ചെറുവത്തൂർ: 22 വർഷത്തെ നൃത്തപരിചയം. ഇക്കാലയളവിൽ പഠിപ്പിച്ചത് ഒട്ടേറെപ്പേരെ. കണ്ണൂർ-കാസർകോട് ജില്ലകളിൽ കലോത്സവ വേദികളിൽ മിന്നിത്തിളങ്ങിയ നൃത്ത പ്രതിഭകളെ സംഭാവനചെയ്ത നൃത്തകലാധ്യാപകൻ ബാബു പിലിക്കോട് (46) ജീവിക്കാനായി പഠിച്ചെടുക്കുകയാണ് പുതിയ 'താളലയഭാവം'. മുദ്രകൾ വിരിയിച്ച കൈകളിൽ കൈക്കോട്ടും കൂന്താലിയുമേന്തിയിട്ടാണ് ബാബുവിന്റെ അതിജീവന പോരാട്ടം. കൃഷിപ്പണി, നിർമാണത്തൊഴിൽ മേഖലയിൽ സഹായി, നാടൻപണി, പച്ചക്കറിക്കൃഷി, പൂന്തോട്ടമൊരുക്കൽ തുടങ്ങി വിവിധ വേഷങ്ങളാടുകയാണിപ്പോൾ.

നൃത്തം ഉപജീവനമാർഗമായി മുന്നോട്ടുപോകുന്ന കലാകുടുംബമാണ് ബാബുവിന്റേത്. കാസർകോട്ടെ സ്വകാര്യ വിദ്യാലയത്തിൽ ദീർഘകാലം പാർട് ടൈം നൃത്തകലാധ്യാപകനായി. ഭരതനാട്യം ബിരുദാന്തര ബിരുദമുള്ള ഭാര്യ ശ്രുതിഷയെ അവിടെ പകരക്കാരിയാക്കി.

കോവിഡ് മഹാമാരിയിൽ ഭാര്യയും തൊഴിലില്ലാതെ വീടിനകത്തായി. കാഞ്ഞങ്ങാട്ട് നടന്ന സംസ്ഥാന കലോത്സവ വേദിയിൽ എ ഗ്രേഡ് നേടിയ കയ്യൂർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ നൃത്തസംഘത്തെ ഒരുക്കിയെടുത്തതുൾപ്പെടെ ബാബുവിന്റെ പരിശീലനത്തിൽ ജില്ലാ-സംസ്ഥാന കലോത്സവങ്ങളിൽ തിളങ്ങിയ പ്രതിഭകൾ നിരവധി. വിജയങ്ങളെല്ലാം ഇന്ന് ഓർമ മാത്രമായി.

സ്കൂൾ കലോത്സവങ്ങളെയും മറ്റ് കലാസംഘടനകളുടെ കലാപരിപാടികളെയും ആശ്രയിച്ചുകഴിഞ്ഞ കുടുംബത്തിന് നിത്യച്ചെലവിന് വക കണ്ടെത്താൻ കൂലിപ്പണിക്ക് പോകാതെ മറ്റുമാർഗമില്ലാതായി. മഹാമാരിയുടെ കാലയളവിൽ സർക്കാരിന്റെ 2000 രൂപ മാത്രമാണ് ആനുകൂല്യമായി കിട്ടിയത്.

കുട്ടമത്ത് ഹയർ സെക്കൻഡറി സ്കൂളിലെ 1990-91 എസ്.എസ്.എസ്.എൽ.സി. സഹപാഠി കൂട്ടായ്മ മാനസിക പിന്തുണയും സാമ്പത്തിക സഹായവുമായെത്തിയതാണ് ബാബുവിന് ആശ്വാസം പകർന്നത്. വർഷങ്ങളായി നൃത്തം പഠിപ്പിക്കുന്ന വിദ്യാലയങ്ങളിൽനിന്നുപോലും ഒരന്വേഷണവും ഇഎ കാലയളവിലുണ്ടായില്ലെന്ന് നൃത്താധ്യാപകൻ വേദനയോടെ പറയുന്നു. ആവശ്യപ്പെടുന്ന കുട്ടികൾക്ക് ഓൺലൈനിൽ പരിശീലനം നൽകുന്നുണ്ട്. എന്നാലത് പൂർണ വിജയമാണെന്ന് പറയാനാവില്ലെന്ന് ബാബു പിലിക്കോട് പറയുന്നു.

സ്വന്തമായി വീടൊരുക്കുന്നതിന് കരക്കേരുവിൽ തുടക്കംകുറിച്ചത് തറയിൽ മാത്രമായൊതുങ്ങി. സ്വപ്നം ഇനിയെന്ന്‌ യാഥാർഥ്യമാകുമെന്നറിയില്ല.

നാലാംതരം വിദ്യാർഥിയായ മകൻ ദയാഗും ഭാര്യയുമടങ്ങുന്ന കുടുംബം പിലിക്കോട് കരക്കേരുവിലെ സഹോദരി എ.കെ.രമണിയോടൊപ്പമാണിപ്പോൾ താമസം.