മംഗളൂരു: എയർ ഇന്ത്യയുടെ വിമാനയാത്രാനിരക്കുവർധന പിൻവലിക്കുക, മംഗളൂരു വിമാനത്താവളത്തിൽ മലയാളിയാത്രക്കാരോടുള്ള പീഡനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ധർണ നടത്തി. പ്രവാസികൾ നടത്തുന്ന സമരത്തിന് പരിഹാരംകണ്ടില്ലെങ്കിൽ സമരത്തിനൊപ്പം ഡി.വൈ.എഫ്‌.ഐ.യും അണിനിരക്കുമെന്ന് ഡി.വൈ.എഫ്‌.ഐ. കർണാടക സംസ്ഥാന പ്രസിഡന്റ് മുനീർ കാട്ടിപ്പള്ള പറഞ്ഞു.

കേരള പ്രവാസി സംഘം കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദക്ഷിണ കന്നഡ ജില്ലാ ഡെപ്യൂട്ടി കമ്മിഷണർ ഓഫീസിനുമുന്നിൽ നടന്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കാസർകോട്ടും ഭട്കലിലുമുള്ള ചിലർ സ്വർണക്കടത്തിന്‌ പിടിയിലായതിന്റെപേരിൽ മലയാളികളെയും ഭട്കലുകാരെയും മൊത്തത്തിൽ അവഹേളിക്കുന്ന രീതിയാണ് മംഗളൂരു വിമാനത്താവളത്തിലെന്ന് ഡി.വൈ.എഫ്‌.ഐ. ജില്ലാ സെക്രട്ടറി ബി.കെ.ഇംത്യാസ് ആരോപിച്ചു. മലയാളിയാത്രക്കാർക്കുണ്ടായ അനുഭവങ്ങളുമായി ബന്ധപ്പെട്ട് കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരേ ബജ്‌പെ പോലീസ് സ്റ്റേഷനിൽ മൂന്ന് പരാതികൾ നിലവിലുണ്ട്. ഒന്നിനും നടപടിയെടുത്തിട്ടില്ല.

ഭാഷയും പ്രദേശവും നോക്കി വിവേചനം തുടർന്നാൽ ശക്തമായ സമരങ്ങൾക്ക് ഡി.വൈ.എഫ്‌.ഐ. നേതൃത്വംനൽകുമെന്നും ഇംത്യാസ് പറഞ്ഞു. പ്രവാസി സംഘം കാസർകോട് ജില്ലാ പ്രസിഡന്റ് ജലീൽ കാപ്പിൽ അധ്യക്ഷതവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ.അബ്ദുള്ള, സംസ്ഥാന കമ്മിറ്റിയംഗം കെ.രാജേന്ദ്രൻ, ജില്ലാ ജോയിന്റ് സെക്രട്ടറി ഒ.നാരായണൻ, ഖജാൻജി പി.പി.സുധാകരൻ, വി.വി.കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.