കാസർകോട്: മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ വിഭജിച്ച് ഉപ്പള കേന്ദ്രമാക്കി പുതിയ സ്റ്റേഷൻ അനുവദിക്കണമെന്ന് കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. 24 വില്ലേജുകളുള്ള മഞ്ചേശ്വരം സ്റ്റേഷൻപരിധിയിൽ ക്രമസമാധാനപാലനം സുഗമമാക്കുന്നതിന് വിഭജനം ആവശ്യമാണ്. സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ കാസർകോട്ട് പ്രവർത്തിക്കുന്ന സൈബർ സെൽ യൂണിറ്റ് സൈബർ പോലീസ് സ്റ്റേഷനായി ഉയർത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
കാസർകോട് ആസ്ഥാനമായി വനിതാ പോലീസ് സ്റ്റേഷൻ ആരംഭിക്കുക, മേൽപ്പറമ്പ് സ്റ്റേഷന് സ്വന്തം കെട്ടിടം അനുവദിക്കുക, പാണത്തൂരിൽ ലഭിച്ച സ്ഥലത്ത് പോലീസ് ഔട്ട്പോസ്റ്റ് ആരംഭിക്കുക, കാഞ്ഞങ്ങാട് ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റ് ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.
കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ നടന്ന സമ്മേളനം മന്ത്രി ഇ.ചന്ദ്രശേഖരൻ ഉദ്ഘാടനംചെയ്തു.
ജില്ലാ പ്രസിഡന്റ് വി.ഉണ്ണിക്കൃഷ്ണൻ അധ്യക്ഷതവഹിച്ചു. എം.എൽ.എ.മാരായ എൻ.എ.നെല്ലിക്കുന്ന്, കെ.കുഞ്ഞിരാമൻ, അഡീഷണൽ എസ്.പി. പി.ബി.പ്രശോഭ്, എ.എസ്.പി. ഡി.ശില്പ, ഡിവൈ.എസ്.പി. പി.കെ.സുധാകരൻ, അസി. കമാൻഡന്റ് കെ.കെ.പ്രേംകുമാർ, അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി.ഭാസ്കരൻ, സ്വാഗതസംഘം ചെയർമാൻ പി.അജിത്കുമാർ, ജനറൽ കൺവീനർ എൻ.കെ.സതീഷ്കുമാർ എന്നിവർ സംസാരിച്ചു.