മുള്ളേരിയ : കുത്തിയൊലിക്കുന്ന പയസ്വിനിപ്പുഴയുടെ കുറുകെ തകർന്ന പലകകളുള്ള തൂക്കുപാലത്തിലൂടെ, കാട്ടാനകൾ ഏറെയുള്ള കാട്ടിലൂടെ, തകർന്ന റോഡിലൂടെ ഒക്കെയാണ് സ്കൂളിലേക്കുള്ള നടത്തം. കുട്ടികൾ സ്കൂളിൽ പോയാൽ ഭീതിയോടെയാണ് ബളവന്തടുക്കയിലെ കുടുംബങ്ങളുടെ കാത്തിരിപ്പ്. കാറഡുക്ക, ദേലംപാടി പഞ്ചായത്തിനോട് ചേർന്നുകിടക്കുന്ന ബളവന്തടുക്കയിലെ 200-ഓളം കുടുംബങ്ങളാണ് ദുരിതമനുഭവിക്കുന്നത്. ഇത്രകാലമായിട്ടും നല്ലൊരു പാതയില്ല. കാറഡുക്ക പഞ്ചായത്തിലെ ആദൂറിൽനിന്ന് കുക്കുംകൈ വഴിയാണ് ബളവന്തടുക്കയിലേക്ക് എത്തിച്ചേരേണ്ടത്. കുക്കുംകൈ വരെ ടാറിട്ട പാതയുണ്ട്. പിന്നീട് പൊട്ടിപ്പൊളിഞ്ഞ കാട്ടിലൂടെയുള്ള പാതയിലൂടെ രണ്ട് കിലോമീറ്റർ സഞ്ചരിക്കണം. അടുത്തിടെ നിരന്തരമായി കാട്ടാനകളെ റോഡിൽത്തന്നെ കാണുന്നതിനാൽ അതുവഴി യാത്ര തന്നെ പേടിയാണ്.

തൂക്കുപാലത്തിന്റെ പലകകൾ ആഴ്ചകൾക്കുള്ളിൽ തകർന്നു

മാർച്ചിൽ മാറ്റിയിട്ട തൂക്കുപാലത്തിൽ പലകകൾ ആഴ്ചകൾക്കകം പൊട്ടിവീഴാൻ തുടങ്ങി. നിലവിൽ പലതും സിമന്റ് അടർന്നുവീണ് കമ്പികൾ മാത്രമാണ്. ബാക്കിയുള്ളതാകട്ടെ പരക്കെ പൊട്ടിക്കിടക്കുന്നു. എട്ടുലക്ഷത്തോളം രൂപയാണ് അറ്റകുറ്റപ്പണിക്കായി ചെലവഴിച്ചത്.

ബളവന്തടുക്കയിലേക്കുള്ള കാട്ടുപാതയിൽ പലപ്പോഴും വന്യമൃഗങ്ങൾ ഉണ്ടാവുന്നതിനാൽ സ്വകാര്യഭൂമിയിലൂടെ തൂക്കുപാലത്തിന് സമീപത്തേക്ക് നാട്ടുകാർ പണം സ്വരൂപിച്ച് റോഡ് നിർമിച്ചു. 300 മീറ്ററോളം കുത്തനെ ഇറക്കവും കയറ്റവുമുള്ള റോഡിലൂടെ വാഹങ്ങൾക്ക് പോകാൻ പാറ്റാതെയായതോടെ അതും ഉപയോഗശൂന്യമായി. കുക്കുംകൈ മുതൽ ബളവന്തടുക്ക വരെ റോഡിന്റെ നവീകരണത്തിനായി എം.എൽ.എ. 25 ലക്ഷം രൂപ അനുവദിച്ചിരുന്നു. തുകയുപയോഗിച്ച് കൾവർട്ടും സുരക്ഷാഭിത്തിയും നിർമിച്ചിരുന്നു.

ആദൂർ കുക്കുംകൈയിൽനിന്ന് സ്വകാര്യസ്ഥലത്ത് കൂടി നിർമിച്ച പാത കയറ്റവും ഇറക്കവും കുറച്ച് കോൺക്രീറ്റ് ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പാത ഗതാഗതയോഗ്യമാക്കിയാൽ കാട്ടിലൂടെ ചുറ്റിവളഞ്ഞുള്ള രണ്ട് കിലോമീറ്റർ യാത്ര ഒഴിവാക്കാം.

പാണ്ടി-ബളവന്തടുക്ക റോഡിനായുള്ള കാത്തിരിപ്പ്

പാണ്ടിയിൽനിന്ന്‌ വനത്തിലൂടെ ബളവന്തടുക്കയിലൂടെ പാതയുണ്ട്. അതും രണ്ട് കിലോമീറ്ററോളം തകർന്നുകിടക്കുകയാണ്. ഉദുമ എം.എൽ.എ.യുടെ ശ്രമഫലമായി പാണ്ടി ബളവന്തടുക്ക പാത കോൺക്രീറ്റ് ചെയ്യാനുള്ള നടപടികളായി. പാണ്ടിവഴി നല്ല പാതയായാലും 15 കിലോമീറ്റർ ചുറ്റിവളഞ്ഞുവേണം മുള്ളേരിയയിലെത്താൻ. ബളവന്തടുക്ക-ആദൂർ പാത പൂർത്തിയായാൽ മൂന്ന് കിലോമീറ്റർ മതി ചെർക്കള-ജാൽസൂർ സംസ്ഥാന പാതയിലെത്താൻ. ബളവന്തടുക്കയിൽനിന്ന് കാട്ടിലൂടെ പാർത്തകൊച്ചി വഴി മുള്ളേരിയയിലേക്ക് ഒരു കിലോമീറ്റർ ദൂരമേയുള്ളൂ. പക്ഷേ വനത്തിലൂടെ നിലവിൽ സഞ്ചാരപാതയില്ല. മൂന്നുഭാഗം വനവും ഒരുഭാഗം പയസ്വിനിപ്പുഴയുമായതിനാൽ ഒറ്റപ്പെട്ട അവസ്ഥയാണ് ബളവന്തടുക്കക്കാർക്ക്. സുഖമില്ലാതായാൽപോലും പെട്ടെന്ന് ആസ്പത്രിയിലെത്തിക്കാൻ പറ്റില്ല.

കൃഷി പകുതിയാക്കി കാട്ടാനക്കൂട്ടം

പയസ്വിനിപ്പുഴയുടെ ജലസമൃദ്ധിയിൽ നല്ലരീതിയിൽ കൃഷിചെയ്തിരുന്ന സ്ഥലമാണ് ബളവന്തടുക്കയിലുണ്ടായിരുന്നത്. കർണാടക അതിർത്തി കടന്ന് കാട്ടാനക്കൂട്ടം 12 വർഷത്തോളമായി എത്താൻ തുടങ്ങിയതോടെ കൃഷി പകുതിയും നശിച്ചു. പലരും സ്ഥലം വിറ്റും കൃഷി ഉപേക്ഷിച്ചും മറ്റിടങ്ങളിലേക്ക് മാറി. നല്ലൊരു റോഡായാൽ കൃഷി സംരക്ഷിക്കാനും ബുദ്ധിമുട്ടില്ലാതെ കൃഷി ഉത്പന്നങ്ങൾ വിപണിയിലെത്തിക്കാനും ഏറെ സഹായമാകും.

Content Highlights: About 200 families in Balavanthadukka are suffering