണ്ട്.
ബസ് സൗകര്യമില്ലാതെ സ്കൂൾ കുട്ടികളടക്കം ഏറെ ബുദ്ധിമുട്ടുകയാണ്. പല ബസ്സുകളും ബദിയഡുക്കയിൽ ഓട്ടം അവസാനിപ്പിക്കുകയാണ്. പെർളയിലേക്കുള്ള ചില ബസ്സുകൾ മാത്രം കന്യപ്പാടി, ബൺപത്തടുക്ക, ഉക്കിനടുക്ക വഴി ചുറ്റിവളഞ്ഞ് പോകുന്നുണ്ട്. കർണാടക പൂത്തൂരിലേക്കുള്ള കേരള, കർണാടക എസ്.ആർ.ടി.സി. ബസ്സുകൾ ബദിയഡുക്കയിൽനിന്ന് സീതാംഗോളി, ഷേണി വഴി സർവീസ് നടത്തുന്നുണ്ട്. മണ്ണിടിഞ്ഞ കരിമ്പില മുതൽ ഉക്കിനടുക്കവരെയുള്ള നൂറുകണക്കിന് കുടുംബങ്ങളും യാത്രാസൗകര്യമില്ലാതെ ബുദ്ധിമുട്ടുകയാണ്.