’നാളെയാണല്ലോ നമ്മൾ...
നാൾവരെയും കാത്ത നാനാഫല പുണ്യംപൂർണദിനം
നാളെയാണീ നാട്ടിൽ...
ഗാന്ധിജീതൻ തൃക്കാൽ പതിയുക’
കോൾമയിർകൊള്ളിച്ച് വിദ്വാൻ പി.കേളു നായരുടെ കവിത...കർണാട് സദാശിവറാവു മുതൽ എ.സി.കണ്ണൻനായർ വരെയുള്ളവർ ഓടിനടന്നുള്ള സംഘാടകസമിതി. നാട് ആഘോഷത്തിലാണ്. ആദ്യമായി ഗാന്ധിജി വടക്കിന്റെ മണ്ണിൽ കാലുകുത്തുന്നു. ഖാദിയുടെ പ്രചാരണത്തിനും വളർച്ചയ്ക്കുമായി മദിരാശി മുതൽ മംഗളൂരുവരെയുളള തീവണ്ടിയാത്ര. ആ ഒറ്റൊരു യാത്ര കാസർകോടൻ ഗ്രാമങ്ങളെപ്പോലും ഇളക്കിമറിക്കുന്നതായിരുന്നു. 1927 ഒക്ടോബർ 26. അന്നാണ് ഗാന്ധിജി ഇതുവഴി മംഗളൂരുവിലേക്ക് പോയത്. വർഷം 91 പിന്നിടുന്നു. അന്നു ഗാന്ധിജിയെ സ്വീകരിച്ചവരിൽ അറിയപ്പെടുന്നവരാരും ഇന്നു ജീവിച്ചിരിപ്പില്ല.
ഗാന്ധിജി വരുന്നതറിഞ്ഞ് ഒരുമാസം മുമ്പാണ് സംഘാടകസമിതി രൂപവത്കരിച്ചത്. കാസർകോട്ടായിരുന്നു സ്വാഗതസംഘ രൂപവത്കരണയോഗം. ദേശീയപ്രസ്ഥാനത്തിന്റെ ദക്ഷിണേന്ത്യയിലെ കരുത്തുറ്റ നേതാവെന്ന വിശേഷണമുള്ള കർണാട് സദാശിവറാവു, ദക്ഷിണേന്ത്യയിൽ ഖാദിപ്രചാരകനായി ഗാന്ധിജി നിയോഗിച്ച ഛോട്ടാലാൽ, എ.സി.കണ്ണൻ നായർ ഉൾപ്പെടെയുള്ള ഈ ജില്ലക്കാരും പങ്കെടുത്ത വിപുലമായ സ്വാഗതസംഘം. നീലേശ്വരത്ത് ഇറങ്ങി സ്വീകരണയോഗത്തിൽ പങ്കെടുക്കാനുള്ള തീരുമാനം ചില കാരണങ്ങളാൽ മാറ്റിയതായ അറിയിപ്പ് കിട്ടി. അതുകൊണ്ടുതന്നെ സംഘാടകസമിതി വിവിധ ഗ്രൂപ്പുകളായി ഓരോ റെയിൽവേ സ്റ്റേഷനുകളിൽ നിലയുറപ്പിച്ചു. ചെറുവത്തൂർ, നീലേശ്വരം, കാഞ്ഞങ്ങാട്, കാസർകോട് സ്റ്റേഷനുകളിൽ സംഘടിച്ചുനിന്ന സംഘാടകസമതിക്കാരുടെയും നാട്ടുകാരുടെയും സ്നേഹോഷ്മള സ്വീകരണം അതതു റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിലിറങ്ങി ഗാന്ധിജി ഹൃദയത്തിൽ സ്വീകരിച്ചു. ചെറുവത്തൂർ റെയിൽവേ സ്റ്റേഷനിലേക്കുപോയ എ.സി.കണ്ണൻ നായർ അവിടെ വച്ച് തീവണ്ടിയിൽ കയറി. നീലേശ്വരത്ത് വിദ്യാർഥികൾ ഉൾപ്പെടെ നൂറുകണക്കിനാളുകളാണ് ഗാന്ധിജിയെ വരവേൽക്കാനൊരുങ്ങിനിന്നത്. കെ.മാധവൻ ഉൾപ്പെടെയുള്ളവർ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലെത്തി ഗാന്ധിജിയെ കണ്ടു. കാസർകോട്ടെ സ്വീകരണം ഏറ്റുവാങ്ങി മംഗളൂരുവിലെത്തി. അവിടെനടന്ന യോഗത്തിൽ ധാരാളംപേർ പണവും പൊന്നും ഖാദിയുടെ വളർച്ചയ്ക്കായി ഗാന്ധിജിയുടെ കൈയിലേക്ക് സംഭാവന നൽകി. എ.സി.കണ്ണൻ നായർ 59 രൂപ നൽകി. ഏതാനും വർഷങ്ങൾക്കപ്പുറം ഉപ്പുസത്യാഗ്രഹ സമരകാലത്ത്, കേരളത്തിൽ നടന്ന കേരളഗാന്ധി കെ.കേളപ്പന്റെ നേതൃത്വത്തിലുള്ള ജാഥയിൽ അണിനിരന്നത് കാസർകോട്ടുകാർ എട്ടുപേരാണ്. 32 അംഗ ജാഥയിൽ നാലിലൊന്നുപേർ കാസർകോട്ടുകാർ. ഇത്രയും ആവേശം ഈ നാടിനുണ്ടാക്കിയത് അന്നത്തെ ഗാന്ധിജിയുടെ വരവുതന്നെ.
ഗാന്ധിയൻമാരുടെ നാട്
ഗാന്ധിജിയുടെ സമരമാർഗത്തിലും ആശയത്തിലും ഇറങ്ങിച്ചെല്ലുക മാത്രമല്ല, ഗാന്ധിയെപ്പോലെ ജീവിക്കണമെന്ന് ആഗ്രഹിക്കുകയും അത് പ്രാവർത്തികമാക്കുകയും ചെയ്തവരും കാസർകോട്ടുണ്ട്. അവർക്ക് നാട് ഗാന്ധിയെന്ന വിശേഷണം നൽകിയതും ശ്രദ്ധേയം. ദേവപ്പ ആൾവ കുമ്പള ഗാന്ധിയെന്നും കൃഷ്ണഭട്ട് ബദിയടുക്ക ഗാന്ധിയെന്നും രാമൻ നായർ കാടകം ഗാന്ധിയെന്നും അറിയപ്പെട്ടു. സ്കൂളുകളിലും നാട്ടിൻപുറങ്ങളിലും സന്ദർശിച്ച് ഗാന്ധിയൻജീവിതത്തെ ആഴത്തിൽ പഠിപ്പിച്ച വെള്ളിക്കോത്തെ ഗാന്ധി കൃഷ്ണൻ നായർ. ഗാന്ധി കൃഷ്ണൻ നായരിലൂടെയാണ് ഞങ്ങൾ അന്നത്ത വിദ്യാർഥികൾ യഥാർഥ ഗാന്ധിജിയെ മനസ്സുകൊണ്ട് ദർശിച്ചതെന്ന് ചരിത്രകാരൻ ഡോ. സി.ബാലൻ ഉൾപ്പെടെയുള്ളവർ എപ്പോഴും പറയും. എ.സി.കണ്ണൻ നായരും വിദ്വാൻ പി.കേളു നായരും തുടങ്ങി ഗാന്ധിജിയുടെ ജീവിതത്തിൽ ആകൃഷ്ടരായി നിലകൊണ്ടവർ. ഉപ്പുസത്യാഗ്രഹ സമരത്തിൽ പങ്കെടുത്ത ഗാന്ധി കൃഷ്ണൻ നായർക്കുപുറമെയുള്ള പി.സി.കുഞ്ഞിരാമൻ നായർ, പി.എം.കൃഷ്ണൻ നായർ, വി.അമ്പു, കെ.ടി.കുഞ്ഞിരാമൻ നായർ, ടി.എസ്.തിരുമുമ്പ്, കേരളീയൻ, കെ.മാധവൻ എന്നിവരും ഗാന്ധിയൻ ആദർശത്തിലൂന്നി ജീവിതം നയിച്ചവരിൽ എടുത്തുപറയാവുന്ന വ്യക്തിത്വങ്ങളാണ്. പിൽക്കാലത്ത് സി.പി.ഐ. സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ ചുമതല വഹിച്ചിരുന്ന തൃക്കരിപ്പൂരിലെ സി.എം.കുഞ്ഞിരാമൻ നായർ വർഷങ്ങളോളം സബർമതി ആശ്രമത്തിൽ അന്തേവാസിയായിരുന്നു. ഗാന്ധി കൃഷ്ണൻ നായരുടെ ജീവിതത്തെ ആസ്പദമാക്കി പെരിയയിലെ കോൺഗ്രസ് നേതാവ് സി.കെ.അരവിന്ദന്റെ പുസ്തകം പണിപ്പുരിയിലാണ്. ഗാന്ധിജിയുടെ വാക്കുകളുടെ മൂർച്ചയിൽ പടുത്തുയർത്തിയ വെള്ളിക്കോത്തെ വിജ്ഞാനദായിനി ദേശീയവിദ്യാലയം നാടിന്റെ വലിയ സ്മാരകമായി നിലകൊള്ളുന്നു. 1926-ൽ വെള്ളിക്കോത്താണ് ഈ വിദ്യാലയം നിർമിച്ചത്. ഇംഗ്ലീഷ് പാഠശാലകളെ ബഹിഷ്കരിക്കാനും ദേശീയവിദ്യാലയ സംവിധാനത്തെ ശക്തിപ്പെടുത്താനുമായിരുന്നു മഹാത്മജിയുടെ ആഹ്വാനം. വിദ്വാൻ പി.കേളു നായരാണ് ദേശീയ വിദ്യാലയം നിർമിച്ചത്. കേളുനായർക്കുപുറമെ എ.ടി.കുഞ്ഞിരാമൻ നമ്പ്യാരും കർണാടക ഭക്തമാഷും നീലേശ്വരം കൃഷ്ണൻ ഗുരുക്കളും പിന്നീട് മഹാകവി പി.കുഞ്ഞിരാമൻ നായരുമെല്ലാം അവിടത്തെ അധ്യാപകരായി. സംസ്കൃതവും ഹിന്ദിയും ചരിത്രവും കണക്കും വിഷയങ്ങൾ. ഉച്ചവരെ പഠനം. ഉച്ചയ്ക്കുശേഷം ഹരിജൻ കോളനിയിൽ പോയി അവിടത്തെ കുട്ടികളെ കുളിപ്പിക്കുകയും പരിസരം ശുചീകരിക്കുകയും ചെയ്യൽ. പിൽക്കാലത്ത് കേളുനായരുടെ നാടകകേന്ദ്രവുമായി ഈ വിദ്യാലയം മാറി.
ഗാന്ധി കൈപ്പട കാത്തുസൂക്ഷിച്ച് രാജാസ്
നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രഥമാധ്യാപകന്റെ മുറിയിലെത്തിയാൽ ഗാന്ധിജിയുടെ കൈപ്പട ഫ്രെയിംചെയ്ത് സൂക്ഷിച്ചിരിക്കുന്നത് കാണാം. 1927-ഒക്ടോബർ 26-ന് നീലേശ്വരം റെയിൽവേ സ്റ്റേഷനിലിറങ്ങിയപ്പോൾ ഗാന്ധിജി എഴുതിക്കൊടുത്ത വരികൾ. 12 വരികളിലായി ഇംഗ്ലീഷിൽ എഴുതിയ സന്ദേശത്തിൽ ഇങ്ങനെ പറയുന്നു; ’നീലേശ്വരം ജനതയെ അഭിസംബോധന ചെയ്ത് ഏതാനും വാക്കുകൾ എഴുതിയപ്പോൾ അവിടെയുള്ള കുട്ടികൾ പ്രത്യേകമായി പണം സ്വരൂപിച്ചത് ഞാൻ അറിഞ്ഞിരുന്നില്ല. ഈ സന്ദർഭത്തിൽ എനിക്ക് അവരോട് ഒന്നേ പറയാനുള്ളൂ. ദിവസം 30 മിനുട്ടെങ്കിലും ഖാദിനിർമാണത്തിനായി സമയം ചെലവഴിക്കേണ്ടതും ഇത് അവരുടെ അഭിമാനത്തിന്റേയും ത്യാഗത്തിന്റേയും ബഹിർസ്ഫുരണമായി കണക്കാക്കേണ്ടതുമാണ്.